New Update
" എന്താ... ഒന്നും മിണ്ടാത്തെ..?"
Advertisment
വയലുകൾ ക്ക് നടുവിലൂടെ പോകുന്ന റോഡിലെ കലുങ്കിൽ ആലോചനയിൽ മുഴുകി ഇരിക്കുന്ന ചന്ദ്രനോട് അയാൾ ചോദിച്ചു.
" എന്നാ...മിണ്ടാനാ.. അല്ലെങ്കിൽ തന്നെ... മിണ്ടീട്ട് എന്നാ പ്രയോജനം.."
" നല്ലൊരു ഓണമായിട്ട്.. ഒരു സന്തോഷം പോലും..ഇല്ലല്ലോ.. മുഖത്ത്..! ആകെ ഒരു നിരാശയാണല്ലോ മുഖത്തും വർത്തമാനത്തിലും.."
" ആണല്ലോ...! അപ്പോ മനസ്സിലാകുന്നുണ്ട്.. പിന്നെ എന്നേത്തിനാ ചോദിയ്ക്കുന്നെ.."
"അല്ല.. ഞാൻ വരുന്ന വഴിയിലെല്ലാം ആളുകൾ നിരാശയരായി സംസാരിയ്ക്കുന്നുണ്ടായിരുന്നു. കടകമ്പോളങ്ങളിൽ ആളുകൾ തീരെ ഇല്ല. കളിച്ച് തിമിർക്കുന്ന കുട്ടികളെയും എങ്ങും കണ്ടില്ല."
" അല്ല....അറിയാൻമേലാഞ്ഞിട്ട് ചോദിയ്ക്കുവാ..നിങ്ങൾ ഏത് നാട്ടുകാരനാ..പത്രോം ടീവിയും ഒന്നും വായിയ്ക്കുന്നൂം കാണുന്നൂമില്ലേ.! മൊബൈൽ ഫോണും ഇല്ലേ..!"
"അതെന്താ അങ്ങനെ ചോദിച്ചേ..?"
" പിന്നെ എങ്ങനെ ചോദിയ്ക്കണം..! സാധനങ്ങൾക്ക് എല്ലാം കൊള്ള വില. ഉപ്പ് തൊട്ട് കർപ്പൂരം വരെ വിലക്കയറ്റമാ. ആർക്കും പണിയില്ല..വരുമാനമില്ല..!"
"കാണം വിറ്റില്ലേ..?"
"അതിന് കാണം ഉണ്ടെങ്കിൽ അല്ലേ.?"
സർക്കാർ വക കിറ്റ് ഇല്ലേ..?"
"അതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാ ഭേദം.!"
"അതെന്താ..?"
" നിങ്ങൾക്ക് റേഷൻ കാർഡ് ഇല്ലേ..എന്നതാ അതിന്റെ നിറം..?"
" ഇല്ലല്ലോ.. "
"ആധാർ കാർഡോ പാൻ കാർഡോ വല്ലോം ഉണ്ടോ.."
"ഇതൊന്നും എനിക്ക് ഇല്ലന്നേ..!"
"ഓ.. നിങ്ങൾ വിദേശ പൗരനായിരിയ്ക്കും...അല്ലേ..?"
"അല്ല..കിറ്റിന്റെ കാര്യം പറഞ്ഞപ്പോൾ റേഷൻകാർഡ് ചോദിച്ചത് എന്തിനാ..?"
"അതോ...സർക്കാര് കേരളത്തിലെ പൗരൻമാരെ ചാതുർവർണ്യത്തിൽ ആക്കിയതാ.!"
" ചാതുർവർണ്യമോ..! അതെന്താ..?"
" ശ്ശോ.. ഇങ്ങേരെക്കൊണ്ട് തോറ്റല്ലൊ..! ചാതുർവർണ്യം എന്നതാണന്ന് പോലും കേട്ടിട്ടില്ലന്ന്..! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്ന് നാല് വിഭാഗങ്ങളായി മനുഷ്യരെ തരം തിരിച്ചില്ലേ..! ദേവതകളെ പൂജിയ്ക്കുന്നവൻ ബ്രാഹ്മണൻ, യുദ്ധം തൊഴിലാക്കിയവൻ ക്ഷത്രിയൻ, കച്ചവടം ചെയ്യുന്നവൻ വൈശ്യൻ, മറ്റ് ജോലികൾ ചെയ്യുന്നവൻ ശൂദ്രൻ.
" ആരാണ് അത് ചെയ്തത്..?"
" ഞാനല്ല.. ആരാന്ന് എനിക്ക് അറിയത്തുമില്ല..!"
" അപ്പോ.. റേഷൻ കാർഡ് വഴി ബ്രാഹ്മണൻ മുതൽ ശൂദ്രൻ വരെയുള്ളവരെ തിരിച്ചറിയാനാകും അല്ലേ..!"
