Advertisment

ക്രോധം ത്യജിക്കാനും ശാന്തിയെ ഭജിയ്ക്കാനും പഠിപ്പിച്ച രാമൻ ഈ ആർപ്പുവിളികളെ എങ്ങനെയാകും കാണുക ? ബാബ്റി മസ്ജിദ് തകര്‍ത്ത് അവിടെ ശ്രീരാമന്‍റെ പേരില്‍ പണിത ക്ഷേത്രം പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്യുന്നതു കണ്ട് നോവുന്ന മനസുമായി പഴയ ഓര്‍മകളും രാമായണ വരികളും കുറിക്കുകയാണ് ശ്രീജന്‍. ശ്രീജന്‍റെ ശ്രീരാമന്‍ എത്ര വലിയവന്‍ ! ഭരതനും ! - അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്

New Update
H

ക്രോധം ത്യജിക്കാനും ശാന്തിയെ ഭജിയ്ക്കാനും പഠിപ്പിച്ച രാമൻ ഈ ആർപ്പുവിളികളെ എങ്ങനെയാകും കാണുക ? - പ്രശസ്ത പത്രപ്രവർത്തകൻ ബി. ശ്രീജന്‍റെ മൂർച്ചയേറിയ വാക്കുകൾ തീക്കനൽ പോലെ പൊള്ളലേൽപ്പിക്കുന്നു.

Advertisment

ഭരണവും അധികാരവും ഊട്ടിയുറപ്പിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഗൂഢലക്ഷ്യത്തെ തുറന്നു കാട്ടുന്ന വാക്കുകളിൽ ഒരു വലിയ പത്രപ്രവർത്തകന്‍റെ കലങ്ങി ഉലയുന്ന മനസിൽ നിന്നു അടർന്നു വീഴുന്ന ക്ഷോഭവും പ്രതിഷേധവും കാണാം. 

'മലയാള മനോരമ'യിൽ തിരുവനന്തപുരത്ത് റിപ്പോർട്ടറായി തുടങ്ങി 'ഇന്ത്യൻ എക്സ്പ്രസി'ലും പിന്നെ 'ടൈംസ് ഓഫ് ഇന്ത്യ'യിലും പ്രവർത്തിച്ചു ഇപ്പോൾ 'ദ ഫോർത്ത് ' എന്ന ഡിജിറ്റൽ ചാനലിന്‍റെ നായകനായി തിരുവനന്തപുരത്തു താമസിക്കുന്ന ബി. ശ്രീജന്റെ "രാമരാജ്യ ഭൂപടത്തിൽ എവിടെയാവും അയോദ്ധ്യ?"എന്ന പ്രൗഢ ഗംഭീരമായ ലേഖനം ഇന്നത്തെ ഭാരതാംബയുടെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി ഉയർന്നു നിൽക്കുന്നു. 

ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ അഞ്ചു നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മുസ്ലിം പള്ളി 'ജയ് ശ്രീറാം' വിളികളുടെ അകമ്പടിയോടെ ഒരു സംഘം ഹിന്ദുക്കൾ പൊളിച്ചു കളഞ്ഞ വാർത്ത 1992 ഡിസംബർ ഏഴിന് പത്രങ്ങളിൽ വായിക്കുമ്പോൾ തന്നെ കുഴക്കിയത് മുഴുവൻ തലേ വര്‍ഷം പത്താം ക്ലാസിൽ ഹൃദിസ്ഥമാക്കിയ അയോദ്ധ്യ കാണ്ഡത്തിലെ ലക്ഷ്മണ സ്വാന്തനത്തിലെ വരികൾ ആയിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീജൻ ലേഖനം തുടങ്ങുന്നത്. ശ്രീരാമ നാമവും ശ്രീരാമ കഥയുമൊക്കെ കുഞ്ഞുന്നാളിലേ പരിചിതമായിരുന്നുവെങ്കിലും അദ്ധ്യാത്മ രാമായണത്തിന്‍റെ ഈണവും പരപ്പും അറിഞ്ഞു തുടങ്ങിയ കാലമായിരുന്നു അതെന്നും ശ്രീജൻ ഓർമിച്ചെടുക്കുന്നു. 

