ഭാരതത്തിൽ ആഘോഷങ്ങൾ ഒരിയ്ക്കലും ഒഴിയുന്നതേയില്ല. ദേശീയ തലത്തിൽ ആയാലും പ്രാദേശിക തലത്തിൽ ആയാലും വിവിധ സംസ്ഥാനങ്ങളിലോ മറ്റ് എവിടെയെങ്കിലുമോ ഒക്കെയോ ആയി ഏതെങ്കിലും വിധത്തിലുള്ള ആഘോഷങ്ങളുണ്ടാകും. ആചാരാനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും
ഇതാ, ഇപ്പോൾ ദീപാവലി സമാഗതമായിരിയ്ക്കുന്നു. ഭാരതമെമ്പാടും ദീപാവലി ആഘോഷിയ്ക്കാൻ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഹൈന്ദവരും ജൈനരും സിഖ്കാരും ദീപാവലി ആഘോഷിയ്ക്കുമ്പോൾ ലോകം ഭാരതത്തിലേക്ക് കണ്ണുകൾ തുറക്കും.
അഗ്നിയെ, പൃഥ്യിയെ, വായുവിനെ, മഴയെ, മരങ്ങളെ, സഹജീവികളെ എല്ലാം തുല്യരായി കണ്ട് ആരാധിക്കുകയും സ്നേഹിയ്ക്കുകയും ചെയ്തു ഭാരതിയർ. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ചു.
സായം സന്ധ്യയിൽ അസ്തമയ സൂര്യ കിരണങ്ങളെ നിലവിളക്കിൻ തിരിയിലേയ്ക്ക് ആവാഹിച്ച് ഭവനങ്ങൾ പ്രകാശപൂരിതമാക്കുന്ന വിശ്വാസം. പുലർച്ചെ, നിലവിളക്കിൻ നാളത്തിൽ നിന്ന്, തലേന്ന് സൂര്യനിൽ നിന്ന് കടംകൊണ്ട കിരണങ്ങളെ സൂര്യനിലേയ്ക്ക് തിരിച്ചേൽപിയ്ക്കുന്ന വിശ്വാസ്യത. പകൽ മുഴുവനും നിറഞ്ഞ് നിന്ന് തെളിഞ്ഞ് ഭൂമിയെയും സർവ്വചരാചരങ്ങളെയും കാത്തോളണേ എന്ന സൂര്യനോടുള്ള പ്രാർത്ഥന !
ദീപങ്ങളുടെ ഉത്സവമാണല്ലോ ദീപാവലി. കോടിക്കണക്കിന് മൺചിരാതുകളാണ് ഭാരതത്തിൽ ദീപാവലി നാളുകളിൽ മിഴികൾ തുറക്കുന്നത്. ഭാരത ദേശത്തിന്റെ ചാർച്ചക്കാരായ നേപ്പാളും ശ്രീലങ്കയും ദീപാലംകൃതമാകും.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പാർക്കുന്ന ഭാരതീയരും ദീപാവലി ദിവസം ദീപങ്ങൾ തെളിച്ച് ലോകമാകെ പ്രകാശമാനമാക്കും. അണ്ഡഖടാഹത്തിലെ സഹസ്രകോടി താരകങ്ങളും മാനത്ത് വന്ന് ഭൂമിയിലേക്ക് നോക്കി നിൽക്കും, ഈ ദീപക്കാഴ്ച കാണാൻ.
തുലാമാസത്തിലെ അമാവാസി നാളിൽ ആണല്ലോ കേരളീയർ ദീപാവലി ആചരിയ്ക്കുന്നത്. അമാവാസി ആയത്കൊണ്ട് ചന്ദ്രിക മാനത്ത് വരാറില്ല. ഭൂമിയിലെ ദീപാവലി ദിനത്തിലെ മായക്കാഴ്ചകൾ കാണാൻ അമ്പിളിയ്ക്ക് ഒരിയ്ക്കലും കഴിയത്തില്ല. ആ പരിഭവത്തൊടെ പിറ്റേന്ന്, ചിരിയ്ക്കണോ വേണ്ടയോ എന്ന ശങ്കയിൽ മാനത്ത് വന്ന് ഒന്നെത്തിനോക്കി മറയും ഇന്ദു.
