Advertisment

ജീവിതകാലം മുഴുവന്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്; നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ 53 വര്‍ഷക്കാലവും അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തി, എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും ഈ യാത്ര മുടക്കിയില്ല;  53 വര്‍ഷമാണ് കേരള നിയമസഭാംഗമായി ഇരുന്നത്. അതും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന്, ഒരു തവണ പോലും തോല്‍ക്കാതെ- മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറു ദശകത്തിലേറെ കാലം സ്വന്തം നിലയ്ക്ക് അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി വിടപറയുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എക്കാലത്തും സമര്‍ത്ഥമായ നേതൃത്വം നല്‍കിയ ഉമ്മന്‍ ചാണ്ടി എല്ലാം കൊണ്ടും ഒരു ജനനായകന്‍ തന്നെയായിരുന്നു. എപ്പോഴും ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം ജീവിച്ചു. ജന നന്മയ്ക്കുവേണ്ടി ഭരണചക്രം തിരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലായാലും ഭരണത്തിലായാലും സാധാരണക്കാരായ ജനങ്ങളെ മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചു.

Advertisment

publive-image

എപ്പോഴും ജനങ്ങളോടൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടു കാര്യങ്ങള്‍ പറയാം. പരാതികള്‍ നല്‍കാം. ഓഫീസിലായാലും വീട്ടിലായാലും യാത്രയ്ക്കിടയിലായാലും ജനങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ തടസമൊന്നുമുണ്ടാവില്ല. ആരെന്തു സങ്കടം പറഞ്ഞാലും അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും.


പരിഹാരത്തിനു നേരിട്ടുതന്നെ ശ്രമിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ എന്തായാലും ആരെയും ഫോണില്‍ വിളിക്കാനോ ആര്‍ക്കും കത്തെഴുതാനോ ആദ്ദേഹത്തിന് ഒരു മടിയുമില്ല. 53 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി കേരള നിയമസഭാംഗമായി ഇരുന്നത്. അതും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന്. ഒരു തവണ പോലും തോല്‍ക്കാതെ.


1970 - ലാണ് ഉമ്മന്‍ ചാണ്ടി ആദ്യം നിയമസഭയിലെത്തിയത്. 1970 കോണ്‍ഗ്രസിനെ സംബന്ധിച്ചും ഒരു നിര്‍ണായക ഘട്ടമായിരുന്നു. ഒരു പുതിയ വളര്‍ച്ചയുടെ തുടക്കം കുറിച്ച വര്‍ഷം. അഞ്ചു യുവാക്കളാണ് അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചത്. എല്ലാവരും കെ.എസ്.യു - യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. എ.കെ ആന്‍റണി ചേര്‍ത്തലയില്‍ നിന്നും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും എ.സി ഷണ്‍മുഖദാസ് ബാലുശേരിയില്‍ നിന്നും എന്‍ രാമകൃഷ്ണന്‍ കണ്ണൂരില്‍ നിന്നും കൊട്ടറ ഗോപാലകൃഷ്ണന്‍ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ചു. അഞ്ചു ചെറുപ്പക്കാര്‍ കേരള നിയമസഭയിലേയ്ക്കു നടന്നു കയറിച്ചെന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ സംഭവമായി. അത് കോണ്‍ഗ്രസിനു നല്‍കിയ ഊര്‍ജവും ശക്തിയും ചെറുതായിരുന്നില്ല.

ആദര്‍ശ ശുദ്ധിയുടെയും കറ തീര്‍ന്ന മതേതരത്വത്തിന്‍റെയും അടിത്തറയില്‍ കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പരുവപ്പെടുത്തിയെടുത്തത് എം.എ ജോണ്‍ ആയിരുന്നു. കോണ്‍ഗ്രസിലെ തലമൂത്ത നേതാക്കളെ താഴെയിറക്കി ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റണമെന്ന് എം.എ ജോണ്‍ കെ.എസ്.യുക്കാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും പഠിപ്പിച്ചു. പുതിയ തലമുറയ്ക്കുവേണ്ടി എം.എ ജോണിന്‍റെ നേതൃത്വത്തില്‍ പതിവായി വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.