ലേഖനത്തിൽ ശ്രീജൻ 'അദ്ധ്യാത്മ രാമായണ'ത്തിൽ നിന്ന് ഉദ്ധരിക്കുന്ന വരികൾ:

തത്ര കാമക്രോധ ലോഭ മോഹികൾ ശത്രുക്കളാകുന്നതെന്നുമറിക നീ 

മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നതിൽ ക്രോധമറികെടോ

മാതാപിതൃ ഭ്രാതൃമിത്ര സഖികളെ 

ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ 

ക്രോധം മൂലം മനസ്താപമുണ്ടായ് വരും

ക്രോധമൂലം നൃണാം സംസാരബന്ധമാം

ക്രോധമല്ലോ നിജധർമക്ഷയകരം 

ക്രോധം പരിത്യജിക്കേണം ബുധജനം

ക്രോധമല്ലോ യമനായതു നിർണയം

വൈതരണ്യാഖ്യയാകുന്നതു ത‍ൃഷ്ണയും 

സന്തോഷമാകുന്നതു നന്ദനം വനം

സന്തതം ശാന്തിയേ കാമസുരഭി കേള്‍

ചിന്തിച്ചു ശാന്തിയെത്തന്നെ ഭുജിക്ക നീ

സന്താപമെന്നാലൊരു ജാതിയും വരാ

(ലക്ഷ്മണ സാന്ത്വനം: അയോധ്യ കാണ്ഡം)

രാജ്യം പരിത്യജിച്ച് വനവാസത്തിനു പോകാന്‍ രാമന്‍ ഒരുങ്ങി നില്‍ക്കുന്ന രംഗം വിശദീകരിക്കുന്ന വരികളാണ് ശ്രീജന്‍ 'അയോദ്ധ്യാ കാണ്ഡ'ത്തില്‍ നിന്ന് ഉദ്ധരിക്കുന്നത്. കൈകേയിയുടെ നിര്‍ബന്ധത്തില്‍ പിതാവായ ദശരഥന്‍ കൈക്കൊണ്ട ആ തീരുമാനത്തിലെ അനീതി ചൂണ്ടിക്കാട്ടി അതിനു കാരണക്കാരായവരോടുള്ള രോഷം പ്രകടിപ്പിച്ച ലക്ഷ്മണനെ എത്ര ശാന്തയോടെയും പക്വതയോടെയുമാണ് രാമന്‍ സാന്ത്വനിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു ശ്രീജന്‍. "ദു:ഖമില്ലാതാക്കാനുള്ള ഒറ്റമൂലിയായി രാമന്‍ നിര്‍ദേശിക്കുന്നത് ശാന്തിയെ ഭജിക്കാനാണ്", ശ്രീജന്‍ ഓര്‍മിപ്പിക്കുകയാണ്. 

"തനിക്ക് അര്‍ഹമായ രാജ്യം ചതിയിലൂടെ കൈക്കലാക്കിയ ചെറിയമ്മയോടോ രാജധര്‍മം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട അച്ഛനോടോ ഒട്ടുമേ കന്മഷം ഇല്ലാതെ പിതൃശാസന ശിരസാ വഹിച്ചു വനവാസത്തിനു പോയ മര്യാദ പുരുഷോത്തമനാണ് എന്‍റെ രാമന്‍", ശ്രീജന്‍റെ വിങ്ങിപ്പൊട്ടുന്ന വാക്കുകള്‍. ശ്രീജന്‍ തുടങ്ങുന്നതിങ്ങനെ: "അയോദ്ധ്യാ രാജ്യത്ത് അദ്ദേഹത്തിന്‍റെ തന്നെ പ്രജകളായ കുറെയധികം ആള്‍ക്കാര്‍ ഈശ്വരനെ ആരാധിക്കുന്ന ആലയം തച്ചു തകര്‍ക്കുന്ന തന്‍റെ ഭക്തരെ ഓര്‍ത്ത് ശ്രീരമന്‍ എന്തു കരുതിക്കാണുമെന്ന ചിന്ത അന്നു മുതല്‍ തന്നെ അലട്ടുന്നുണ്ട്." 

