മാധ്യമ രംഗത്തുള്ളവർ ശമ്പള വർധനയ്ക്കും നേരാം വണ്ണം മാസാമാസം ഉള്ള ശമ്പളം കിട്ടാനും മുറവിളി കൂട്ടുന്ന ഇക്കാലത്ത് ഒരു പ്രതിഫലവുമില്ലാതെ ജോലി ചെയ്യുന്ന ഒരു കൂട്ടം മാധ്യമ പ്രവർത്തകരെ മാധ്യമ സമൂഹംപോലും മറക്കുന്നു. മാധ്യങ്ങളുടെ പ്രത്യേകിച്ച് പത്രങ്ങളുടെ പ്രാദേശിക ലേഖകരാണ് ഇവർ. ഓരോ പത്രങ്ങളിലും നൂറു കണക്കിനു പേരുണ്ട് ഇവർ. ഇക്കാലത്ത് യഥാര്‍ത്ഥ ജോല ചെയ്യുന്നത് ഇക്കൂട്ടരാണ്.
വൻകിട പത്രങ്ങൾ ഇവർക്ക് ചില്ലറ പ്രതിഫലം കൊടുക്കുന്നുണ്ട്. അത് പരമാവധി 20,000 രൂപ. ഒരു പൈസ പോലും പ്രതിഫലം കൊടുക്കാത്ത മാധ്യമങ്ങളാണ് ഏറെയും. അവർക്കുള്ള അട്രാക്ഷൻ ബന്ധപ്പെട്ട പത്രത്തിൻ്റെ വിലാസം ഉപയോഗിച്ച് എവിടെ വേണമെങ്കിലും കയറിച്ചെല്ലാം എന്നതാണ്. വാർത്തകൾ വരുത്താൻ ഓഫീസുകൾ കയറിയിറങ്ങുന്ന രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നേതാക്കൾ ഇവരുടെ മുന്നിലും ബഹുമാനം നടിക്കും.
എവിടെയും കയറിച്ചെല്ലാം എന്നു പറഞ്ഞാൽ ഐഡൻ്റിറ്റി കാർഡ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ കൊടുക്കുമെന്നല്ല. അവർ വേണമെങ്കിൽ സ്വന്തമായി ഐഡൻ്റിറ്റി ഉണ്ടാക്കിക്കോണം. അവരുടെ ജോലിയോ ? രാപകലാണ് അധ്വാനം.
പിറ്റേന്നത്തെ പത്രത്തിൽ ഏതെങ്കിലും വാർത്ത മിസ് ചെയ്താൽ സ്ഥാപനത്തിൽ നിന്നു ശകാരം കേൾക്കേണ്ടതും ഇവർ തന്നെ. ജില്ലാ ലേഖകൻന്മാർ ഓഫീസിൽ സ്വന്തം കസേര മേൽ ഇരിക്കത്തേയുള്ളു. നേരിൽ പോയി വാർത്താ ശേഖരണവും എഴുത്തും എല്ലാം പ്രാദേശിക ലേഖകനാണ്. ബൈ ലൈൻ വാർത്തകൾ (പത്രത്തിൽ പേരു വച്ചുള്ള വാർത്തകൾ ) എഴുതാൻ മാത്രമേ ജില്ലാ ലേഖകരെ കിട്ടുകയുള്ളു.
പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം പത്രങ്ങൾക്ക് പ്രാദേശിക ലേഖകരുണ്ട്. വിവരവും വിദ്യഭ്യസവുമുള്ള നല്ല അനേകം ചെറുപ്പക്കാർ ഇത്തരത്തിൽ പേരും പ്രശസ്തിയും ആഗ്രഹിച്ച് മാധ്യമ രംഗത്തുണ്ട്. മാധ്യമ ലോകം ഒരു അഡിക്ഷനാണ്. ഇവിടെ കയറിക്കഴിഞ്ഞാൽ ഒന്നാന്തരം ചെറുപ്പക്കാർ പിന്നെ വേറൊരു ജോലിക്കും ശ്രമിക്കില്ല. അത്രമേൽ അവരെ ഈ ജോലി ഹരം കൊള്ളിക്കുന്നുണ്ട്.
പണ്ട് പാരലൽ കോളജുകൾ ഉണ്ടായിരുന്ന കാലത്തെ അവസ്ഥയാണ് ഓർമ വരുന്നത്. പാരലൽ കോളജുകളിൽ പഠിപ്പിക്കാൻ കയറുന്ന അധ്യാപകർ ഭൂരിഭാഗവും വേറൊരു ജോലിക്കും അപേക്ഷിക്കുക പോലുമുണ്ടായിരുന്നില്ല. അത്യാവശ്യം പൈസ കിട്ടുമായിരുന്നു. കുട്ടികളുടെ ബഹുമാനം വേറെ. "സാറേ " വിളി ഇക്കൂട്ടരെയും ഹരം കൊള്ളിച്ചിരുന്നു.
കേരളത്തിലെ നമ്പർ വൺ പത്രം ഒരു കാലത്തും പ്രാദേശിക ലേഖകരെ കണക്കുകൂട്ടിയിരുന്നില്ല. മൂന്നാംകിടക്കാരായിരുന്നു അവർ. അവരിൽ യോഗ്യന്മാരായ ചിലരെയെങ്കിലും സ്ഥിരപ്പെടുത്തിയിരുന്നത് കേരളത്തിലെ രണ്ടാമത്തെ പത്രമാണ്. വിദ്യാഭ്യസവും ജോലിയിൽ മികവുമുണ്ടെങ്കിൽ അവർ ഇക്കൂട്ടരെ സ്ഥിരപ്പെടുത്തുമായിരുന്നു.
