ചിത്രകാരനും എഴുത്തുകാരനുമായ മുഖ്‌താർ ഉദരംപൊയിൽ എഴുതിയ ആദ്യ നോവലാണ് 'പുഴക്കുട്ടി'. ഒരെഴുത്തുകാരന്റെ ആദ്യ നോവലെങ്കിലും എഴുത്തിലെ മിതത്വവും ലാളിത്യവും വാക്കുകളിലെ ദൃഢതയും വായനക്കാരുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു എന്നതാണ് പുസ്‌തകത്തിന്റെ പ്രത്യേകത.
മലപ്പുറം ജില്ലയിലെ കാളികാവ് ആണ് മുഖ്‌താറിൻറെ സ്വദേശം. പിതാവ് ഉദരംപൊയിൽ അബ്ദുൾ ഗഫൂർ. അമ്മ മാട്ടായി മൈമുന. 'പുഴക്കുട്ടി'യുടെ പ്രസിദ്ധീകരണത്തിന് മുമ്പ് മുഖ്‌താർ മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
കള്ളരാമൻ, വിശപ്പാണ് സത്യം, ജിന്നുകുന്നിലെ മാന്ത്രികൻ എന്നിവ. ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ് മുഖ്‌താർ. അതിനാൽത്തന്നെ പുസ്തകത്തിൽ ഉടനീളം നല്ലൊരു എഡിറ്ററുടെ കരവിരുതും കാണുവാനുണ്ട്.
യത്തീംഖാനയിൽ എത്തിച്ചേരുന്ന സൽമാൻ എന്ന കുട്ടിയുടെ കഥയാണ് ഇതെങ്കിലും ഈ ഈ പുസ്തകത്തിൽ നിറയെ അനാഥത്വത്തിൻറെ കാരമുള്ളുകളുടെ വേദന തൊട്ടറിയാം.
ഒരുപാട് അനാഥബാല്യങ്ങളുടെ അനുഭവങ്ങൾ തൊട്ടറിയുന്ന പ്രതീതി. അവരുടെ മനസ്സിൻറെ നൊമ്പരങ്ങൾ, ഉമ്മയും ബാപ്പയും ബന്ധുജനങ്ങളും ആരുമില്ലാതെ നിർഗ്ഗുണപരിഹാര പാഠശാലകളിലെ അന്തേവാസികളെപ്പോലെ ചവിട്ടിമെതിക്കപ്പെടുന്ന ബാല്യങ്ങൾ.
അവരുടെ ഉള്ളിൽ പതിയുന്ന കറുത്ത മുദ്രകൾ. ഇവയൊക്കെ സങ്കീർണ്ണമല്ലാത്ത ഭാഷയിൽ കേവലം 150 താളുകളിൽ കോറിയിടുകയാണ് മുഖ്‌താർ.
'രണ്ട് ആൺകുട്ടികൾ' എന്ന ആദ്യ അധ്യായത്തിന് മുമ്പ് പിരാന്തൻ അബുവിൻറെ വായ്മൊഴിയിൽ, വിശുദ്ധ ഖുറാനിലെ വാക്കുകൾ കാണാം.
ഒരു പ്രവാചകന്റെ ഇടിമുഴക്കനാദം പോലെ കഥയുടെ തുടക്കവും ഒടുക്കവും പിരാന്തൻ അബുവിൻറെ വാക്കുകൾ അന്നും ഇന്നും എന്നും പ്രസക്തമാണ്. അബുവിന്റെ പ്രസംഗം അവസാനിച്ചിട്ടില്ല എന്ന കുറിപ്പോടെയാണ് നോവൽ അവസാനിക്കുന്നത്.
നോവലിൽ ഏറെ പേജുകളിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമല്ല അബു. എങ്കിലും വാക്കുകളിൽ വരയപ്പെടുന്ന അയാളുടെ ചിത്രവും ഗർജ്ജനവും മറവി തട്ടാതെ വായനക്കാരനിൽ ഉണ്ടാകും.
സൽമാനെയും ഇർഷാദിന്റെയും കൂടിക്കാഴ്ചയിൽ നിന്നും യത്തീംഖാനയിലെ ജീവിത പരിസരത്തേക്ക് ചാലിയാർ ഒഴുകുമ്പോലെ കഥ ഒഴുകുന്നു.
യത്തീംഖാനയിൽ എത്തപ്പെടുന്ന സൽമാനിലൂടെയായാണ് കഥ വികസിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ എത്തപ്പെടുന്ന പ്രതീതിയിൽ അവിടെ എത്തിയവൻ, പ്രിയപ്പെട്ടവരെയെല്ലാം വിട്ട് കഴിയേണ്ടിവരുന്ന നാളുകൾ കഠിനമാണെന്ന സത്യം തിരിച്ചറിയുന്നു.
ഉപ്പയുടെ മരണവും ഉമ്മയുടെ മുഖവും ഏകാന്തതയിൽ വേട്ടയാടപ്പെടുന്ന ബാല്യം. പുസ്തകത്തിലെ ഇത്തരം രംഗങ്ങളിൽ മനോഹരമായ വാക്കുകളാലാണ് എഴുത്തുകാരൻ വരയ്ക്കുന്നത്.
'വൈകുംന്നേരമാകുമ്പോൾ എല്ലാവരുടെയും മുഖത്ത് മഴക്കാറ് മൂടും. മാനത്ത് പരക്കുന്ന ചുവപ്പ് അവരുടെ ഉള്ളിലാണ് പരക്കുന്നതെന്ന് തോന്നും. ദിവസമല്ല, ജീവിതംതന്നെ അവസാനിക്കുകയാണെന്ന മട്ടിൽ ഓരോ വൈകുന്നേരവും അവരിൽ വിഷാദം നിറയും'.