"ശ്രീരമാന്‍ ഏറ്റവും നികൃഷ്ടമായി കണ്ട ക്രോധത്തിന്‍റെ ആള്‍രൂപങ്ങളായല്ലേ ബിജെപിയുടെ അന്നത്തെ തല മുതിര്‍ന്ന നേതാക്കള്‍ മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സംഘപരിവാര്‍ അണികള്‍ വരെ അയോദ്ധ്യയില്‍ അന്ന് അണിനിരന്നത് ? അവിടെ ഊറിയടിഞ്ഞ ക്രോധത്തിന്‍റെ കരുത്തിലല്ലേ ബാബ്റി മസിജിദിന്‍റെ അഞ്ചു മിനാരങ്ങളും വീണുടഞ്ഞത് ?" ശ്രീജന്‍റെ ചോദ്യങ്ങള്‍ ചാട്ടുളിപോലെ പായുകയാണ്.

വാല്‍മീകി മഹര്‍ഷിയോട് നാരദന്‍ പറയുന്ന കഥയില്‍നിന്നാണ് രാമായണത്തിന്‍റെ ഉത്ഭവമെന്ന് ശ്രീജന്‍ ചൂണ്ടിക്കാട്ടുന്നു. ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥ മഹാരാജാവിന്‍റെ മൂത്ത മകന്‍ രാമനാണെന്നത്രെ നാരദന്‍ പറയുന്നത്. അങ്ങനെയുള്ള ശ്രീരമന്‍ സകല ചരാചരങ്ങളുടെയും പിതൃസ്ഥാനത്തു നില്‍ക്കാന്‍ യോഗ്യതയുള്ള ആളാണെന്നാണ് അധ്യാത്മരാമായണം പറയുന്നത് എന്നും ശ്രീജന്‍ വിശദീകരിക്കുന്നു.

വീണ്ടും അധ്യാത്മ രാമായണത്തിലെ വരികള്‍ കുറിച്ചുവെയ്ക്കുകയാണ് ശ്രീജന്‍.

"സര്‍വപ്രപഞ്ചത്തിനും ബിംബഭൂതനായ്

സര്‍വോപരിസ്ഥിതനായ്, സര്‍വസാക്ഷിയായ്,

തേജോമയനാം പരന്‍ പരമാത്മാവ്

രാജീവലോചനനാകുന്ന നിയല്ലോ !

നിങ്കല്‍ നിന്നുണ്ടായിവരുന്നിതു ലോകങ്ങള്‍

നിങ്കല്‍ പ്രതിഷ്ഠിതമായിരിക്കുന്നതും

നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ

നിന്‍ കളിയാകുന്നിതൊക്കെയോര്‍ക്കും വിധൗ

കാരണമെല്ലാറ്റിനും ഭവാന്‍ നിര്‍ണയം

നാരായണ, നരകാരേ, നരാധിപ"

(നാരദാ രാഘവ സംവാദം, അയോദ്ധ്യാ കാണ്ഡം)

ഈരേഴുലോകവും സ്വന്തം വീടുതന്നെയായ ശ്രീരാമനെ, അദ്ദേഹം ജനിച്ചുവെന്നു കരുതപ്പെടുന്ന ഒരു ചെറിയ ഭൂപ്രദേശത്തേക്ക് ആവാഹിക്കുന്ന പ്രക്രിയയല്ലേ ഇപ്പോള്‍ അയോദ്ധ്യയില്‍ നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തുകയാണ് ശ്രീജന്‍.

ഹിന്ദുമതത്തിന്‍റെ ഏറ്റവും ജനകീയനായ ലോക അംബാസഡറാണ് ശ്രീരാമനെന്നും ശ്രീജന്‍ പറഞ്ഞുവെയ്ക്കുന്നു. ആ രാമന്‍റെ ചൈതന്യം അയോദ്ധ്യയിലെ ഒരു പ്രത്യേക സ്ഥലത്തെ ഏതാനും ചതുരശ്ര മീറ്റര്‍ വസ്തുവിലാണുള്ളതെന്നു കരുതുന്നതുപോലെ മൗഢ്യം മറ്റെന്തുണ്ട് എന്നും ശ്രീജന്‍റെ ചോദ്യം.