"ഓ...അതല്ലന്നേ... ഇത്.! മറ്റേത് വർഗ്ഗ, വർണ്ണങ്ങളായി തിരിച്ചത്. ചുരുക്കത്തിൽ പറഞ്ഞാൽ നാനാ ജാതികളാക്കി മനുഷ്യരെ മാറ്റി."
"കഷ്ടം.!"
പക്ഷെ ,ഇത് സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ വെള്ള,നീല, പിങ്ക്,മഞ്ഞ നിറങ്ങളിലുള്ള റേഷൻകാർഡുകളിലൂടെ പണക്കാരനെയും ഇടത്തട്ടുകാരനെയും ദരിദ്രനെയും അതിദരിദ്രനെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു സാധനം."
" ഇക്കുറി മഞ്ഞക്കാർഡ് കാർക്ക് മാത്രമേ കിറ്റുള്ളൂ.."
"അതെന്താ..?"
"സർക്കാരിന്റെ കൈവശം പണമില്ല.. എല്ലാവർക്കും കിറ്റ് കൊടുക്കാൻ..!"
"പക്ഷേ, നിങ്ങളെന്തിനാണ് ഇങ്ങനെ വിഷമിച്ചിരിയ്ക്കുന്നത്.?"
" ഞാൻ ഒരു നെൽകൃഷി ചെയ്യുന്ന കർഷകനാണ്. കൂടാതെ,കുറച്ച് സ്ഥലം പാട്ടത്തിന് എടുത്ത് നടുതലകളും ഒക്കെ കൃഷി ചെയ്ത് ജീവിച്ചു വരികയായിരുന്നു."
" മൂന്ന് നാലു വർഷമായി സർക്കാർ ഞങ്ങളുടെ കൈയ്യിൽ നിന്നും എടുത്ത നെല്ലിന് പൈസ തന്നിട്ടില്ല. ബാങ്കിൽ നിന്ന് കടം എടുത്തും വസ്തുവും സ്വർണ്ണവും ഒക്കെ പണയം വച്ചും ഇതുവരെ കൃഷി ചെയ്തു. വലിയ കടക്കെണിയിൽ ആയി. ഇനി ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് തോന്നുന്നില്ല."
"ഓണമായിട്ട് പിള്ളേർക്ക് ഓണക്കോടി എടുത്തിട്ടില്ല . ഓണസദ്യ കൊടുക്കാൻ പറ്റുമോ എന്നും അറിയത്തില്ല. എന്നെപ്പോലെ ആയിരക്കണക്കിന് കർഷകരുടെ സ്ഥിതിയും ഇതുതന്നെ. ആരോട് പറയാൻ.!"
"എന്തൊരു വിധി..!"
അതൊക്കെ പോട്ടെ, താങ്കൾ ആരാ, പേരെന്താ, എവിടെയാ വീട്..?"
അതിന് ഉത്തരമായി അയാൾ ചോദിച്ചു.
" അല്ല.. പണ്ട്..പണ്ട്.. ഇവിടെ ഒരു ചെറിയ രാജ്യം ഭരിച്ചിരുന്ന മഹാബലിയുണ്ടായിരുന്നില്ലേ. അദ്ദേഹം ചിങ്ങമാസത്തിലെ തിരുവോണം നാളിൽ പ്രജകളെ കാണാൻ വരുന്നു എന്ന വിശ്വാസത്തിൽ ആണല്ലോ ഓണം ആഘോഷിയ്ക്കുന്നത്. ഓണപ്പാട്ടിലെ വരികൾ അറിയാമെങ്കിൽ ഒന്ന് പാടിയ്ക്കേ കേൾക്കട്ടെ."
" മാവേലി നാടു വാണീടും കാലം.. മാനുഷരെല്ലാരും ഒന്നുപോലെ..
കള്ളവുമില്ല ചതിയുമില്ല...
എള്ളോള്ളമില്ലാ പൊളിവചനം..
കള്ളപ്പറയും ചെറുനാഴിയും..
കള്ളത്തരങ്ങൾ മറ്റേതുമില്ല..!"
"മതി...മതി..! ഇതൊക്കെ പാടിനടക്കുമെന്നതല്ലാതെ എന്താ. സർവ്വത്ര കള്ളത്തരങ്ങൾ ജനങ്ങൾ പഠിച്ചു. ആർക്കും ആരോടും ആത്മാർത്ഥത ഇല്ല. ഇതൊക്കെ കണ്ടിട്ട് ഇങ്ങോട്ട് വരാനേ തോന്നുന്നില്ല.!"
" അപ്പഴേ...ചന്ദ്രശേഖരാ.. ഞാൻ പോകുവാ.."
