Advertisment

യോഗയുടെ സമകാലിക പ്രസക്തി

author-image
admin
Updated On
New Update

publive-image

Advertisment

ഏതെങ്കിലും മതങ്ങളുടെ വേലിക്കെട്ടുകളിൽ തളച്ചിടേണ്ട ഒന്നാണ് യോഗശാസ്ത്രരീതികൾ എന്ന് യോഗസംഹിതകളോ പണ്ഡിതന്മാരോ അവകാശപ്പെടുന്നില്ല. സർവമതങ്ങളുടെയും മീതെയുള്ള മനുഷ്യമതമായാണ് യോഗയെ രൂപകല്പന ചെയ്തത്. മനുഷ്യമനസ്സുകളെ പാർശ്വവൽക്കരിക്കുന്ന സ്വത്വബോധങ്ങൾക്ക് എത്രയോ കാലം മുമ്പേ ഉടലെടുത്തതാണ് യോഗ രീതികൾ. ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തടവറകളിൽനിന്ന് യോഗയെ സ്വതന്ത്രമാക്കുന്നതിനുള്ള പരിശ്രമങ്ങൾ ശുഭസൂചകങ്ങളാണ്.

മനുഷ്യസ്നേഹമെന്ന ആശയപന്ഥാവിലേക്ക് യോഗയെ വളർത്തിയെടുക്കാൻ ജനകീയപ്രസ്ഥാനങ്ങൾ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സൗദി അറേബ്യയിൽ യോഗ ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി ജനങ്ങൾ നടത്തിയ പോരാട്ടം വിജയം കണ്ടെത്തിയത് യോഗ പ്രസ്ഥാനത്തെ കൂടുതൽ വളർത്തി വലുതാക്കിയിരിക്കയാണ്. വിവിധ രാജ്യങ്ങളിലെ ജനവിഭാഗങ്ങൾ ജാതി‐മത‐ഭാഷ‐ലിംഗ‐വർണവ്യത്യാസമെന്യേ തങ്ങളുടെ മാനസിക ശാരീരിക ആരോഗ്യപൂർണതയ്ക്കുവേണ്ടി സ്വീകരിച്ചുവരുന്ന അഭ്യാസരീതിയാണ് യോഗശാസ്ത്രമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിരിക്കുന്നു.

സമാധാനവും സ്വാസ്ഥ്യവും

അരാജകത്വരഹിത സാമൂഹ്യസൃഷ്ടിക്കുതകുന്ന പ്രായോഗിക ശരീര‐മനഃശാസ്ത്രസമീപനം യോഗയിലുണ്ട്. അതുകൊണ്ടാണ് മനഃശാസ്ത്രമേഖലയിലും വിദ്യാഭ്യാസമേഖലയിലും യോഗയെ വിപുലമായി ഉപയോഗപ്പെടുത്തുന്നത്. ഐക്യം എന്ന ആശയമാണ് യോഗശാസ്ത്രം മുന്നോട്ടു വയ്ക്കുന്നത്. ഇളംതലമുറയെ ബാധിക്കുന്ന അരാജകത്വവിധ്വംസക പ്രവർത്തനങ്ങളെ പിഴുതെറിയാനുള്ള കരുത്ത് സമൂഹം ആർജിക്കേണ്ടിയിരിക്കുന്നു. യോഗ ശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന അരാജകത്വവിരുദ്ധ ആശയങ്ങൾക്ക് കരുത്തുപകരുന്നതിന് പൊതു സാമൂഹ്യപ്രസ്ഥാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.