ഒന്നാം നമ്പർ പത്രം പ്രാദേശിക ലേഖകർക്ക് ബൈലൈൻ കൊടുക്കാൻ തുടങ്ങിയത് അടുത്ത നാളുകളിലാണ്. എന്നാൽ രണ്ടാമത്തെ പത്രം ചെയ്തിരുന്ന തന്ത്രമാണ് ഒന്നാമത്തെ പത്രം പിന്നീട് കടം കൊണ്ടത്. പ്രാദേശിക ലേഖകർക്ക് ആദ്യം ബൈലൈൻ കൊടുത്തു തുടങ്ങിയത് രണ്ടാമത്തെ പത്രമാണ്. അതുകൊണ്ട് എന്തുണ്ടായി. ബൈ ലൈൻ മോഹിച്ച് ആ പത്രത്തിലെ പ്രദേശിക ലേഖകർ "മരിച്ചു "പണി ചെയ്യാൻ തുടങ്ങിേ.
പ്രാദേശിക ലേഖകരുടെ ഒട്ടനേകം സ്പെഷൽ വാർത്തകൾ ആ പത്രത്തിൽ വന്നും തടങ്ങി. അപ്പോഴൊന്നും ഒന്നാമത്തെ പത്രം അനങ്ങിയിരുന്നില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ ഒന്നാമത്തെ പത്രവും ഇപ്പോൾ ബൈലൈൻ കൊടുക്കുന്നു. അപ്പോഴെന്തായി ? ജില്ലാ ലേഖകർ എന്നു പറയുന്ന സ്വന്തം ലേഖകന്മാർ മുഴു മടിയന്മാരായി. മേളിലുള്ളവരെ സുഖിപ്പിച്ചു നിർത്തൽ മാത്രമായി ഇവരുടെ പണി.
പിന്നെ പ്രസ് ക്ലബ്ബുകളായും പാർട്ടികളായുമൊക്കെയായി (എല്ലാവരുമല്ല കേട്ടോ) ഇവർ കാലം നീക്കുന്നു. പ്രതിഭയുടെ തിളക്കം കൂട്ടാനാണത്രെ രാത്രി കാലങ്ങളിൽ ഇവർ കൂടുന്നത്. അങ്ങനെ കൂടിക്കൂടി മുഴുവൻ സമയവും ലഹരിയിലായി ജീവിച്ചു മരിച്ച മാധ്യമ പ്രവർത്തകർ എത്രയെത്ര .തലസ്ഥാന നഗരിയിലെ പത്രക്കാർക്ക് ഈ കലാ പരിപടിക്ക് പ്രത്യേക ലാവണം വേണ്ട.
അവർക്കായി മാത്രം സർക്കാർ ലൈസൻസ് നൽകിയിട്ടുണ്ട്. ഈ സംവിധാനം നിയമവിരുദ്ധമാണെന്നും പൂട്ടിക്കെട്ടണമെന്നുമാവശ്യപ്പെട്ട് ഇന്നു ജ്വലിച്ചു നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തക ഒരിക്കൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. തൻ്റെ ഭർത്താവും മാധ്യമ പ്രവർത്തകനുമായ ദേഹത്തെ ഇവിടെ നിന്നു മോചിപ്പിച്ചെടുക്കാനായിരുന്നു സമരം.
പറഞ്ഞു വന്നത് പ്രാദേശിക ലേഖകരെക്കുറിച്ചാണ്. അവരും സംഘടിച്ചു. ജില്ലാ തലത്തിലുള്ള പ്രസ് ക്ലബ്ബുകൾക്ക് ബദലായി അവർ പ്രസ് സെൻ്ററുകൾ ആരംഭിച്ചു. പ്രസ് ക്ലബ്ബുകൾ ഔദ്യോഗിക മാധ്യമ പ്രവർത്തകരുടെ യൂണിയൻ ഓഫീസ് (കെയുഡബ്ള്യുജെ) ആണെന്നും അവിടെ വാർത്താ സമ്മേളനങ്ങൾ അടക്കമുള്ള പ്രൊഫഷണൽ പരിപാടികൾകൂടി നടത്തുന്നുവെന്നേയുള്ളു എന്നും പറഞ്ഞ് പ്രസ് സെൻററുകൾ പൂട്ടിക്കാൻ ശ്രമം ഒരുപാട് നടത്തിയെങ്കിലും വിജയിച്ചില്ല.
പ്രസ് സെൻ്ററുകൾ യഥേഷ്ടം പൊട്ടി മുളച്ചു. അവിടങ്ങളിൽ മറയില്ലാതെ "കലാപരിപാടിക"ളും അരങ്ങേറുന്നു. പണ്ടത്തെ സ്വന്തം ലേഖകന്മാർ ഏജൻ്റുമാരായിരുന്നു. അവരുടെ സ്ഥാനത്താണ് പ്രാദേശിക ലേഖകർ വരുന്നത്. ഒരു കാലത്ത് ജില്ലാ ലേഖകന്മാരും ഇവരായിരുന്നു.