ദീപാവലി ആഘോഷവുമായി ബന്ധമുള്ള ചില ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ നിഗ്രഹിച്ചത്. അസുരനിഗ്രഹത്തിൽ സന്തോഷിച്ച് വിജയശ്രീ ലാളിതനായി വരുന്ന ഭഗവാനെ വഴിത്താരകളിലും വീടുകളിലും ദീപങ്ങൾ തെളിയിച്ചാണ് ജനങ്ങൾ വരവേറ്റത്. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ദീപങ്ങൾ ഒരുക്കി ദീപാവലി ആഘോഷിക്കുന്നു.
രാവണ നിഗ്രഹത്തിന് ശേഷം ശ്രീരാമചന്ദ്രൻ, സീതാലക്ഷ്മണഹനുമത്സമേതനായിഅയോദ്ധ്യയിലേയ്ക്ക് എത്തിയ ദിവസം ജനങ്ങൾ ദീപാവലികൾ തെളിയിച്ചിരുന്നു.
പാലാഴി മഥന സമയത്ത്, പാൽക്കടലിൽ അവതരിച്ച മഹാലക്ഷ്മിയ്ക്ക്, ഭഗവാൻ മഹാവിഷ്ണു പതിയായ ദിവസം ആണ് ദീപാവലി എന്ന് വിശ്വസിക്കുന്നവരും കുറവല്ല.
മഹാവീരൻ എന്ന ജൈന സന്യാസിയുടെ ദേഹവിയോഗം ഉണ്ടായത് തുലാമാസത്തിലെ അമാവാസി നാളിൽ ആയിരുന്നുവല്ലോ. ആ ദിനത്തിൽ ജൈനർ നാടെങ്ങും ദീപങ്ങൾ തെളിയിച്ചിരുന്നു.
കേരളത്തിൽ ദീപാവലി ഒരു ദിവസം ആണ് ആഘോഷിച്ചു വരുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രധാനമായും ഉത്തരേന്ത്യയിൽ അത് അഞ്ച് ദിവസം ആയി വിപുലമായി ആഘോഷിയ്ക്കുന്നു.
മധുര പലഹാരങ്ങൾ ഉണ്ടാക്കുകയും സമ്മാനിയ്ക്കുകയും ചെയ്യുന്നത് വളരെ വിശേഷമാണ് അന്ന്. പടക്കങ്ങൾ പൊട്ടിച്ച് ആഘോഷം ആഘോഷതരമാക്കുകയും ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി നാളുകളിൽ ബന്ധുമിത്രാദികൾ എല്ലാവരും നാടും വീടും അണയും.
വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ഉത്സവം മാത്രമല്ല ദീപാവലി, മധുരത്തിന്റെയും കൂടി ആഘോഷമാണ്. മധുരപലഹാരങ്ങൾ, പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഉള്ളവ, വീടുകളിൽ നിന്ന് വീടുകളിലേക്ക്, ഓഫീസുകളിൽ നിന്ന് ഓഫീസുകളിലേക്ക്, ജീവനക്കാരിലേയ്ക്ക്, രാജ്യത്തിനകത്ത് നിന്ന് രാജ്യത്തിന് പുറത്തേയ്ക്ക്, എംബസികളിലേയ്ക്ക്, എന്ന് വേണ്ട സ്വദേശത്തേയ്ക്കും വിദേശത്തേയ്ക്കും ഭാരതത്തിന്റെ മധുരവിശേഷങ്ങൾ പങ്കിട്ടു കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിയ്ക്കും.
ഒരാഘോഷത്തിന്, പല വിശ്വാസങ്ങൾ, അതാണ് ഭാരതം. വൈവിദ്ധ്യതയിലെ ഏകതാഭാവം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കാലദേശാതീതമായി പുലർത്തിപ്പോന്ന ലോകത്തിന്റെ പുണ്യപുരാതന സാംസ്കാരിക വൈജ്ഞാനിക തലസ്ഥാനമാണല്ലോ ഭാരതം.
