Advertisment

മംഗളം വര്‍ഗീസ് പത്രം തുടങ്ങുന്നു എന്ന വാര്‍ത്ത ഏറ്റവും അങ്കലാപ്പിലാക്കിയത് മനോരമയെ ആയിരുന്നു. ആധുനിക മാധ്യമ മാനേജുമെന്‍റുകള്‍ അന്നൊന്നും ചിന്തിക്കാതിരുന്നവ പ്രാവര്‍ത്തികമാക്കിയ പ്രതിഭയായിരുന്നു എം.സി വര്‍ഗീസ്. ഓരോ തുടക്കങ്ങളിലും എന്തു മാജിക് ആണാവോ വർഗീസ് പുറത്തെടുക്കുക എന്ന് മാധ്യമലോകം ചര്‍ച്ച ചെയ്തു. പക്ഷേ അതൊന്നും അദ്ദേഹത്തിനപ്പുറം ഒരു ചുവട് മുന്നോട്ടുപോയില്ല - പിന്നാമ്പുറങ്ങളില്‍ സാക്ഷി

മനോരമയെ അത്രമേൽ കുന്തമുനയിൽ നിർത്തിയ മംഗളം പത്രത്തിൻ്റെ ശോഭ പിന്നീടു കെട്ടു പോയി. വില കുറച്ചു വിൽക്കുക എന്ന തന്ത്രമാണ് അപ്പോള്‍ മംഗളം കൈക്കൊണ്ടത്. എന്നിട്ടും അത് ക്ലച്ചുപിടിച്ചില്ല. ദാരിദ്രത്തിൻ്റെ ആദ്യ നാളുകൾ കൊടും ദാരിദ്യത്തിൻ്റെ ബാല്യ, യവ്വനകാലഘട്ടത്തെക്കുറിച്ചു പറയാൻ വർഗീസ് മടി കാണിച്ചിരുന്നില്ല.

author-image
സാക്ഷി
New Update
mc varghese

തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ വ്യക്തിത്വമായിരുന്നു മംഗളം സ്ഥാപകൻ എം.സി.വർഗീസിൻ്റേത്. മംഗളം വാരിക കത്തിനിൽക്കുമ്പോൾ പത്രവും കൂടി മംഗളം തുടങ്ങുന്നു എന്ന വാർത്ത പ്രചരിക്കെ, മലയാള മാധ്യമ ലോകം ഒന്നുകൂടി ഞെട്ടി. 1989 ലായിരുന്നു അത്. എന്തു മാജിക് ആണാവോ വർഗീസ് പുറത്തെടുക്കുക ? മലയാള മനോരമയാണ് ഏറ്റവുമധികം ഞെട്ടിയത്.

Advertisment

മനോരമയുടെ എഡിറ്റോറിയൽ, സർക്കലേഷൻ ഇത്രയധികം ഉണർന്ന കാലം വേറെ ഇല്ല. സർക്കുലേഷൻ വിഭാഗം ചെയ്ത അടവുകൾ ചില്ലറയായിരുന്നില്ല. പത്രപ്രവർത്തനത്തിൻ്റെ മർമമറിയാവുന്ന ജോയി തിരുമുലപുരമായിരുന്നു പത്രത്തിൻ്റെ ചുമതലക്കാരൻ. ഒന്നാന്തരം പത്രമായിരുന്നു ആദ്യ നാളുകളിൽ അദ്ദേഹം പുറത്തിറക്കിയത്.


പത്രപ്രവർത്തനം അദ്ദേഹത്തിനു ലഹരിയായിരുന്നു. യഥാർഥ ലഹരിയുടെ പിന്നാലെയും അദ്ദേഹം പോയി. പക്ഷേ, അതൊന്നും അദ്ദേഹത്തിൻ്റെ ജോലിയെ ബാധിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ എം.സി. വർഗീസ്, തിരുമൂലപുരത്തിൻ്റെ പ്രതിഭയെ ഏറെ മാനിച്ചിരുന്നു. ജോലി ചെയ്യുന്നിടത്തു നിന്ന് പിണങ്ങി പോകുക തിരുമുലപുരത്തിൻ്റെ പതിവായിരുന്നു. 


മനോരമ, ദീപിക, ഈ നാട്, മംഗളം, കേരളകൗമുദി.. തിരുമുലപുരം ജോലി ചെയ്യാത്ത പത്രങ്ങളില്ല. മംഗളത്തിൽ നിന്നു പിണങ്ങി പോയ അദ്ദേഹത്തെ രണ്ടാമതും വിളിച്ചു കൊണ്ടുവരാൻ വർഗീസ് മടി കാണിച്ചില്ല. മംഗളത്തെയും എംസി വർഗീസിനെയും കുറിച്ചുള്ള എഴുത്ത് വഴി തെറ്റി ജോയി തിരുമൂലപുരത്തിൽ എത്തി നിൽക്കുന്നതിനാൽ അദ്ദേഹത്തെ അനുസ്മരിച്ച് കേരളകൗമുദിയിലെ വി. ജയകുമാർ അടുത്ത ദിവസം ഇട്ട ഫേസ് ബുക്ക് പോസ്റ്റിലെ ഏതാനും ഭാഗം ഇവിടെ ചേർക്കട്ടെ.

