പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു പിന്നില്‍ ഒന്നിച്ചണിനിരക്കാന്‍ കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സുധാകരനു വേണ്ടി ശക്തമായി പ്രതികരിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ചും ഇതു കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയമാണെന്നു പ്രചരിപ്പിച്ചും പ്രത്യക്ഷ സമര പരിപാടികളിലേക്കു നീങ്ങാനും നേതാക്കള്‍ തീരുമാനിച്ചു.
സുധാകരനു നേരേ ക്രൈംബ്രാഞ്ച് നടത്തുന്ന നീക്കം പോലീസിന്‍റെ ഒരു സാധാരണ നടപടിയെന്നതിനപ്പുറത്ത് സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലെന്നു കണ്ട് രംഗത്തിറങ്ങാനാണ് പ്രതിപക്ഷ നീക്കമെന്നരത്ഥം. കേസിന്‍റെയും അറസ്റ്റിന്‍റെയും പേരില്‍ സ്ഥാനം ഒഴിയാന്‍ സുധാകരന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും നേതൃത്വം അതിനോടു യോജിച്ചിട്ടില്ല. ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാനുള്ള പുതിയൊരായുധമായിത്തന്നെയാണ് നേതാക്കള്‍ പോലീസ് നടപടിയെ കാണുന്നത്.
പക്ഷെ രാഷ്ട്രീയം വേറേ, ക്രിമിനല്‍ നടപടിക്രമം വേറേ എന്നതാണു സ്ഥിതി. പ്രതിപക്ഷം രാഷ്ട്രീയ മുറകളുമായി റോഡിലിറങ്ങുമ്പോഴും ക്രൈംബ്രാഞ്ച് കേസ് നടപടികളുടെ നൂലാമാലകളുമായി മുന്നോട്ടു പോവുകയായിരിക്കും. വ്യക്തിപരമായി സുധാകരന്‍റെ മാത്രം പ്രശ്നമാകും ഇത്.
മോന്‍സണ്‍ മാവുങ്കല്‍ മുഖ്യ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുണ്ടായിരുന്നതിനാല്‍ സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാല്‍ സുധാകരനെത്തിയത് ജാമ്യമെടുക്കാന്‍ തയ്യാറെടുത്തു തന്നെയാണ്.
ഗള്‍ഫിലെ ഒരു രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 2.62 ലക്ഷം കോടി രൂപാ കിട്ടാനുള്ളത് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളില്‍ കുരുങ്ങി കിടക്കുകയാണെന്നു മോഹിപ്പിച്ചാണ് മോന്‍സണ്‍ മാവുങ്കല്‍ പരാതിക്കാരെ കുടുക്കിയത്.
ഈ തുക വാങ്ങിത്തരാന്‍ സുധാകരന്‍ സഹായിക്കുമെന്നാണ് മോന്‍സണ്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഇതിനു വേണ്ടി മോന്‍സണ്‍ പലപ്പോഴായി പത്തു കോടിയോളം രൂപ വാങ്ങിയിട്ടുണ്ടെന്നും അവസാനം 25 ലക്ഷം രൂപകൂടി ചോദിച്ചതായും പരാതിയില്‍ പറയുന്നു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ തടസങ്ങള്‍ പരിഹരിക്കാമെന്ന് മോന്‍സന്‍റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ സുധാകരന്‍ ഉറപ്പു നല്‍കിയെന്നും പരാതിയിലുണ്ട്. 2018 നവംബര്‍ 22 ന് കൊച്ചി കലൂരിലെ മോന്‍സന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കേട്ടതെല്ലാം വിശ്വസിച്ച് 25 ലക്ഷം രൂപ അന്നു മോന്‍സനു നല്‍കിയെന്നും അതില്‍ 10 ലക്ഷം രൂപ അപ്പോള്‍ത്തന്നെ സുധാകരനു കൈമാറിയെന്നുമാണ് പരാതി.