യുനെസ്കോ ലക്ഷ്യമിടുന്ന ജനകീയ ആരോഗ്യ വിദ്യാഭ്യാസ പദ്ധതി ഇത്തരം യോഗ സമ്പ്രദായങ്ങളാണ്. യോഗ ഒരു ക്ലാസിക് ദർശനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.അഹങ്കാരത്തെ അകറ്റി മനസ്സിനെയും ബുദ്ധിയെയും ഒന്നായി ചേർക്കുന്ന അവസ്ഥയാണ് യോഗ ഉയർത്തിപ്പിടിക്കുന്നത്. സമാധാനവും സമ്പൂർണസ്വാസ്ഥ്യവുമാണ് യോഗയുടെ ലക്ഷ്യം. സമചിത്തതാഭാവമാണ് യോഗയുടെ ലക്ഷണം. സന്തോഷംകൊണ്ട് ഉന്മത്തനാകുകയോ ദുഃഖംകൊണ്ട് വിഷാദകലുഷിതമാകുകയോ ചെയ്യാത്ത അവസ്ഥയാണിത്. ശരീരത്തെയും മനസ്സിനെയും സുശക്തമാക്കുന്നതിനും പലവിധത്തിലുള്ള ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളിൽനിന്ന് രക്ഷപ്പെടുന്നതിനും രൂപംകൊടുത്ത രീതിശാസ്ത്രമാണ് ഋഷി സ്വാത്മാരാമന്റെ ഹഠയോഗ പ്രദീപിക എന്ന മൂല ഗ്രന്ഥം.

മനുഷ്യനെ അവന്റെ ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ ശീലിക്കാൻ പ്രേരിപ്പിക്കുകയും അതുവഴി ശരീരത്തിനെയും മനസ്സിനെയും അഭ്യുന്നതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് യോഗശാസ്ത്രപിതാവായ പതഞ്ജലി അഷ്ടാംഗയോഗ എന്ന ഗ്രന്ഥം രചിച്ചത്. പ്രകൃതിയോടും പ്രകൃതിയിലെ ജീവജാലങ്ങളോടും ഇണങ്ങുന്ന ദർശനങ്ങളാണ് പതഞ്ജലി മഹർഷി സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടിയത്.

സോഷ്യൽ എൻജിനിയറിങ് എന്ന ആധുനിക കാഴ്ചപ്പാടിന്റെ ആദ്യരൂപമാണ് യോഗ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യൻ മനുഷ്യനോടും പ്രകൃതിയോടും കാണിക്കുന്ന ചൂഷണം മനുഷ്യരാശിയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന് ആവിഷ്കരിച്ച ചിന്താപദ്ധതിയാണ് അഷ്ടാംഗയോഗ. യമം, നിയമം, ആസനം, പ്രാണായാമം പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണിവ. ഇതിൽ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ ബാഹ്യലോകവുമായി ഇണങ്ങിജീവിക്കുന്നതിന് മനുഷ്യനെ പ്രേരിപ്പിക്കുന്ന ബഹിരംഗ യോഗയാണ്.

തന്റെ ഉള്ളിലുള്ള കഴിവുകൾ കണ്ടെത്താനും സ്വയം വികസിക്കാനും സഹായിക്കുന്ന അന്തരംഗ യോഗയാണ് പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ. തെറ്റിൽനിന്ന് ശരിയിലേക്ക് മനുഷ്യനെ നയിക്കാനും ഹിംസാത്മകവും മോഷണാത്മകവുമായ ചിന്തകളെ അകറ്റി ക്ഷമയോടും അനുകമ്പയോടും സഹജീവികളോട് പെരുമാറാൻ പ്രേരിപ്പിക്കുന്നതാണ് യമദർശനങ്ങൾ. കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കണ്ടെത്തി സന്തോഷപ്രദമായ ജീവിതം നയിക്കാൻ കൽപ്പിക്കുന്നതാണ് നിയമദർശനം.

