തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ
അന്നു നീ വിരുന്നു വന്നപ്പോൾ
എന്റെ നെഞ്ചിനുള്ളിൽ നിറയെ
കഥയുണ്ട് പാട്ടുണ്ട് വസന്തമുണ്ട്
തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ
നീ വരുമ്പോൾ ഞാനെന്തു ചൊല്ലേണ്ടൂ
നിനക്കായ് ഞാനെന്തു കരുതേണ്ടൂ
മധുപമേ നിനക്കു ഞാനെന്തു നല്കേണ്ടൂ
(തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ...)
നീ മുങ്ങിക്കുളിക്കുന്ന കാട്ടാറുകളില്ല
ഓണംവിളിയുടെ കാട്ടുതെന്നലില്ല
തേനെടുത്തുണ്ണാൻ കാട്ടുപ്പൂക്കളില്ല
നീ കണ്ടുമോഹിച്ച ആ ഞാനിന്നില്ല
നീ പ്രണയിച്ച ഞാനില്ല ഞാനിന്നില്ല
(തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ...)
നിന്നെ നിത്യവും മാടി വിളിക്കാറുള്ള
ആ കുഞ്ഞിളം കൈകളിന്നിവിടെയില്ല
സ്വപ്‌നങ്ങൾ വില്ക്കാനറിയാത്ത
മാനവ ജീവിതങ്ങളിന്നില്ല
ഇവിടെ മാബലി രാജരാജ രാജാധിപന്റെ
പൊൻ പ്രജകളില്ല പൊൻ പ്രജകളില്ല
ജീർണ്ണസ്വപ്‌നങ്ങൾ ഉറഞ്ഞുക്കിടക്കുന്ന
മൺപുഴയുടെ സ്മൃതിമണ്ഡപംമാത്രം
ഞാനിന്നൊരു സ്മൃതിമണ്ഡപംമാത്രം
(തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ)
ഇരുളിൽ ശോണിതമാർന്നുപ്പോയൊരു
സ്മൃതിമണ്ഡപംമാത്രം
ഞാനിന്നൊരു സ്മൃതിമണ്ഡപംമാത്രം
ഉരുളിൽ വസന്തമറ്റുപ്പോയൊരു
സ്മൃതിമണ്ഡപംമാത്രം
(തുമ്പീ... തുമ്പീ... മലമുത്തൻ തുമ്പീ...)
-സതീഷ് കളത്തിൽ