ഡല്‍ഹി: പുതുതായി ഇന്ത്യ വാങ്ങുന്ന 26 റാഫേൽ യുദ്ധവിമാനങ്ങൾ നാവികസേനയുടെ ശേഷി കൂട്ടുന്നതിൻ്റെ ഭാഗമായാണെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് യോജിക്കുന്ന തരത്തിലുള്ള വിമാനങ്ങളാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ 26 യുദ്ധവിമാനങ്ങളും. നിലവിൽ 36 റാഫേൽ വിമാനങ്ങൾ ഇന്ത്യൻ എയർഫോഴ്സ് ഉപയോഗിക്കുന്നുണ്ട്. അതിനോടൊപ്പം 26 വിമാനങ്ങളും ഉടൻ ചേരുമെന്നാണ് ഫ്രഞ്ച് വിമാനനിർമ്മാണ കമ്പനിയായ ദസോ ഏവിയേഷന്റെ പ്രഖ്യാപനം.
നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കുന്നതിനായി പുറപ്പെടുന്നതിനു മുമ്പേ തന്നെ 26 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യയിൽ ഉടലെടുത്തിരുന്നു. എന്നാൽ, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം മാത്രം നടത്തി റാഫേൽ ഇടപാടിനെ പറ്റി ഒരക്ഷരം പോലും മിണ്ടാതെ ഫ്രാൻസിൽ നിന്ന് മടങ്ങുകയാണ് നരേന്ദ്രമോദി.
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങൾ പുറത്തുവന്നത് പോലും മോദി പാരീസിൽ നിന്ന് വിമാനം കയറിയതിനു ശേഷം മാത്രം. നേരത്തെ നടന്ന റാഫേൽ ഇടപാടുകൾ സംബന്ധിച്ച അഴിമതി ഇന്ത്യയിൽ വലിയ ചർച്ചയാക്കിയിരുന്നു പ്രതിപക്ഷം.
വിവാദമായ അനിൽ അംബാനി- റാഫേൽ ബിസിനസ് ഇടപാട് അവസാനിപ്പിക്കുകയാണെന്ന സൂചനകളും പുറത്ത് വന്നിരുന്നു. റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടക്കുന്ന അന്വേഷണങ്ങളിൽ പാരീസിലെ മജിസ്ട്രേറ്റുമാർ ഇന്ത്യൻ ഏജൻസികളുടെ സഹകരണവും തേടിയിട്ടുണ്ട്. അതിൽ കേന്ദ്രസർക്കാർ എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് ഫ്രാൻസും ഇന്ത്യയും.