Advertisment

കൂറ് മാറി നേതാക്കള്‍; അജിത് പവാറിന്റെ എന്‍സിപിയില്‍ ആശങ്ക

പുണെയിലെ ശരദ് പവാറിന്റെ വസതിയിലെത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എന്‍സിപിയുടെ ദയനീയ പ്രകടനവും, റായ്ഗഡ് എന്ന ഒറ്റ സീറ്റ് ബലവും അണികള്‍ക്കിടയിലെ അതൃപ്തിക്ക് മതിയായ കാരണമായിരുന്നു.

New Update
ajit pawar Untitled..90.jpg

മുംബൈ: പാര്‍ട്ടിയിലെ നാലു മുതിര്‍ന്ന നേതാക്കളെ കൂടി നഷ്ടമായതോടെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ക്ഷീണമേറുമെന്നതില്‍ സംശയമില്ല. ഇവരുള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് പവാറിന്റെ പക്ഷം പിടിച്ചതോടെ എന്‍സിപിയുടെ മേലുള്ള സമ്മര്‍ദ്ദം ഇരട്ടിയായി. മഹാരാഷ്ട്രയില്‍ പിംപ്രി – ചിഞ്ച്വാഡ് ജില്ലയിലെ നേതാക്കളാണ് രാജിവെച്ചത്. പിംപ്രി – ചിഞ്ച്വാഡ് ജില്ലാ അധ്യക്ഷന്‍ അജിത് ഗാവ്ഹനെ, ജില്ലയുടെ വിദ്യാര്‍ഥി വിഭാഗം അധ്യക്ഷന്‍ യാഷ് സനെ, മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഭോസാല, പങ്കജ് ഭലേക്കര്‍ തുടങ്ങിയവരും രാജിവച്ചവരില്‍പ്പെടുന്നു.

Advertisment

പുണെയിലെ ശരദ് പവാറിന്റെ വസതിയിലെത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എന്‍സിപിയുടെ ദയനീയ പ്രകടനവും, റായ്ഗഡ് എന്ന ഒറ്റ സീറ്റ് ബലവും അണികള്‍ക്കിടയിലെ അതൃപ്തിക്ക് മതിയായ കാരണമായിരുന്നു. അതുകൊണ്ടുതന്നെ ശരദ് പവാര്‍ ഘടകത്തിലേക്കു തിരികെപ്പോകണമെന്ന് ആവശ്യവും ശക്തമായിരുന്നു.2023ലാണ് അജിത് പാര്‍ട്ടി പിളര്‍ത്തി ഒരു വിഭാഗം എംഎല്‍എമാരുമായി ഏക്‌നാഥ് ഷിന്‍ഡെയുടെയും ബിജെപിയുടെയും മന്ത്രിസഭയില്‍ അംഗമായത്. ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഇതിനു പുറമെ ശരദ് പവാറിന്റെ പുണെയിലെ വീട് സ്ഥിതിചെയ്യുന്ന മോദി ബാഗിലെ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാറിന്റെ സന്ദര്‍ശന ലക്ഷ്യത്തെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലെ മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ സംവരണവിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു സുനേത്രയുടെ ‘മോദി ബാഗ്’ സന്ദര്‍ശനം. അതേസമയം, അജിത് പവാറിന്റെ സഹോദരിയെ കാണാനാണു സുനേത്ര പവാര്‍ മോദി ബാഗിലെത്തിയതെന്ന് എന്‍സിപി നേതാവ് സൂരജ് ചവാന്‍ പ്രതികരിച്ചു.

ncp ajit pawar
Advertisment