ഗുവാഹത്തി: അസമില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അസമിലെ തേസ്പൂരിലെ 4 കോര്‍പ്‌സ് ആസ്ഥാനത്താണ് രാജ്‌നാഥ് സിംഗ് സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിച്ചത്.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ആര്‍.സി. തിവാരി, 4 കോര്‍പ്‌സിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലെഫ്റ്റനന്റ് ജനറല്‍ ഗംഭീര്‍ സിംഗ്, ഇന്ത്യന്‍ കരസേനയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചില മേഖലകളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ആഘോഷവേളയില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ഞങ്ങളുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ ഞങ്ങള്‍ ഒരു സമവായത്തിലെത്തി. നിങ്ങളുടെ അച്ചടക്കവും ധൈര്യവും കൊണ്ടാണ് ഞങ്ങള്‍ ഈ വിജയം നേടിയത്. അദ്ദേഹം സൈനികരോട് പറഞ്ഞു.
സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സമാധാന പുനഃസ്ഥാപന പ്രക്രിയ ഞങ്ങള്‍ തുടരും.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറയുമായിരുന്നു, നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും, എന്നാല്‍ നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ല. അയല്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതാണ് ഇന്ത്യയുടെ വ്യക്തമായ നയമെന്നും അദ്ദേഹം പറഞ്ഞു.