പാക്കിസ്ഥാനിൽ ഇന്നുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. ഇത്തവണ ആര് ഭരിക്കും ? ആര് ഭരിച്ചാലും കടിഞ്ഞാൺ സേനയുടെ കൈകളിലായിരിക്കും. ജനാധിപത്യം പാക്കിസ്ഥാൻ മണ്ണിൽ ആഴത്തിൽ ഇനിയും വേരോടിയിട്ടില്ല..
സൈന്യത്തിന്റെ ഇടപെടലുകളാണ് ഇതിനുള്ള മുഖ്യകാരണം. അതിന്റെ ഫലമായി രാജ്യത്ത് അരാജകത്വവും അക്രമങ്ങളും വ്യാപകമായി.
തിരഞ്ഞെടുപ്പ് നടന്ന ഫെബ്രുവരി 8 ന് 51 ഇടങ്ങളിലാണ് ബോംബ് സ്ഫോടനം നടന്നത്. 24 ആളുകൾ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാൻ പ്രവിശ്യ ഭാഗികമായി ബലൂച് ലിബറേഷൻ ആർമിയുടെയും പാക്ക് താലിബാന്റെയും നിയന്ത്രണത്തിലാണ്. ഇവരെ പിന്തുണയ്ക്കുന്നത് ഇന്ത്യയും അഫ്‌ഗാനിസ്ഥാനുമാണെന്നാണ് പാക്ക് ആർമിയുടെ നിലപാട്. ബലൂചിസ്ഥാനിൽ വിഘടനവാദം വളരെ ശക്തമാണ്.
പാക്കിസ്ഥാൻ സ്വാതന്ത്ര്യം നേടിയിട്ട് 76 വര്ഷം പിന്നിടുന്നു. ഈ കാലയളവിൽ പാക്കിസ്ഥാനിൽ പ്രധാനമന്ത്രിപദം അലങ്കരിച്ച ഒരാൾ പോലും തങ്ങളുടെ കാലാവധി പൂർത്തിയാക്കുകയുണ്ടായില്ല.
പാക്കിസ്ഥാനിൽ 1956 ,1971 ,1977,1988,1999 ,2008 കാലങ്ങളിൽ സൈന്യത്തിന്റെ ഭരണമായിരുന്നു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലും അവരുടെ ബാഹ്യമായ ഇടപെടലുകൾ പ്രകടമായിരുന്നു.
പാക്കിസ്ഥാനിൽ ഇതുവരെ 21 പ്രധാനമന്ത്രിമാർ ഭരണം കയ്യാളിയിട്ടുണ്ട്. 4 തവണ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സൈന്യം അട്ടിമറിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ അതായത് മൂന്നു പ്രാവശ്യം പ്രധാനമന്ത്രിയായത് നവാസ് ഷെരീഫ് മാത്രമാണ്. അദ്ദേഹം ആകെ 9 വർഷവും 179 ദിവസവും പ്രധാനമന്ത്രിയായി ഭരണം നടത്തി.
നവാസ് ഷരീഫിനെ ജയിലിലാക്കിയ ജനറൽ പർവേഷ് മുഷറഫ് അദ്ദേഹത്തെ തൂക്കിലേറ്റാനുള്ള നടപടികളിലേക്ക് കടന്നിരുന്നു. എന്നാൽ സൗദി അറേബ്യൻ ഭരണാധികാരിയുടെ ഇടപെടലിൽ അദ്ദേഹം മോചിത നാകുകയും വർഷങ്ങളോളം സാദിയിലും ലണ്ടനിലുമായി പ്രവാസ ജീവിതം നയിച്ചുവരുകയുമായിരുന്നു.
ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ ആര് പ്രധാനമന്ത്രിയായാലും പൂർണ്ണമായ നിയന്ത്രണം സൈന്യത്തിനായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല. ആ രാജ്യത്തെ നിയമസംഹിത അത്തരത്തിലാണ് രൂപാന്തരണം പ്രാപിച്ചിരിക്കുന്നത്.