Advertisment

കണ്ണിൻ ചിറകിലൊരു മഴത്തുള്ളി  (ഓണപ്പാട്ട്)

New Update
satheesh kalathil poem-6

കണ്ണിൻ ചിറകിലൊരു മഴത്തുള്ളി;

കൺകോണിലെ സ്വപനത്തിൻ കാട്.

കുടമുല്ല തഴുകിവരുന്ന കുളിർകാറ്റ്;

കൊഴിഞ്ഞുതീരാത്ത പുലരിനിലാവ്.

പൂക്കൾ തിങ്ങിയ വാനം; മണ്ണിൽ,

പൂത്താലം തീർക്കുന്ന പുലരികൾ.

(കണ്ണിൻ ചിറകിലൊരു മഴത്തുള്ളി...)

 

മുണ്ടകൻപാടത്തെ ഞാറ്റടിക്കിലുക്കം;

മുണ്ടകംകാവിൻ മിഴികളിലുത്സവമേളം.

നെല്ലിൻ പൂക്കുലകളുടെ സംഗീതം;

നിഴൽത്തുമ്പികളുടെ സ്വച്ഛന്ദ നൃത്തം.

(കണ്ണിൻ ചിറകിലൊരു മഴത്തുള്ളി...)

Advertisment

തീണ്ടാപ്പാടകലെ മുളയ്ക്കുന്ന കുമിള;

തുടിക്കൊട്ടിയൊഴുകുന്ന മനസ്.

അനുരാഗപ്പൂമഴയുടെ പൊഴിച്ചിൽ;

ആറും കടവും ഒന്നാകുന്ന ഭൂമിക.

(കണ്ണിൻ ചിറകിലൊരു മഴത്തുള്ളി...)

ഓർമ്മകൾ പെയ്യുന്ന നീരവതീരം;

ഒഴുകിയെത്തുന്ന തേവുപ്പാട്ട്.

ഇഴഞ്ഞടുക്കുന്ന ഒച്ചിൻ നിസ്വനം;

ഇലയനക്കം നിലയ്ക്കുന്ന നെഞ്ചകം.

(കണ്ണിൻ ചിറകിലൊരു മഴത്തുള്ളി...)

തീക്കനൽപുഴുക്കത്തിൽ ചിങ്ങനിലാവ്;

തീരാത്തിളക്കത്തിൽ ഓണനിലാവ്.

പൂവേ പൊലി പൂവേ പൊലി;

പൂക്കാലം പൊലിഞ്ഞുപോം നിലാവ്!

(കണ്ണിൻ ചിറകിലൊരു മഴത്തുള്ളി...)

-സതീഷ് കളത്തിൽ

Advertisment