സങ്കീർണമായ ജീവിതസാഹചര്യങ്ങളിൽ ശരീരാഭ്യാസംകൊണ്ട് മനസ്സിനെ കീഴടക്കുന്ന രീതിയാണ് യോഗാസനങ്ങൾ. “ശരീരമാദ്യം ഖലു ധർമസാധന’’ എന്നാണാചാര്യ വചനം. മനസ്സിനെ മനസ്സുകൊണ്ട് കീഴടക്കാൻ പ്രയാസമാണെന്നും അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും കീഴടക്കാമെന്നും ശാന്തമാക്കാമെന്നുമുള്ള കണ്ടെത്തലാണിത്. യോഗാഭ്യാസംകൊണ്ട് അച്ചടക്കബോധവും ധാർമികബോധവും ഉൾത്തിരിയുന്നവർക്ക് സമൂഹത്തിൽനിന്ന് വഴിതെറ്റിപ്പോകുന്ന തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കും.

ശരീരത്തിലെ മർമപ്രധാനങ്ങളായ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് അവയെ പ്രവർത്തനക്ഷമമാക്കി നിർത്തുന്നതിനും ദൃഢീകരിക്കുന്നതിനും ആസനങ്ങളുപകരിക്കുന്നു. ആസനാഭ്യാസങ്ങൾകൊണ്ട് മാറാത്ത രോഗങ്ങളില്ല എന്നാണ് ഹഠയോഗപ്രദീപിക വെളിപ്പെടുത്തുന്നത്. മനുഷ്യശക്തി പാഴാക്കാതെ ശരീരാന്തർഭാഗത്തുള്ള എല്ലാ അവയവങ്ങളെയും ഇന്ദ്രിയങ്ങളെയും നാഡീവ്യൂഹങ്ങളെയും പോഷകരക്തവും വ്യായാമവും നൽകി അവയുടെ ക്രമീകൃതപ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനും ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാവുന്ന രീതികളാണ് യോഗശാസ്ത്രം അവലംബിക്കുന്നത്.

ശരീരത്തിന്റെ ലഘുത്വവും പ്രവൃത്തി ചെയ്യാനുള്ള ശേഷിയും സാമർഥ്യവും ദുർമ്മേദസ്സിൽനിന്നുള്ള സ്വാതന്ത്ര്യവും സ്വായത്തമാക്കാൻ കഴിയുമെന്ന് പ്രായോഗിക അനുഭവങ്ങളിലൂടെ ജനങ്ങൾക്ക് ബോധ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതര വ്യായാമങ്ങളിൽനിന്ന് വ്യത്യസ്തമായി കുറഞ്ഞ കലോറി വ്യയം ചെയ്ത് ഉയർന്ന ഓക്സിജൻ ശേഖരണം നടത്തുകവഴി കൂടുതൽ ഊർജസംഭരണത്തിന് ഉതകുന്നവയാണിവ. ഇത്തരം മൂല്യാധിഷ്ഠിത യോഗ വ്യായാമരീതികൾ യോഗയുടെ അന്തർദേശീയ വിനിമയനിരക്ക് കൂട്ടുകയും രാജ്യാന്തരങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ സുഖപ്രദമായ നിലനിൽപ്പിന് ചില വ്യവസ്ഥകളുടെയും (അവയവങ്ങളുടെ) ഗ്രന്ഥികളുടെയും പ്രവർത്തനവും പരസ്പരസഹകരണവും ആവശ്യമാണെന്നിരിക്കെ അത്തരം അവയവങ്ങളുടെയും ഗ്രന്ഥികളുടെയും പ്രവർത്തന ക്ഷമത വർധിപ്പിച്ച് സമ്പൂർണ ആരോഗ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും നയിക്കുന്നതിന് യോഗ സഹായിക്കുന്നു. ചില പ്രധാന ആസനങ്ങൾവഴി ശരീരത്തിലെ പ്രധാന ഗ്രന്ഥിയായ അമൃത ഗ്രന്ഥിയെ പ്രവർത്തനക്ഷമമാക്കാനും അവ പുറപ്പെടുവിക്കുന്ന നിർണായകമായ ഹോർമോണുകളെ സമീകരിക്കാനും തദ്വാരാ മറ്റെല്ലാ ഹോർമോണുകളെയും സമതുലിതമാക്കാനും കഴിയുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment