ചെന്നൈ : തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പൊന്‍മുടിയുടെയും മകന്റെയും സ്ഥിരനിക്ഷേപത്തില്‍ സൂക്ഷിച്ചിരുന്ന 41.9 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഏഴ് സ്ഥലങ്ങളിലാണ് ഇന്ന് ഇഡി പരിശോധന നടത്തിയത്. റെയ്ഡില്‍ മന്ത്രിയുടെ വീട്ടില്‍ നിന്ന് 81.7 ലക്ഷം രൂപയും 13 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടിച്ചെടുത്തു. 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.
വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെ പൊന്‍മുടി. മകന്‍ ഗൗതം സിഗമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമാണ്.