ഇത്തരം 'സങ്കടത്തിൻറെ ബസ്സിൽ യാത്രചെയ്യുന്ന' സൽമാനെയും അവന്റെ മനസ്സിലെ 'ചാലിയാർപ്പുഴ പോലെയുള്ള' അടിയൊഴുക്കും നോവലിൻറെ തുടക്കം മുതൽ ഒടുക്കംവരെ വായനക്കാരനെ വിടാതെ പിന്തുടരും.
ഉപ്പയുടെ മരണശേഷം, ഉമ്മ സന്ധ്യയാകുമ്പോൾ അദ്ദേഹത്തിൻറെ കുപ്പായം ഇടുന്നതും യത്തീംഖാനയിൽ അന്തിനേരത്ത് ഉമ്മയുടെ തട്ടം അവൻ മുഖത്ത് മൂടുന്നതും ഒക്കെ വല്ലാത്ത ആർദ്രത വായനക്കാരിൽ ഉണ്ടാക്കുന്ന അനുഭവം.
'വിശപ്പ് എന്താണെന്ന് 'വിശപ്പ്' എന്ന അദ്ധ്യായം പറഞ്ഞുതരുന്നു. കഞ്ഞിയും ചോറുമല്ലാത്ത 'ചോറിഞ്ഞി'യുടെ അനുഭവവും 'വിശപ്പാണ് ഏറ്റവും രുചിയുള്ള കൂട്ടാൻ' എന്ന അടിവരയിടീലും പട്ടിണിയുടെ കാഠിന്യം എത്രയെന്ന് കഥാകൃത്ത് വരച്ചുകാണിക്കുന്നു.
നോവലിൽ ഏറെ ശ്രദ്ദിക്കപ്പെടുന്ന കഥാപാത്രമാണ് ചീഫ് വാർഡൻ. ചുറ്റും ക്രൂരന്മാരാൽ പീഡനം ഏൽക്കപ്പെടുന്ന കുട്ടികൾക്ക് കരുണയുടെ മുഖം. അവഗണനയുടെ ആഴങ്ങളിലും അയാൾ സ്നേഹത്തോടെ കുട്ടികളെ സമീപിക്കുന്നു.
വാർഡ് ഉസ്താദിന്റെയും വാർഡൻ കാക്കയുടെയും പീഡനങ്ങളിൽ നിന്നും സൽമാനെയും മറ്റുള്ള അന്തേവാസികളെയും പലപ്പോഴും രക്ഷിക്കുന്നത് ചീഫ് വാർഡനാണ്. അലിവുള്ള ആ മനുഷ്യൻറെ പിന്നിലും നൊമ്പരത്തിന്റെ കഥകളുണ്ട്.
'ആരുമില്ലാത്ത പുഴക്കുട്ടിയാണ് ഞാൻ' ഇർഷാദിന്റെ വാക്കുകൾ നൈൽ നദിയിലൂടെ മൂസാനബി ഒഴുകിവരുന്നത് ഓർമ്മിപ്പിക്കുന്നു.
തുടക്കം മുതൽ വായനയിലെങ്ങും തട്ടും തടവും ഇല്ലാതെ പുഴപോലെ ഒഴുകുകയാണ് കഥയും കഥാപാത്രങ്ങളും. സ്വജീവിതത്തിൽ മുഖ്‌താർ അനുഭവിച്ച ചൂടും ചൂരും ആത്മാർത്ഥത ചോരാതെ പുസ്തകത്തിൽ ലയിപ്പിച്ചു ചേർത്തിരിക്കുന്നു.
ഷെമിയുടെ 'നടവഴിയിലെ നേരുകൾ' എന്ന പുസ്തകം പോലെ വിശാലമായ ക്യാൻവാസിൽ എഴുതാൻ തക്ക അനുഭവങ്ങൾ ഉണ്ടെങ്കിലും കുട്ടികൾക്ക് പോലും വായനാസുഖം നൽകുന്ന രീതിയിൽ, ലളിതരചന സാധ്യമാക്കിയ എഴുത്തുകാരൻറെ പ്രയത്നത്തിന് ഒരു കയ്യടി.
കഠിന നേരനുഭവങ്ങൾ ഒരിക്കൽ യാത്ര സുഗമമായിത്തീരുവാൻ കാരണമായിത്തീരും എന്ന ലോകതത്വത്തിലാണ് നോവൽ അവസാനിക്കുന്നത്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'പുഴക്കുട്ടി'യുടെ ചിത്രീകരണത്തിന് മുഖ്‌താർ അവലംബിച്ചിരിക്കുന്നത് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആണ്.
കഥയ്ക്ക് യോചിച്ച രീതിയിൽ പിറവികൊണ്ട പുതുമയുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പുസ്തകത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.
താൻ കണ്ടതും അനുഭവിച്ചതുമായ നഗ്‌നസത്യങ്ങൾ വരച്ചിടുവാൻ എഴുത്തുകാരൻ നടത്തുന്ന ശ്രമമാണ് പുഴക്കുട്ടി. എഴുത്തുകാരനും എഴുത്തിലെ കഥാപാത്രങ്ങളും ഒന്നിച്ചു ചേരുന്ന ചാലിയാർ പുഴപോലെയുള്ള ഒഴുക്കാണ് ഈ പുസ്തകം.
-ജോയ് ഡാനിയേൽ