Advertisment

കലർപ്പ് - അനു ചന്ദ്ര (കവിത)

New Update
666
വിശകലനവും സാധൂകരണവുമില്ലാത്ത
ഒരു പ്രേമമാണ് വേണ്ടത്.
അതിൽ,
നിശബ്ദവും സമ്പൂർണ്ണവുമായ
ഒരാസ്വാദനവുമാണ് വേണ്ടത്.
ഭാവനാസമ്പന്നമായ മഹത്പ്രേമമല്ല,
മൃദുലവും അതിനോളം നേർത്തതും
പിന്നെ,
ഉൾക്കാമ്പ് തൊട്ട സ്വപ്നദർശനവുമുള്ള യാഥാർത്ഥ്യമാണ് വേണ്ടത്.
വിശുദ്ധിയുടെ അതിവിശുദ്ധി പോലെ,
ഉന്മ പോലെ,
ആത്മാവിന്റെ ഭാഷണം പോലെ,
അഗാധതയുടെ വിസ്മയം പോലെ,
ഉള്ളം നിറയുന്ന പ്രേമം കൊണ്ടിട്ടു മൂടണം.
ഹൃദയം ദൈവമാകുന്ന പ്രേമം,
ഉള്ളം നിറഞ്ഞുതുളുമ്പുന്ന പ്രേമം,
വൈര്യം തൂത്തുമാറ്റുന്ന പ്രേമം,
നന്മയെ കാംക്ഷിക്കുന്ന പ്രേമം,
പാതാളത്തിൽ നിന്നും സ്വർഗ്ഗം കേറ്റുന്ന പ്രേമം,
ഏകാന്തതയെ മറന്നു കളഞ്ഞേക്കാനാവുന്ന പ്രേമം,
ഇത്രയൊക്കെ മതി.
ജീവിതം സുഖമെന്ന് പറയാൻ ഇതിലുപരി മറ്റൊന്നും വേണ്ടതില്ല.
ഹൃദയാർദ്രതയുള്ള ഒരു കാമുകനെ തേടുക,
ഹൃദയാർദ്രതയോടെ പ്രേമിക്കുക
കഠിനവ്യഥകളെ സ്പർശിക്കാതിരിക്കുക.
പ്രേമം ദിവ്യമെന്ന് കരുതുക.
പ്രേമം ദിവ്യമെന്ന് പറയുക.
ശേഷം,
ചിറകും മുളപ്പിക്കുക.
പിന്നെ,
പറന്നു തുടങ്ങുക.
വിശകലനവും വേണ്ട,
സാധൂകരണവും വേണ്ട.
പകരം,
ഹൃദയത്തിൽ പ്രേമം
കലർത്തി ജീവിക്കുക.
സ്വർഗ്ഗീയ മൂർച്ചയോളം ആനന്ദിക്കുക.
Advertisment
Advertisment