ധര്‍മനിഷ്ഠയിലും ആദര്‍ശ ശുദ്ധിയിലും രാമനോടു കിടപിടിക്കുന്നവരാണ് രാമായണത്തിലെ ഉപനായകരായ ഭരതനും ലക്ഷ്മണനും എന്നും പറയുന്നുണ്ട് ശ്രീജന്‍. വളഞ്ഞ വഴിയില്‍ കൈവന്ന രാജ്യം വേണ്ടെന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല ഭരതന് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ധര്‍മപാതയില്‍ നിന്നു വ്യതിചലിച്ച് തനിക്കു രാജ്യം നേടിത്തന്ന അമ്മയോട് ഒട്ടും മയമില്ലാതെ പെരുമാറുന്ന ഭരതനെയും ശ്രീജന്‍ വരച്ചു കാട്ടുന്നു. 

വീണ്ടും ശ്രീജന്‍ ഉദ്ധരിക്കുന്ന വരികള്‍:

"ഭര്‍ത്താവിനെക്കൊന്ന പാപേ ! മഹാഘോരേ !

നിസ്ത്രപേ ! നിര്‍ദയേ ! ദുഷ്ടേ ! നിശാചരീ !

നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു

പുണ്യവുമില്ലാത്ത മഹാപാപീ ഞാനഹോ

നിന്നോടുരിയാടരുതിനി, ഞാന്‍ ചെന്നാ

വഹ്നിയില്‍ വീണുമരിപ്പ, നല്ലായ്കിലോ

കാളകൂടം കുടിച്ചീടുവ, നല്ലായ്കില്‍

വാളെടുത്താശു കഴുത്തറുത്തീടുവന്‍."

കൈകേയിയുടെ ഗര്‍ഭത്തില്‍ പിറന്നു പോയതിനാല്‍ മഹാപാപിയായിപ്പോയി താനെന്നു വിശ്വസിച്ച് ഘോരമായ നരകത്തില്‍ ചെന്നു പതിക്കട്ടെയെന്ന് സ്വന്തം അമ്മയെ ശപിക്കുന്ന ഭരതനെ ശ്രീജന്‍ ശരിയാം വണ്ണം വരച്ചു കാട്ടുന്നു.

ധര്‍മപാതയില്‍ നിന്നു വ്യതിചലിച്ച്, സഹോദരങ്ങളുടെ കണ്ണീരു വീഴ്ത്തി നേടിയെടുക്കുന്ന രാജ്യം നിഷ്ഫലമാണെന്ന് ആവര്‍ത്തിക്കുന്ന ഭരതന്‍ രാമനെ മടക്കിക്കൊണ്ടുവന്ന് രാജ്യം തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാര്യവും ശ്രീജന്‍ വിശദീകരിക്കുന്നു.

"നൂറുകണക്കിനാളുകളുടെ ചോരയും കണ്ണീരും വീഴ്ത്തി വെട്ടിപ്പിടിച്ച ഭൂമിയില്‍ നിര്‍മിക്കുന്ന ആലയത്തില്‍ രാമനെക്കാള്‍ ദു:ഖിതന്‍ ഒരുപക്ഷേ ഭരതനാകും" ശ്രീജന്‍റെ വികാരത്തില്‍ നിറുന്ന വാക്കുകള്‍.

സ്വന്തം ശ്രീരാമനെ വരച്ചുകാട്ടിത്തരുന്ന ശ്രീജന്‍റെ വേദനിപ്പിക്കുന്ന ഗംഭീരമായ ലേഖനം അവസാനിപ്പിക്കുന്നത് ഈ വരികളിലൂടെയാണ്. "അഹങ്കാരത്താല്‍ അധികാരികള്‍ മതിമറക്കരുതെന്നും വിവേകത്തിന്‍റെ ശബ്ദങ്ങള്‍ക്കായി അവര്‍ കാതോര്‍ത്തിരിക്കണമെന്നും പ്രജകളെ എല്ലാപേരെയും ഒന്നായി കാണണമെന്നും വികാരങ്ങളെ നിയന്ത്രിച്ച് ശാന്തിയെ ഭജിച്ച് ആധ്യാത്മിക ഉന്നതി നേടാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കണമെന്നുമൊക്കെ നമ്മെ പഠിപ്പിക്കുന്ന ഇതിഹാസമാണു രാമായണം. ആ പാഠങ്ങള്‍ക്കെല്ലാം പുറത്താണ് ഇപ്പോള്‍ നടക്കുന്ന ആര്‍പ്പുവിളികളും വിജയാഹ്ളാദവും."