"ജോയി തിരുമൂലപുരത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നു ചോദിച്ചാൽ മാദ്ധ്യമ രംഗത്തെ ഓൾറൗണ്ടർ എന്നു പറയാം. അദ്ദേഹം എഡിറ്റോറിയൽ വിഭാഗം കൈകാര്യം ചെയ്ത് കൈയ്യൊപ്പ് പതിഞ്ഞ പത്രങ്ങളുടെ നിര ഏറെയാണ്. ആദ്യം  ജോയി സാറിന്റെ രസികത്വമാകട്ടെ. കോട്ടയം പ്രസ്ക്ലബ്ബ് ആയിരുന്നു പ്രധാന ഇടത്താവളങ്ങളിലൊന്ന് . നന്നായി ഫോമിലായ ഒരു ദിവസം വീട്ടിൽ കൊണ്ടു വിടാൻ പോയത് ഓഫീസ് സെക്രട്ടറിയായിരുന്ന ഷാജി.  

ഓട്ടോയിൽ കയറ്റി വീട്ടിൽ എത്തിച്ചപ്പോൾ പാതിരാത്രിക്ക് എന്നെയും ചുമന്നു വന്നതല്ലേ കട്ടൻ കാപ്പി കുടിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് ഷാജിയെ വരാന്തയിൽ ഇരുത്തി. ജോയി സാറിനെ അകത്തു കയറ്റി കതകടക്കാൻ ഭാര്യ നോക്കിയപ്പോൾ പുറത്തൊരാൾ ഇരിക്കുന്നു . 'കള്ളൻ കള്ളൻ.. എന്ന് അവർ  ഒച്ച വെച്ച് വിളിച്ചപ്പോൾ ആടിയാടി  ഓടിയെത്തി ആദ്യം ഷാജിയെ തല്ലിയത് ജോയ് സാർ ആയിരുന്നു.

"ഇത് ഞാനാ സാറേ " എന്ന് പലതവണ ഷാജി പറഞ്ഞപ്പോഴാണ് ഈ പാതിരാത്രിക്ക് നീ എന്നാത്തിനാ ഇവിടെ വന്നതെന്ന ജോയി സാറിന്റെ ക്ലാസിക്കൽ ചോദ്യം. 'കട്ടൻ കാപ്പി ഇട്ടു തരാമെന്ന് പറഞ്ഞ് ഇരുത്തിയതാണെന്ന ഷാജിയുടെ മറുപടി കേട്ടപ്പോൾ 'നട്ടപ്പാതിരായ്ക്കല്ലേ അവന്റൊരു കട്ടൻ കാപ്പി' എന്ന് കുഴഞ്ഞ നാക്കോടെ നേരേ നിൽക്കാൻ ബുദ്ധിമുട്ടുന്ന ജോയിസാറിന്റെ മറുപടി കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയെന്ന് ഷാജി ഓർത്തെടുക്കുന്നു." 

ജോയി തിരുമൂലപുരത്തിൻ്റെ രസികത്വത്തെ കുറിച്ചാണ് കൗമുദി ജയകുമാറിൻ്റെ എഴുത്തിൻ്റെ ആദ്യ ഭാഗമെങ്കിൽ രണ്ടാം ഭാഗത്ത് തിരുമൂലപുരം എന്ന മികവുറ്റ പത്രപ്രവർത്തകനെക്കുറിച്ചും എഴുതുന്നുണ്ട്. 

തിരികെ മംഗളം ദിനപത്രത്തിലേക്കു വരാം. മനോരമയെ അത്രമേൽ കുന്തമുനയിൽ നിർത്തിയ മംഗളം പത്രത്തിൻ്റെ ശോഭ പിന്നീടു കെട്ടു പോയി. വില കുറച്ചു വിൽക്കുക എന്ന തന്ത്രമാണ് അപ്പോള്‍ മംഗളം കൈക്കൊണ്ടത്. എന്നിട്ടും അത് ക്ലച്ചുപിടിച്ചില്ല. ദാരിദ്രത്തിൻ്റെ ആദ്യ നാളുകൾ കൊടും ദാരിദ്യത്തിൻ്റെ ബാല്യ, യവ്വനകാലഘട്ടത്തെക്കുറിച്ചു പറയാൻ വർഗീസ് മടി കാണിച്ചിരുന്നില്ല.

നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് പിതാവിനെ കൃഷിയിൽ സഹായിക്കാൻ ഇറങ്ങേണ്ടി വന്നു. പിന്നെ ജീവിക്കാൻ വേണ്ടി അദ്ദേഹം കെട്ടിയ വേഷങ്ങൾ ചില്ലറയല്ല. പത്രവിതരണക്കാരൻ, അൾത്താര ബാലൻ, കഥാ പ്രാസംഗികൻ, കാത്തലിക് മിഷൻ പ്രസ്, ദീപിക എന്നിവിടങ്ങളിൽ പ്രസ് ജീവനക്കാരൻ.. ഒടുവിൽ ബസ് ടിക്കറ്റിൽ നമ്പർ അടിച്ചു കൊടുക്കുന്ന ജോലി ഏറ്റെടുത്തു. 


പിന്നെയൊരു പെഡൽ മെഷീൻ വാങ്ങി അച്ചടി ഏറ്റെടുത്തതിലൂടെയാണ് മാധ്യമ സ്ഥാപനങ്ങളുടെ ഉടമയും കേരളത്തിലെ എണ്ണം പറഞ്ഞ ധനാഠ്യനുമായി വളർന്നത്. എല്ലാക്കാലവും പാട്ടിനെയും സംഗീതത്തെയും അദ്ദേഹം ഒപ്പം കൂട്ടി. മംഗളം കലാ സാഹിത്യ വേദി തുടങ്ങി. 


സ്ത്രീധനമില്ലാത്ത സമൂഹ വിവാഹം 

ഈ ആശയത്തിനു പിന്നിലും എം.സി വർഗീസ് ആയിരുന്നു. അത് അദ്ദേഹം നടപ്പിലുമാക്കി .അതെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: "പണമില്ലാത്ത കാലത്ത് സഹോദരിയുടെ വിവാഹാലോചന വന്നു. അവർ രണ്ടായിരം രൂപ സ്ത്രീധനം ചോദിച്ചു. എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത തുകയായിരുന്നു അത്.  സ്ത്രീധനമില്ലാത്ത സമൂഹം എന്ന ചിന്തയുടെ പിന്നിൽ ഇതായിരുന്നു." 


മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം.റോയി എം.സി.വർഗീസിൻ്റെ വിശ്വസ്ത സഹചാരിയായിരുന്നു. മാടവന ബാലകൃഷ്ണപിള്ളയും അതുപോലെ തന്നെ വർഗീസിൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി. ദീപികയിൽ നിന്ന് വർഗീസ് കൊണ്ടുവന്ന അടിമുടി മാന്യനായ മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ. ഗോപീകൃഷ്ണനായിരുന്നു മംഗളത്തിൻ്റെ എക്കാലത്തെയും സൗമ്യ മുഖം. 


പക്ഷേ വര്‍ഗീസിന്‍റെ കാലശേഷം അതേ ഗോപീകൃഷ്ണന്‍റെ നന്മ തിരിച്ചറിയാനോ എക്കാലവും സ്ഥാനത്തെ സ്നേഹിച്ച അദ്ദേഹത്തെ ഒപ്പം നിര്‍ത്താനോ പുതിയ തലമുറയ്ക്ക് കഴിഞ്ഞില്ല. ആ തലമുറയുടെ കാര്യം പറയാതിരിക്കുന്നതാകും ഭേദം. മനോരമയിൽ നിന്നു പുറത്തുചാടിയ കുര്യൻ പാമ്പാടിയും രാമചന്ദ്രനുമൊന്നും മംഗളത്തിൽ കാര്യമായ സംഭാവന നൽകാനായില്ല. 1933 ൽ ജനിച്ച എം.സി.വർഗീസ് 73-ാം വയസിൽ  അന്തരിച്ചു. 

വാൽക്കഷണം: 'മ പ്രസിദ്ധീകരണങ്ങളുടെ അല്ലെങ്കിൽ പൈങ്കളി വാരികൾ രംഗം കയ്യടക്കുന്നതിനു മുൻപുള്ള കാലത്തെക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകനും പിറവി സിനിമയുടെ തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ "എൻ്റെ പ്രദക്ഷിണവഴികൾ" എന്ന പുസ്തകത്തിൽ വിവരിക്കുന്നതിങ്ങനെ: "മ പ്രസിദ്ധീകരണങ്ങൾ രംഗം കയ്യടക്കിയിരുന്നില്ല അക്കാലത്ത്. ഒരു പക്ഷേ, അതിൻ്റെ തുടക്കം കുറിച്ചത് മലയാള രാജ്യം ചിത്രവാരികയാണെന്നു തോന്നുന്നു. മുട്ടത്തു വർക്കിയും കാനം ഇ ജെ.യും കോട്ടയം പുഷ്പ നാഥും വായനക്കാരെ അപഹരിക്കുന്നതിനു മുൻപ് കെ.ജി.സേതുനാഥിനെപ്പോലെയുള്ളവരുടെ രണ്ടു മൂന്നു നോവലുകൾ മലയാള രാജ്യം വായനക്കാരുടെ "സ്റ്റേപ്പിൾ ഫുഡ് " ആയിരുന്നു "

Advertisment