അന്നു സുധാകരന്‍ കലൂരില്‍ മോന്‍സന്‍റെ വീട്ടിലുണ്ടായിരുന്നതായി പല സാക്ഷികളും നേരിട്ടു മൊഴി നല്‍കിയിട്ടുണ്ട്. മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ അതിജീവിതയും ആ ദിവസം സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്നു മൊഴി നല്‍കിയിട്ടുണ്ട്. സുധാകരന്‍റെ സാന്നിദ്ധ്യം തെളിയിക്കാന്‍ വേണ്ടത്ര ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിരിക്കുന്നു ക്രൈംബ്രാഞ്ച്. പരാതിക്കാര്‍ മജിസ്ട്രേറ്റ് മുമ്പാകെ 164 -ാം വകുപ്പു പ്രകാരമുള്ള രഹസ്യ മൊഴിയും നല്‍കിയിട്ടുണ്ട്.
സുധാകരനെതിരെ വേണ്ടത്ര തെളിവുകളുമായാണു നീങ്ങുന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ഉറപ്പു പറയുന്നതിനു കാരണം ഇതാണ്. തട്ടിപ്പു കേസില്‍ ആദ്യം എഫ്ഐആര്‍ തയ്യാറാക്കിയപ്പോള്‍ സുധാകരന്‍റെ പേരില്ലായിരുന്നുവെന്നും ശ്രദ്ധേയമാണ്. പ്രതികളുടെയും സാക്ഷികളുടെയും മൊഴിയെടുത്തപ്പോള്‍ കൂടുതല്‍ തെളിവു കിട്ടിയെന്നാണു ക്രൈംബ്രാഞ്ച് പറയുന്നതെങ്കിലും ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന കാര്യം വ്യക്തം.
ഭരണത്തിന്‍റെ തലപ്പത്ത് പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയായി എം.വി ഗോവിന്ദന്‍. ഇരുവരും കണ്ണൂരില്‍ നിന്നുള്ളവര്‍. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന്‍റെ അധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂരിലെ തീ പാറുന്ന രാഷ്ട്രീയത്തില്‍ നിന്നു വരുന്ന നേതാവ്.
സുധാകരന്‍ കെപിസിസി അധ്യക്ഷനായ സമയത്തുതന്നെ പിണറായിയുമായി അങ്കം കുറിച്ചതാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷമായപ്പോഴേയ്ക്ക് സര്‍ക്കാരിനെതിരെ പ്രതിപക്ഷാക്രമണത്തിന്‍റെ ശക്തികൂടി. അതിനു നേതൃത്വം നല്‍കിയത് സുധാകരനും. പലപ്പോഴും സുധാകരന്‍റെ ആക്രമണം വ്യക്തിതലത്തിലേയ്ക്കു കടക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാവണം പോലീസിനു മുന്നില്‍ ഇങ്ങനെയൊരു കേസ് കിടക്കുന്ന കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. തെളിവുകള്‍ ഇഷ്ടം പോലെ കിട്ടിയിരിക്കുന്നു പോലീസിന്. കിട്ടിയ അവസരമുപയോഗിച്ച് ആഞ്ഞടിക്കാന്‍ തീരുമാനിക്കുകയായിരുന്നു രാഷ്ട്രീയ നേതൃത്വം.
പക്ഷെ അടി കൊള്ളാന്‍ പോകുന്നത് സുധാകരനോ പ്രതിപക്ഷത്തിനോ? ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വഞ്ചനാ കുറ്റമാണ് സുധാകരനു മേല്‍ ചുമത്തിയിരിക്കുന്നത്. രണ്ടും കല്‍പ്പിച്ചു തന്നെയാണു ക്രൈംബ്രാഞ്ച്. സുധാകരനു പിന്നില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാവുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഒരിക്കല്‍ കൂടി ഇറങ്ങുകയാണ് പരസ്പരം പോരടിക്കാന്‍. രാഷ്ട്രീയ രംഗം ചൂടായിക്കഴിഞ്ഞു.