Advertisment

പോരുന്നോ കൂടെ, പൂക്കളം കണ്ട് നടക്കാൻ (ഓണപ്പാട്ട്)

New Update
satheesh kalathil poem-7

പോരുന്നോ കൂടെ പൂവിളി കേട്ട് നടക്കാൻ
ഓണപ്പൂവിളി കേട്ട് നടക്കാൻ
പോരുന്നോ കൂടെ പൂക്കളം കണ്ട് നടക്കാൻ 
ഓണപ്പൂക്കളം കണ്ട് നടക്കാൻ

Advertisment

ഒന്നാം ദിനം അത്തം നാൾ
ആദിത്യന്റെ പൊൻതിരുന്നാൾ
മഞ്ഞമുത്തുകൾ പൊഴിഞ്ഞു കിടക്കും
ഒരു നിരയിട്ട പൂക്കളം കാണാം
സമ്പൽ സമൃദ്ധിയുടെ പൂക്കളം കാണാം

പോരുന്നോ കൂടെ പോരുന്നോ കൂടെ
അത്തപ്പൂവിളി കേൾക്കാൻ
അത്തപ്പൂക്കളം കാണാൻ    

ചിത്തിരപ്പൂക്കും രണ്ടാം നാൾ
ചിത്തിരത്തുമ്പികൾ പാറി നടക്കും
വെൺതളിർ പ്രവാളങ്ങൾ ഈണമിട്ട        
രണ്ട് നിരയിട്ട പൂക്കളം കാണാം

പോരുന്നോ കൂടെ പോരുന്നോ കൂടെ
ചിത്തിരപ്പൂക്കളം കാണാൻ

ചോതിപ്പെണ്ണിന്റെ ചോന്ന ചേലൊത്ത
ഗോമേദകപ്പൂക്കൾ മിന്നും പൂക്കളം കാണാം
മൂന്ന് നിരയൊത്ത പൂക്കളം കാണാം

പോരുന്നോ കൂടെ പോരുന്നോ കൂടെ
ചോതിപ്പൂക്കളം കാണാൻ

നാലാം നാളിൽ പുഷ്പരാഗങ്ങൾ നാലായ് വിരിപ്പിട്ട
വിശാഖപ്പൂക്കളം കാണാം
അഞ്ചാം നാളിൽ ഇന്ദ്രനീലപ്പൂക്കൾ അഞ്ചായ് വിരിപ്പിട്ട
അനിഴപ്പൂക്കളം കാണാം

പോരുന്നോ കൂടെ പൂക്കളം  കാണാം
മതിയും കൊതിയും തീരുന്ന ഓണപ്പൂക്കളം കാണാം

മരതകപ്പൂക്കൾ മയങ്ങിക്കിടക്കും തൃക്കേട്ടപ്പൂക്കളം കാണാം
വൈഡൂര്യപ്പൂക്കൾ ഇന്ദ്രജാലം കാട്ടും മൂലപ്പൂക്കളം കാണാം
കാക്കപ്പൂപ്പാടം നിറഞ്ഞ പൂരാടപ്പൂക്കളം കാണാം
മാണിക്യപ്പൂക്കൾ പൂത്തുലഞ്ഞ ഉത്രാടപ്പൂക്കളം കാണാം

ഒടുവിലൊടുവിൽ പത്താം നാൾ
പത്തര മാറ്റിന്റെ പത്തുനിരയിട്ട പൂക്കളം കാണാം
മാരിവിൽ മുത്തുകൾ കോർത്ത തിരുവോണപ്പൂക്കളം കാണാം
തിരുവോണപ്പൂക്കളം കാണാം

പോരുന്നോ കൂടെ പൂക്കളം കാണാൻ ഓണപ്പൂക്കളം കാണാൻ
മാവേലി തമ്പ്രാന്റെ മണിത്തൂവൽ ചിറകുള്ള ചിരി കാണാൻ
തുമ്പപ്പൂക്കളുടെ തൂവെള്ള ചിരി കേൾക്കാൻ

പോരുന്നോ കൂടെ പൂവിളി കേട്ട് നടക്കാൻ
ഓണപ്പൂവിളി കേട്ട് നടക്കാൻ
പോരുന്നോ കൂടെ പൂക്കളം കണ്ട് നടക്കാൻ 
ഓണപ്പൂക്കളം കണ്ട് നടക്കാൻ

-സതീഷ് കളത്തിൽ

Advertisment