Advertisment

പി.പി മുകുന്ദന്‍ എന്ന ആവേശം; ഒരിക്കലും ബിജെപിയിലേയ്ക്കു തിരികെ വരാന്‍ കഴിയില്ലെന്നറിയാമെങ്കിലും അവസാനം വരെ അങ്ങനെയൊരു വിളി വരുമെന്ന് കാത്തിരുന്ന അദ്ദേഹത്തെ തേടിയെത്തിയത് മരണത്തിന്‍റെ വിളിയാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി എത്തിയ മുകുന്ദന്‍ കേരള രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നു. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു തികഞ്ഞ മതേതര വാദിയായിരുന്ന പി.പി മുകുന്ദന്‍ ഇനി ഓർമ - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update
MUKUNADAN

പി.പി മുകുന്ദന്‍ (77) അന്തരിച്ചു. കേരളത്തിലെങ്ങും അനുയായികളുണ്ടായിരുന്ന ഒരു ബിജെപി നേതാവ്. സ്വയംസേവകനായി തുടങ്ങി ആര്‍എസ്എസ് പ്രചാരകനായി ബിജെപി നേതൃത്വത്തിലേയ്ക്കു നിയോഗിക്കപ്പെട്ട പി.പി മുകുന്ദന്‍ പക്ഷെ ആ പാര്‍ട്ടിയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.

Advertisment

ഒരിക്കലും ബിജെപിയിലേയ്ക്കു തിരികെ വരാന്‍ കഴിയില്ലെന്നറിയാമെങ്കിലും അദ്ദേഹം അവസാനം വരെ അങ്ങനെയൊരു വിളി വരുമെന്നു കാത്തു കാത്തിരുന്നു. മരണത്തിന്‍റെ വിളിയാണ് അദ്ദേഹത്തെ തേടിയെത്തിയത്.

1946 -ല്‍ കണ്ണൂര്‍ മണത്തണയിലെ കൊളങ്ങരയത്ത് വീട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനായി ജനിച്ച പി.പി മുകുന്ദന്‍ 12 -ാം വയസില്‍ത്തന്നെ സ്വന്തം ഗ്രാമത്തിലെ ആര്‍എസ്എസ് ശാഖയില്‍ ചേര്‍ന്നു. സജീവ പ്രവര്‍ത്തകനായി മാറിയതോടെ വിവാഹം വേണ്ടെന്നു വെച്ചു. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം തടവിലായിരുന്നു. 

1991 -ല്‍ ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ആര്‍എസ്എസ് പി.പി മുകുന്ദനെ നിയോഗിച്ചു. സ്വയം സേവകനായി ഒതുങ്ങിക്കഴിഞ്ഞിരുന്ന അദ്ദേഹം പെട്ടെന്ന് പൊതു രാഷ്ട്രീയത്തിന്‍റെ മധ്യനിരയിലേയ്ക്ക് എടുത്തു ചാടി. കേരള രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നു.

കെ. രാമന്‍ പിള്ള ബിജെപി സംസ്ഥാന പ്രസിഡന്‍റും കെ.ജി മാരാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്താണ് പി.പി മുകുന്ദന്‍ സംഘടനാ സെക്രട്ടറിയായത്. സംഭവബഹുലമായ ഒരു കാലഘട്ടം. കേരളത്തില്‍ ബിജെപി എങ്ങനെയും വളരാന്‍ ശ്രമിച്ച കാലം. ബിജെപിയെ എങ്ങനെയും വളര്‍ത്താന്‍ നേതാക്കള്‍ ശ്രമിച്ച കാലം. സര്‍വ തന്ത്രങ്ങളും പയറ്റാന്‍ രണ്ടും തീര്‍ത്ത് ഇറങ്ങിത്തിരിക്കുകയായിരുന്നു പി.പി മുകുന്ദന്‍.

1991 -ല്‍ രാജിവ് ഗാന്ധിയുടെ നിര്യാണത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന പൊതു തെരഞ്ഞെടുപ്പിലായിരുന്നു ബിജെപി നേതാവെന്ന നിലയില്‍ പി.പി മുകുന്ദന്‍ നേരിട്ട ആദ്യ വെല്ലുവിളി. ഇന്നും കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ സിപിഎം പ്രയോഗിക്കുന്ന കോ-ലീ-ബി സഖ്യം രൂപപ്പെട്ടത് അന്നാണ്. കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും കൂടെ കൂട്ടി ഒരു ഐക്യമുണ്ടാക്കാന്‍ ബിജെപി തന്നെയാണു മുന്‍കൈ എടുത്തത്. 

ചരടുവലിച്ചതും തന്ത്രങ്ങള്‍ മെനഞ്ഞതും പി.പി മുകുന്ദന്‍! അങ്ങനെ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യം രൂപമെടുത്തു

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷം നേടിയതോടെ 1987 -ല്‍ അധികാരമേറ്റ ഇ.കെ നായനാര്‍ സര്‍ക്കാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി വി.എസ് അച്യുതാനന്ദന്‍റെ നീക്കമനുസരിച്ച് രാജിവെച്ച് പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചതും ആ സമയത്തായിരുന്നു. അങ്ങനെ 1991 -ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടന്നു.

