മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നതിനേക്കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍ കുമാര്‍ ഒരു പ്രസംഗത്തില്‍ നടത്തിയ പ്രസ്താവന വിവാദമായതും അതു നിരാകരിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുന്നോട്ടുവന്നതും കുറെ ദിവസം മുമ്പാണ്.
അതുണ്ടാക്കിയ വിവാദങ്ങള്‍ ഇപ്പോഴും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തെ ഉലച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തട്ടത്തിന്‍റെ പേരില്‍ അനില്‍ കുമാര്‍ അഴിച്ചുവിട്ട വിവാദത്തിന്‍റെ പ്രസക്തിയെക്കുറിച്ചൊരു അന്വേഷണമാണ് ഈ കുറിപ്പ്.
തട്ടമിടാന്‍ വരുന്നവരെ തടയാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി പ്രവര്‍ത്തനഫലമായിട്ടാണെന്നായിരുന്നു അനില്‍ കുമാറിന്‍റെ പ്രസംഗത്തില്‍ വിവാദമുണ്ടാക്കിയ വാചകം. മുസ്ലിം സമുദായം വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിയതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ടെന്നതു ശരിതന്നെ. പക്ഷെ വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടിയത് ആ സമുദായത്തില്‍ത്തന്നെയുണ്ടായ മാറ്റങ്ങളും സംഭവ വികാസങ്ങളുമാണ്.
"തട്ടമിടാന്‍ വരുന്നവരെ തടയാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി പ്രവര്‍ത്തന ഫലമായിട്ടാണ്" എന്ന വാചകത്തില്‍ 'കൂടി' എന്ന പ്രയോഗം അനില്‍ കുമാറിന് ഒട്ടു വലിയ സംരക്ഷണം നല്‍കിയെന്നു സമ്മതിക്കുന്നു. പക്ഷെ കഴിഞ്ഞ കുറേ ദശകങ്ങളിലൂടെ മുസ്ലിം സമുദായം കടന്നുവന്ന വളര്‍ച്ചയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും ചരിത്രം പരിശോധിച്ചാല്‍ ചിത്രവും ചരിത്രവും മറ്റൊന്നാണെന്നു മനസിലാകും.
ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ മലബാറിലെ മുസ്ലിം സമുദായം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പ് ചരിത്രപ്രധാനമാണ്. 1921 -ലെ മലബാര്‍ കലാപം മലബാര്‍ പ്രദേശത്തിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലുമാണ്. സ്വാഭാവികമായും മുസ്ലിം സമുദായമൊട്ടാകെ ബ്രിട്ടീഷുകാരെ അങ്ങേയറ്റം വെറുത്തു. അവരുടെ ഭാഷയെയും. ഇംഗ്ലീഷ് ഭാഷ ഹറാമാണെന്നും അതു സാത്താന്‍റെ ഭാഷയാണെന്നുമാണ് സമുദായ നേതാക്കള്‍ പുതിയ തലമുറയെ പഠിപ്പിച്ചുവന്നത്.
തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും പള്ളിയോടൊപ്പം പള്ളിക്കുടവും സ്ഥാപിച്ച് അന്യമതസ്ഥരും പിന്നോക്ക വിഭാഗക്കാരുമായ കുട്ടികളെയും സ്കൂളുകളിലേയ്ക്ക് ആകര്‍ഷിച്ചു. തിരുവനന്തപുരം, വര്‍ക്കല, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളിലൊക്കെ സ്കൂളുകള്‍ ഉയര്‍ന്നു.
ഈ മുന്നേറ്റം മലബാര്‍ പ്രദേശത്തുണ്ടായില്ല. മുസ്ലിം കുട്ടികള്‍ ഇംഗ്ലീഷ് പഠനത്തിനു നേരേ പുറംതിരിഞ്ഞു നിന്നു. മലബാറില്‍ ഒരിടത്തും മുസ്ലിം പള്ളി സ്ഥാപിക്കാനോ പഴയവ പുതുക്കി പണിയാനോ ജില്ലാ കളക്ടറുടെ അനുമതി വേണമെന്നതായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ നിബന്ധന. 1957 -ല്‍ ഐക്യകേരളം രൂപമെടുക്കുകയും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തപ്പോഴാണ് ഇതിനു മാറ്റമുണ്ടായത്.