ഈ പാഠം കോണ്‍ഗ്രസിന്‍റെ പുതിയ തലമുറ ഉള്‍ക്കൊള്ളുകതന്നെ ചെയ്തു. അതിന്‍റെ ഭാഗമായാണ് ആന്‍റണിയും ഉമ്മന്‍ ചാണ്ടിയുമുള്‍പ്പെടെ അഞ്ചു യുവാക്കള്‍ 1970 -ല്‍ നിയമസഭയിലെത്തിയത്.

അതിനു തൊട്ടുപിറ്റേ വര്‍ഷം 1971 -ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍, വയലാര്‍ രവി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ആര്‍. ശങ്കറിനു വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു ചിറയിന്‍കീഴ് ലോക്സഭാ സിറ്റ്. കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിന് ആര്‍. ശങ്കറിനെ ഡല്‍ഹിയില്‍ വേണമായിരുന്നു. കരുത്തനും പ്രഗത്ഭനുമായിരുന്നു ആര്‍. ശങ്കര്‍. കോണ്‍ഗ്രസിന്‍റെ നേതാവെന്ന നിലയിലും കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയിലും എസ്.എന്‍.ഡി.പി യോഗത്തിന്‍റെ നേതാവെന്ന നിലയിലും മികവു തെളിയിച്ച നേതാവ്.

പക്ഷെ 62 വയസുള്ള ആര്‍. ശങ്കറിനു പകരം വയലാര്‍ രവിയെ ചിറയിന്‍കീഴില്‍ നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വയലാര്‍ രവിയ്ക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ് സമ്മര്‍ദം മുറുക്കി. അവസാനം ചിറയിന്‍ കീഴ് സീറ്റ് വയലാര്‍ രവിയ്ക്കു തന്നെ കിട്ടി. വയലാറിന് അന്നു പ്രായം 32 വയസ് !


നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ 53 വര്‍ഷക്കാലവും അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തി. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും ഈ യാത്ര മുടക്കിയില്ല. തിരുവനന്തപുരത്തു ജഗതിയിലെ അദ്ദേഹത്തിന്‍റെ വസതിയുടെ പേരും പുതുപ്പള്ളി ഹൗസ് എന്നു തന്നെ.


കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എറെ ഉയര്‍ന്നെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ച്ചയായി ഭരണത്തില്‍ കാലുറച്ചു നിന്നെങ്കിലും ഒരിക്കലും കേന്ദ്ര ഭരണത്തില്‍ പങ്കുപറ്റാന്‍ അദ്ദേഹം മോഹിച്ചില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം ഡല്‍ഹിയില്‍ ഔദ്യോഗിക യാത്ര നടത്തുമ്പോള്‍ കഴിവതും അന്നുതന്നെ മടങ്ങുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പതിവ്.

അതു പറ്റിയില്ലെങ്കില്‍ വൈകിട്ട് ഏതെങ്കിലും വിമാനത്തില്‍ കയറി രാത്രി മുംബൈയിലെത്തുകയും പിറ്റേന്ന് എത്രയും കാലത്തെ തന്നെ തിരുവനന്തപുരത്തേയ്ക്കു മടങ്ങുകയുമായിരുന്നു അദ്ദേഹത്തിന്‍റെ പതിവ്. പുതുപ്പള്ളിയെയും അവിടുത്തെ ജനങ്ങളെയും ഏറെ സ്നേഹിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചടഞ്ഞു കൂടാന്‍ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.

അതെ ജീവിതകാലം മുഴുവന്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. ലളിതമായ ജീവിതവും കടുത്ത അദ്ധ്വാനവും സ്വന്തമാക്കിയ അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് ഉത്തമമായ ഒരു മാതൃകയായി മാറുകയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി എന്നും ജനങ്ങളോടൊപ്പം ജീവിച്ച ജന നേതാവായിട്ടാകും കേരള രാഷ്ട്രീയ ചരിത്രം ഭാവിയില്‍ അദ്ദേഹത്തെ വിലയിരുത്തുക.

Advertisment