സിപിഎമ്മിനെ എന്തു വിലകൊടുത്തും പിന്നിലാക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളൊന്നും ഒരിക്കലും നടക്കാത്ത സാഹചര്യത്തില്‍ രണ്ടോ മൂന്നോ സീറ്റിലെങ്കിലും കടുത്ത മത്സരമുറപ്പിക്കാനും നിയമസഭയില്‍ പ്രാതിനിധ്യം നേടാനുമുള്ള ശ്രമമെന്ന നിലയിക്കാണ് മുസ്ലിം ലീഗുമായും കോണ്‍ഗ്രസുമായും ചെറിയ തോതില്‍ കൂട്ടുകൂടാന്‍ പി.പി മുകുന്ദന്‍ തന്ത്രമൊരുക്കിയത്.

പക്ഷേ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്കുതന്നെ വിവരം ചോര്‍ന്നു. ഇതു കോ-ലീ-ബി സഖ്യമെന്നു പറഞ്ഞ് സിപിഎം കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ബിജെപിയെയും ആക്ഷേപിച്ചു. ഇന്നും തരം കിട്ടുമ്പോഴൊക്കെ സിപിഎം നേതാക്കള്‍ ഈ പല്ലവി ഉരുവിടാറുണ്ട്.

പാര്‍ട്ടി അണികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു പി.പി മുകുന്ദന്‍. അണികള്‍ വളരെ സ്നേഹത്തോടെ അദ്ദേഹത്തെ 'മുകുന്ദേട്ടാ' എന്നു വിളിച്ചു. പക്ഷേ പാര്‍ട്ടിയില്‍ അദ്ദേഹം നേതാക്കള്‍ക്കു വേണ്ടാത്തവനായി. പാര്‍ട്ടി സംഘടനാ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിനു നഷ്ടമായി. പാര്‍ട്ടിയിലേയ്ക്കു തിരികെ വരാന്‍ അദ്ദേഹം ഏറെ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

പാര്‍ട്ടി നേതൃത്വത്തിനു മിസ്‌ഡ് കോള്‍ കൊടുത്താല്‍ പി.പി മുകുന്ദന് അംഗത്വം നല്‍കാമെന്ന ഒരു മുതിര്‍ന്ന നേതാവിന്‍റെ ക്രൂരമായ പ്രസ്താവന അദ്ദേഹത്തെ ഏറെ നോവിച്ചു. എങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു. എന്നെങ്കിലും പാര്‍ട്ടിയിലേയ്ക്കു തിരികെ വരാന്‍ കഴിയുമെന്ന് അദ്ദേഹം അവസാനം വരെ പ്രതീക്ഷിച്ചു.

പാര്‍ട്ടിക്കും ഹിന്ദുത്വത്തിനും അതീതമായി ഏറെ വ്യക്തിബന്ധങ്ങളുള്ള നേതാവായിരുന്നു പി.പി മുകുന്ദന്‍. ക്രൈസ്തവ സഭാദ്ധ്യക്ഷന്മാര്‍ ഉള്‍പ്പെടെ സമുദായ നേതാക്കളുമായും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അദ്ദേഹം എപ്പോഴും അടുത്ത ബന്ധം സൂക്ഷിച്ചു.

പി.പി മുകുന്ദന്‍ എനിക്കും എന്നും ഒരു നല്ല സുഹൃത്തായിരുന്നു. മിക്കപ്പോഴും അദ്ദേഹം വിളിക്കും. കുശലം പറയാനും സൗഹൃദം പുതുക്കാനും. ചാനലുകളില്‍ ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ബിജെപിയുടെ എന്തെങ്കിലും വിഷയം വന്നാല്‍ രാത്രി എന്നെ ഫോണില്‍ വിളിക്കുക പതിവായിരുന്നു.

ബിജെപിയുടെ നേതൃത്വത്തോട് അകന്നു നിന്നിരുന്ന അദ്ദേഹം എന്‍റെ അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റേതായ വിവരണവും തരും. വല്ലപ്പോഴും കാണുമ്പോള്‍ സ്വാഭാവികമായുള്ള പ്രസന്നതകൊണ്ടും വാത്സല്യം കൊണ്ടും വീര്‍പ്പുമുട്ടിക്കും.

ആ സ്നേഹവായ്പ് മാഞ്ഞുപോയി. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു തികഞ്ഞ മതേതര വാദിയായിരുന്ന പി.പി മുകുന്ദന്‍ എനിക്ക് ഒരു വലിയ സുഹൃത്തുതന്നെയായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞുതരാന്‍ ധൈര്യമുള്ള ഒരു മുതിര്‍ന്ന സുഹൃത്ത്.

Advertisment