അന്ന് പുതിയ സര്‍ക്കാരിന്‍റെ അനുമതിയോടെ നിര്‍മിച്ച ഒരു പള്ളിയുണ്ട്, പട്ടാമ്പിക്കും പെരിന്തല്‍മണ്ണയ്ക്കുമിടയില്‍ പുലാമന്തോള്‍ എന്ന സ്ഥലത്ത്. ഇ.എം.എസ് പള്ളി എന്നാണ് ആ പള്ളി അറിയപ്പെടുന്നത്.
ഐക്യ കേരളത്തില്‍ പഴയ കൊച്ചി പ്രദേശത്തും തിരുവിതാംകൂര്‍ പ്രദേശത്തും പൊതു വിദ്യാഭ്യാസ നിലവാരം ഉയരുകയും കുടുതല്‍ സ്കൂളുകള്‍ തുറക്കുകയും ചെയ്തെങ്കിലും മലബാര്‍ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് ഈ ഉത്തരവ് ഉണ്ടായില്ല. മുസ്ലിം ലീഗും കൂടി പങ്കെടുത്ത വിമോചന സമരത്തിനു ശേഷം 1959 -ല്‍ കേന്ദ്രത്തിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ ഇ.എം.എസ് ഗവണ്‍മെന്‍റിനെ പിരിച്ചു വിടുകയും തുടര്‍ന്ന് 1960 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പി.എസ്.പിയെയും മുസ്ലിം ലീഗിനെയും കൂട്ടുപിടിച്ചു മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായെങ്കിലും മുസ്ലിം ലീഗിനു മന്ത്രിസ്ഥാനം കൊടുക്കാന്‍ തയ്യാറായില്ല. തര്‍ക്കം മൂത്തപ്പോള്‍ ലീഗ് നേതാവ് കെ.എം സീതി സാഹിബിന് നിയമസഭാ സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചു. അതും ഉപാധിയോടെ. പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു മത്സരിക്കാനാകൂ എന്ന് കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചു. ലീഗിന് വഴങ്ങേണ്ടി വന്നു.
ചരിത്രം മുസ്ലിം ലീഗിന്‍റെ ഭാഗം ചേര്‍ന്നത് 1967 -ല്‍ മാത്രമാണ്. അതിനും മുമ്പുതന്നെ ലീഗ് കോണ്‍ഗ്രസില്‍ നിന്ന് അകന്നു കഴിഞ്ഞിരുന്നു. 1966 മെയ് 30 -ാം തിയതി ചെന്നൈയിലെ (അന്നു മദ്രാസ്) മരയ്ക്കാര്‍ ലബ്ബ തെരുവിലെ ലീഗ് മാന്‍ഷനില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അതിപ്രധാനമായ ഒരു രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു ബദല്‍ ഗവണ്‍മെന്‍റിനു വോട്ടു ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തേല്‍പ്പിക്കാന്‍ മറ്റു കക്ഷികളുമായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യമോ ധാരണയോ ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു ജനവികാരം ഉയരുന്ന സമയംകൂടിയായിരുന്നു അത്. 1967 -ല്‍ പൊതു തെരഞ്ഞെടുപ്പിനോടൊപ്പം കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ്. 1960 -ല്‍ കോണ്‍ഗ്രസിനോടേറ്റ പരാജയത്തിനു പകരം ചോദിക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് വിശാലമുന്നണി ഉണ്ടാക്കാന്‍ ഓടിനടന്ന കാലം. ഇ.എം.എസും അഴിക്കോടര്‍ രാഘവനും മറ്റും ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട്ട് ലീഗ് നേതാവ് ബി.വി. അബ്ദുള്ളക്കോയയുടെ വീട്ടിലെത്തിയതും സി.എയ്യ് മുഹമ്മദ് കോയ, ബാഫക്കി തങ്ങള്‍ തുടങ്ങിയ നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയതും രാത്രി തീന്‍മേശയില്‍ നിരന്ന പ്ലേറ്റുകളില്‍ നിന്ന് ആവി പറക്കുന്ന മീന്‍ ബിരിയാണി രുചിച്ച് തര്‍ക്കങ്ങള്‍ക്കു പരിഹാരമുണ്ടാക്കിയതും കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം. ലീഗിന്‍റെയും. മുന്നണി ജയിച്ചാല്‍ ലീഗിന് മന്ത്രിസ്ഥാനം നല്‍കുക എന്നതടങ്ങിയ തീരുമാനങ്ങള്‍ എടുത്തത് 1966 ആഗസ്ത് മാസത്തിലെ ആ രാത്രിയില്‍ നടന്ന യോഗത്തിലായിരുന്നു. മുന്നണി ജയിച്ചു. ലീഗിന് രണ്ടു മന്ത്രിമാര്‍. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി. എം.പി.എം അഹമ്മദ് കുരിക്കള്‍ പഞ്ചായത്ത് വകുപ്പു മന്ത്രിയും.