" അല്ല...എന്റെ പേരെങ്ങനെ മനസ്സിലായി.!"
"ഞാൻ പോട്ടെ.. ചുമ്മാ ഇതിലെ ഒന്ന് വന്നെന്നേ ഉള്ളൂ. എല്ലാവരും ഒക്കെ ഒന്ന് കാണാമല്ലോ."
"ഇന്നാ...ഓണമല്ലേ..! ഇത് വച്ചോ..കൈ നീട്ടിയ്ക്കേ.."
" യ്യോ.. അതൊന്നും വേണ്ട.. ആദ്യം കാണുന്ന ഒരാളുടെ കൈയ്യിൽ നിന്നും ഒന്നും വാങ്ങുന്നത് ശരിയല്ല."
" അതിന് നമ്മൾ ആദ്യമല്ലല്ലോ ചന്ദ്രാ കാണുന്നത്.?"
"അതെപ്പഴാ നേരത്തെ നമ്മൾ തമ്മിൽ കണ്ടത്.?"
" നമ്മൾ തമ്മിൽ കണ്ടിട്ടില്ലങ്കിലും ഞാൻ നിങ്ങളെ ഒക്കെ കാണാൻ ഈ ഓണം വെക്കേഷനിൽ വരാറുണ്ട്. ഈ വഴിയെ എത്ര തവണ വന്നിരിയ്ക്കുന്നു. ചന്ദ്രശേഖരന്റെ വീടും വീട്ടിലെ എല്ലാവരെയും കൂട്ടുകാരെയും ഒക്കെ എനിയ്ക്ക് അറിയാം. കൈ നീട്ടൂ."
മനസ്സില്ലാമനസ്സോടെ ചന്ദ്രശേഖരൻ കൈ നീട്ടി. തിളങ്ങുന്ന ഒരു രത്നം ചന്ദ്രന്റെ കൈയ്യിൽ കൊടുത്തു.
ഉത്രാട ദിനത്തിലെ കുളിരുള്ള പാതിരാ നിലാവിൽ അയാൾ നടന്നു മറഞ്ഞു. ആറരയടി പൊക്കത്തിൽ, കരിവീട്ടിയുടെ നിറത്തിൽ, യോദ്ധാവിനെപ്പോലെ ബലിഷ്ടാകാരനായ അയാൾ ആരായിരിയ്ക്കും. സൗമ്യമായ, കുലീനത്വം നിറഞ്ഞ വാക്കുകൾ. ആഞ്ജാശക്തിയുള്ള കണ്ണുകൾ. കറുത്ത കട്ടിയുള്ള മനോഹരമായ കൊമ്പൻമീശ.പിന്നിലേയ്ക്ക് നീട്ടി ചീകിയ നീളമുള്ള ഇടതൂർന്ന മുടികൾ. വീട്ടിലേക്ക് നടക്കുമ്പോൾ ചന്ദ്രന്റെ മനസ്സ് അയാളുടെ പുറകേ ആയിരുന്നു.
തിരുവോണദിവസം. പട്ടണത്തിലെ ഒരു സ്വർണ്ണക്കട. കട ഉടമ ചന്ദ്രന്റെ നാട്ടുകാരനും പരിചയക്കാരനും ആയിരുന്നു.
" ചന്ദ്രേട്ടാ..ഈ രത്നം എവിടുന്നാ. വല്ല നിധിയും കിട്ടിയോ. ഇതിന്റെ മൂല്യം എത്രയെന്ന് പറയാൻ പറ്റത്തില്ല. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഇതിന്. ഇതൊന്നും കാണാൻ കിട്ടത്തില്ല."
"ഇതിനെന്നാ വിലവരും ചാക്കോച്ചാ.?"
" എന്റെ നോട്ടത്തിൽ ഒരു അഞ്ച് കോടി വിലമതിയ്ക്കും. ചിലപ്പോൾ അതിനും മേലിൽ ആകാം."
"ചാക്കോച്ചാ... തൽക്കാലം എനിയ്ക്ക് ഒരു നാൽപ്പതിനായിരം രൂപ താ. വീട്ടിൽ ചെന്നിട്ട് അവളെയും പിള്ളേരെയും കൂട്ടി ഓണം കഴിഞ്ഞിട്ട് വരാം."
ചന്ദ്രന് ഒന്നും മനസ്സിലാകുന്നില്ല.
വീട്ടിലേക്ക് തിരികെ മടങ്ങുമ്പോൾ ആറരയടി പൊക്കത്തിൽ കരിവീട്ടിയുടെ നിറത്തിൽ ബലിഷ്ടാകാരനായ അഞ്ജാതൻ ആയിരുന്നു ചന്ദ്രന്റെ മനസ്സിൽ.