1992 ഡിസംബര്‍ ഏഴാം തീയതിയിലെ ദിനപത്രങ്ങളില്‍ അന്നു ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍ പഠിക്കുകയായിരുന്ന ആ വിദ്യാര്‍ത്ഥി വായിച്ചറിഞ്ഞ സംഭവങ്ങള്‍ ആ കുരുന്നു മനസില്‍ സൃഷ്ടിച്ച ആകുലതകളെയും വേദനയെയും അന്നുതന്നെ കാണാപാഠം പഠിച്ചിരുന്ന രാമായണത്തിലെ വരികളുടെയും ജനുവരി 22 -ാം തീയതി അയോദ്ധ്യയില്‍ നിന്നു വന്നുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുകയാണ് ബി. ശ്രീജന്‍ എന്ന പക്വമതിയായ മാധ്യമ പ്രവര്‍ത്തകന്‍.

1992 ഡിസംബര്‍ ഏഴാം തീയതി ഞാന്‍ മലപ്പുറത്തായിരുന്നു. 'ഇന്ത്യാ ടുഡേ' ലേഖകനായി. ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ദൗത്യം. 'മാതൃഭൂമി' സ്റ്റാഫ് റിപ്പോര്‍ട്ടര്‍ എന്ന വലിയ ജോലി വിട്ട് 'ഇന്ത്യാ ടുഡേ' മലയാളം എഡിഷന്‍റെ കേരള കറസ്പോണ്ടന്‍റായി ചേര്‍ന്നത് 1990 ജനുവരി ഒന്നിന്.

അന്നും മലപ്പുറം ശാന്തമായിരുന്നു. എവിടെയും ശാന്തതയും സമാധാനവും. മലപ്പുറത്തെ പാണക്കാട്ടെ വസതിയില്‍ സൗമ്യത ഒട്ടും വിടാതെ ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന്‍റെ അനിഷേധ്യനായ നേതാവാണ് ശിഹാബ് തങ്ങള്‍. ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ട്. അന്നു കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രി. അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ മിണ്ടാതിരുന്ന കോണ്‍ഗ്രസിനെതിരെ നിലപാടു കടുപ്പിക്കുകയായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട്. ലീഗ് പിളര്‍പ്പിലേയ്ക്കു നീങ്ങാന്‍ തുടങ്ങുന്ന സമയം. 

എല്ലാറ്റിനും നടുവില്‍ സൗമ്യത ഒട്ടും വിടാതെ മുഖത്ത് നേര്‍ത്ത ഒരു പുഞ്ചിരിയുമായി കസേരയില്‍ ചാരിയിരിക്കുന്ന ശിഹാബ് തങ്ങളെ ക്യാമറയിലേയ്ക്കു പകര്‍ത്തിക്കൊണ്ടിരിക്കുന്ന ഫോട്ടോഗ്രാഫര്‍ ശങ്കര്‍ എനിക്കടുത്ത്.

ആശങ്കയും ഭയവും നിറഞ്ഞ മുഖങ്ങള്‍ മലപ്പുറത്തെങ്ങും ഞാന്‍ കണ്ടു. പക്ഷെ പൊതുവെ എല്ലായിടത്തും തികഞ്ഞ ശാന്തത. അതെ. പാണക്കാട്ടു ശിഹാബ് തങ്ങളുടെ മുഖത്തു കണ്ട ശാന്തത മലപ്പുറത്തെങ്ങും. ലീഗ് അണികള്‍ക്ക് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടായിരുന്നു. മുസ്ലിം സമൂഹത്തിനു പൊതുവെയും. ശിഹാബ് തങ്ങള്‍ എല്ലാവരുടെയും നേതാവായിരുന്നു. 

ബാബ്റി മസ്ജിദ് തകര്‍ത്ത് അവിടെ ശ്രീരാമന്‍റെ പേരില്‍ പണിത ക്ഷേത്രം പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്യുന്നതു കണ്ട് നോവുന്ന മനസുമായി പഴയ ഓര്‍മകളും രാമായണ വരികളും കുറിക്കുകയാണ് ശ്രീജന്‍.

ശ്രീജന്‍റെ ശ്രീരാമന്‍ എത്ര വലിയവന്‍ ! ഭരതനും !

 

Advertisment