വിദ്യാഭ്യാ സമന്ത്രിയായിരിക്കെ, സി.എച്ച് മുഹമ്മദ് കോയ മലബാര്‍ പ്രദേശത്തെ വിദ്യാഭ്യാസ രംഗം ആകെ പരിഷ്കരിച്ചു. പ്രദേശത്തെങ്ങും ഉള്‍നാടുകളില്‍ പോലും സര്‍ക്കാര്‍ സ്കൂളുകള്‍ ഉയര്‍ന്നു. മുസ്ലിം കുട്ടികള്‍ കൂട്ടത്തോടെ ആര്‍ത്തുല്ലസിച്ച് സ്കൂളുകളില്‍ പായി തുടങ്ങി. പിന്നാലെ മലബാറിനു സ്വന്തമായി സര്‍വകലാശാലയും സ്ഥാപിച്ചു സി.എച്ച്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്താണു സര്‍വകലാശാല ഉയര്‍ന്നതെങ്കിലും സി.എച്ചിന്‍റെ വിര്‍ബന്ധപ്രകാരം അതിനു കാലിക്കട്ട് സര്‍വകലാശാല എന്നുതന്നെ പേരിട്ടു. മലപ്പുറം ജില്ല രൂപവല്‍ക്കരിക്കാനും സി.എച്ച് തന്നെയാണു മുന്‍കൈ എടുത്തത്.
1967 -ല്‍ ഇ.എം.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച് പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍ ഒരുക്കിയ ഗൂഢാലോചനയില്‍ കൂട്ടുകൂടി പുതിയ രാഷ്ട്രീയ നീക്കത്തിനു തുടക്കമിട്ടുവെന്നതു മറ്റൊരു കഥ. യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മുസ്ലിം ലീഗിനെയാണു പിന്നീട് കേരളം കണ്ടത്. സി.എച്ച് മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവെച്ച സര്‍ക്കാര്‍ സ്കൂളുകളും കാലിക്കട്ട് സര്‍വകലാശാലയും മലബാറിലെ വിദ്യാഭ്യാസ മേഖലയെ ആകെ പുഷ്ടിപ്പെടുത്തി. മുസ്ലിം കൂട്ടികളെ നിര്‍ബന്ധമായും ഇംഗ്ലീഷ് പഠിപ്പിക്കണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ഇംഗ്ലീഷ് പഠനം വ്യാപിപ്പിക്കാന്‍ സി.എച്ച് മലബാറിലെങ്ങും സഞ്ചരിച്ച് പ്രസംഗിച്ചു.
അറുപതുതളില്‍ത്തന്നെ ഗള്‍ഫ് നാടുകളിലേയ്ക്കു മലയാളികളുടെ കുടിയേറ്റം തുടങ്ങിയിരുന്നു. കൂടുതല്‍ വിദ്യാഭ്യാസം നേടിയ യുവാക്കള്‍ ഗള്‍ഫിലെത്തി തുടങ്ങിയതോടെ അവര്‍ക്കു മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും കിട്ടി തുടങ്ങി. അക്കൂട്ടത്തിലെ മിടുക്കര്‍ സ്വന്തം ബിസിനസും തുടങ്ങി. ഇങ്ങനെ പണമുണ്ടാക്കിയവര്‍ നാട്ടില്‍ സ്വകാര്യ സ്കൂളുകളും മികവുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുത്തു. ഇന്ന് മലബാറിലെങ്ങും, പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍, തല ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാം.