ഭാരതത്തിൽ, മനുഷ്യരെ ജാതികളായി വഴിപിഴപ്പിച്ച്, അന്ധകാരത്തിൽ ആക്കുന്നതിനും മുൻപുണ്ടായിരുന്ന വലിയ സാംസ്കാരിക പൈതൃകത്തിന്റെ പതാക വാഹകരായി ഇന്ന് ആരും തന്നെ അവശേഷിയ്ക്കുന്നില്ല.
മഹത്തായ ആ സാംസ്കാരികപ്പെരുമ അധിനിവേശത്തിന്റെ കുളമ്പടികളിൽ ചിന്നിച്ചിതറി അന്യം നിന്നുപോയി. ലോകത്തിന് വെളിച്ചമായിരുന്നു ഭാരതം. "ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകും അന്തരംഗം" എന്ന കവി വാക്യം ഓരോ ഭാരതീയനും വീണ്ടും വീണ്ടും ഉരുവിടുന്നത് ഇക്കാലത്ത് നന്നായിരിക്കും.
ലോകം കുറ്റാക്കുറ്റിരുട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരിയ്ക്കുന്ന കാലമാണ് ഇത്. അവിടെ സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ അന്തിത്തിരി കത്തിയ്ക്കാൻ ആരുമില്ല. കുടുംബബന്ധങ്ങളും രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും പരസ്പര മത്സരങ്ങളിലും ഏർപ്പെടുന്നു. ഉപഭോഗ സംസ്കാരത്തിന്റെ കളിയൂഞ്ഞാലുകൾ നാടും നഗരവും തമ്മിലുള്ള വേർതിരിവും ഇല്ലാതാക്കി.
രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരങ്ങൾ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നു. പരസ്പര ബഹുമാനവും ആദരവും അംഗീകാരവും പേരിനും പ്രശസ്തിയ്ക്കുമായി വഴി മാറുന്നു.
ഭാരതത്തിൽ മതം രാഷ്ട്രീയത്തെ തട്ടിയെടുത്തു എന്ന് പറയേണ്ടിവരുന്നു. അല്ലെങ്കിൽ, രാഷ്ട്രിയം മതങ്ങളിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടു തുടങ്ങി എന്നും പറയാം. ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഐക്യവും സ്നേഹവും ഇല്ലാതായി.
ആസുരശക്തികൾ, നന്മയുടെ പ്രകാശത്തെ ഊതിക്കെടുത്തി. അധർമ്മം പ്രലോഭനവുമായി ഇരുളിൽ വലവീശി. സ്വന്തം രാജ്യത്തെ പൗരൻമാരെ ചതിയ്ക്കാൻ, വീശിയ വലകളിൽ അകപ്പെട്ടവരുടെ മനസ്സിൽ ദീപാവലികൾ പ്രകാശിയ്ക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ജനങ്ങൾക്കിടയിൽ നേരും നെറിയും ഇല്ലാതായി. അഹങ്കാരവും ധിക്കാരവും ധാർഷ്ട്യവും ആക്രമണോത്സുകതയും വർദ്ധിച്ചു. ഭരണാധികാരികൾ അധികാരത്തിന്റെ സുഖലോലുപതയിൽ പള്ളിയുറങ്ങുന്നു. നന്മയുടെ മേൽ തിന്മ അധിനിവേശിച്ചു.
കണ്ണിൽ നോക്കി കള്ളം പറയുന്നവരെ ആദർശധീരരാക്കുന്ന കാലമാണിത്. അബദ്ധജടിലങ്ങളായ പുലമ്പലുകൾ മന്ദബുദ്ധികളെ രസിപ്പിക്കുന്ന കാലമാണിത്. വാക് ശരങ്ങളാൽ മനുഷ്യ ജീവനെടുക്കാമെന്നും നമ്മൾ കണ്ടു. നന്മയുള്ള മനുഷ്യർ കുറഞ്ഞുവരുന്നു.
ഭാരതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാരതജനതയെ ഒന്നിപ്പിക്കുന്നു എന്ന കണ്ടെത്തലുകളിൽ വിറളി പിടിച്ച അന്ധകാരസന്തതികൾ നടത്തുന്ന ഗൂഢമായ ആസൂത്രണങ്ങൾ കാണുമ്പോൾ, ഒരുകാലത്ത് ഭാരതത്തിന്റെ സംസ്കാരസമ്പന്നതയിലും വിജ്ഞാന ബോധത്തിലും ആകൃഷ്ടരായി പൗരാണിക കാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ജിഞ്ജാസുക്കൾ സർവ്വകലാശാലകളിൽ പഠിതാക്കളാകാൻ ഒഴുകിയെത്തിയിരുന്നത് ഓർമ്മിപ്പിക്കുന്നു.
ഋഷീശ്വരന്മാരും മുനിവര്യൻമാരും അവർക്ക് ഗുരുക്കൻമാരായി. ഗുരുഭവനങ്ങൾ, ആഹാരത്തോടൊപ്പം ലാളിത്യവും വിനയവും ക്ഷമയും സത്യസന്ധതയും ആത്മാർത്ഥതയും സ്നേഹവും കാരുണ്യവും ദയയും ശാന്തതയും നൽകി.
ലോകത്തിന്റെ തറവാടായ ഭാരതം, അവർക്കായി ദീപാവലികൾ ഒരുക്കി കാത്തിരുന്നു. ആ ദീപാവലികൾ കണ്ട് കൊതിയോടെ എത്തിയവരുടെ മനസ്സിൽ ആ ദീപം പകർന്നു നൽകിയ വെളിച്ചം അവരെ പ്രകാശിതരാക്കി. അവർ അത് മറ്റ് പലർക്കും നൽകി. പിന്നെ അവർ ലോകത്തിന് അത് പകർന്ന് നൽകി.!
അന്ധകാരത്തെ അകറ്റാൻ വെളിച്ചത്തിന് മാത്രമേ കഴിയൂ എന്ന് പഠിപ്പിയ്ക്കേണ്ട ആവശ്യമില്ലല്ലോ. എന്നാൽ ഒരു കൈത്തിരി പോലും കത്തിച്ച് വയ്ക്കാൻ ഇന്ന് പലർക്കും മടിയാണ്.
അന്ധകാരത്തിൽ ചൂഴ്ന്നു കിടന്ന മറ്റൊരു കാലത്ത്, മനുഷ്യരാശിയെ വെളിച്ചത്തിലേക്ക് നയിക്കാൻ, ലോകത്തിന് വെളിച്ചമായി കാലിത്തൊഴുത്തിൽ മനുഷ്യപുത്രനായി യേശുദേവൻ പിറന്നു. ആ ജനനത്തിന് സാക്ഷിയായ പ്രപഞ്ചം കോരിത്തരിച്ചു. നക്ഷത്രങ്ങൾ ഇമചിമ്മാതെ മാനത്ത് നിന്ന് കൊതിയോടെ ആ ഉണ്ണിയെ നോക്കിനിന്നു.
സ്നേഹമായി, സ്വാന്തനമായി മനുഷ്യരുടെ ഇടയിൽ ജീവിച്ച്, മനുഷ്യരുടെ പാപമോചനത്തിനായി ആ പാപങ്ങൾ സ്വയം ഏറ്റെടുത്ത് കുരിശിൽ മരിച്ച്, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ ആ ദിവ്യ തേജസ്സ് ലോകത്തിന്റെ പ്രകാശമായി ഇന്നും നമ്മോടൊപ്പം ജീവിയ്ക്കുന്നു. ലോകത്തിന് വെളിച്ചമായി വന്ന മിശിഹായുടെ തിരുപ്പിറവി നാടും വീടും ദീപാവലികളാൽ പ്രകാശിപ്പിച്ച് ലോകം ആഘോഷിക്കുന്നു.
വെളിച്ചം നന്മയെ കൊണ്ടുവരും. ആസുര തമോഗർത്തങ്ങളിൽ ധർമ്മത്തിന്റെ, നീതിയുടെ, നന്മയുടെ സ്നേഹത്തിന്റെ ദീപം പകരാൻ നമുക്ക് കഴിയണം. നന്മയും സത്യവും പ്രകാശത്തിലേ ജീവിയ്ക്കുകയുള്ളൂ. അവിടെ പ്രകാശം പരക്കാൻ നമുക്ക് ഒന്നിച്ച് നിന്ന് ദീപാവലികൾ ഒരുക്കാം.