മലപ്പുറത്തെ വിദ്യാഭ്യാസരംഗം ഇങ്ങനെ കുതിക്കുന്നതു നേരില്‍ കാണാന്‍ കഴിഞ്ഞത് 1990 -നു ശേഷമാണ്. ഞാന്‍ 'മാതൃഭൂമി' വിട്ട് 'ഇന്ത്യാ ടുഡേ'യില്‍ ചേര്‍ന്ന നേരം. 'ഇന്ത്യാ ടുഡേ' മലയാളം എഡിഷന്‍ അതിവേഗം വളരുകയായിരുന്നു. കേരളം മുഴുവന്‍ സഞ്ചരിച്ച് വാര്‍ത്ത കണ്ടുപിടിച്ചു റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു എന്‍റെ രീതി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ വെച്ചു. മലപ്പുറത്ത് ഉള്‍നാടുകളിലും വലിയ സ്കൂളുകള്‍ എന്‍റെ ശ്രദ്ധയില്‍പെട്ടു. മിക്കതിനും മാനേജ്മെന്‍റിന്‍റെ പേരിനൊപ്പം 'മുസ്ലിം ഇംഗ്ലീഷ് മീഡിയം സ്കൂള്‍' എന്നു കാണും. എണ്ണിയാല്‍ തീരാത്തത്ര ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. പ്രദേശത്തെ വിദ്യാഭ്യാസ രംഗം അതിവേദം മുന്നോട്ടു കുതിച്ചു.
ഈ വളര്‍ച്ച നേരിട്ടു പ്രതിഫലിച്ചത് മലപ്പുറത്തെ വിദ്യാര്‍ത്ഥികളുടെ പഠന മികവിലായിരുന്നു. 2001 -ലെ എ.കെ ആന്‍റണി മന്ത്രിസഭയില്‍ മുസ്ലിം ലീഗ് നേതാവ് നാലകത്തു സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം. ഒരു തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക് മലപ്പുറം ജില്ലയിലെ നൗഫല്‍ എന്ന പെണ്‍കുട്ടിക്കായിരുന്നു. അതു പിന്നെ പതിവായി. പ്രവേശന പരീക്ഷകളിലും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിലുമൊക്കെ ഉയര്‍ന്ന റാങ്കുകള്‍ മലപ്പുറത്തെ കുട്ടികളഅ വാങ്ങിത്തുടങ്ങി. അധികവും പെണ്‍കുട്ടികള്‍. നൗഫല്‍ മെഡിസിന്‍ പഠിച്ച് വിദ്യഭ്യാസവും കഴിഞ്ഞ് അബുദാബിയില്‍ ജോലി നോക്കുകയാണെന്നു ഞാന്‍ പിന്നീടറിഞ്ഞു.
എണ്‍പതുകളില്‍ 'മാതൃഭൂമി' തിരുവനന്തപുരം ലേഖകനായിരുന്ന ഞാന്‍ പലപ്പോഴും റാങ്കുകാരെ തേടി അവരുടെ വീടുകളില്‍ പോവുക പതിവായിരുന്നു. മെഡിസിനും എഞ്ചിനീയറിങ്ങിനുമെല്ലാം പ്രവേശന പരീക്ഷ വന്നപ്പോള്‍ പ്രത്യേകിച്ച് ഫോട്ടോഗ്രാഫറെയും കൂട്ടി തിരുവനന്തപുരം നഗരത്തില്‍ ഒന്നു കറങ്ങിയാല്‍ എല്ലാ റാങ്കുകാരെയും കാണാനാകുമായിരുന്നു. റാങ്കുകളൊക്കെ മലപ്പുറത്തേയ്ക്കു നീങ്ങിത്തുടങ്ങിയത് 2000 -നു ശേഷമായിരുന്നു. മുസ്ലിം ലീഗ് നേതാവ് മന്ത്രിയായിരിക്കുമ്പോള്‍ റാങ്കുകളൊക്കെ മലപ്പുറത്തേയ്ക്കു പോകുന്നത് സംശയാസ്പദമാണെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവന അന്ന് വലിയ വിവാദമായിരുന്നു. ശരിക്കും പഠിച്ചു നേടിയ റാങ്കു തന്നെയാണ് അതെന്ന് മലപ്പുറത്തെ കുട്ടികള്‍ പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടേയിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍.
സിവില്‍ സര്‍വീസ് പരീക്ഷകള്‍ പാസായി എ.എ.എസും ഐ.പി.എസും നേടുന്ന കുട്ടികള്‍ ഇന്ന് മലപ്പുറത്തു ധാരാളം. മെഡിക്കല്‍, എഞ്ചിനീയറിങ്ങ് കോഴ്സുകള്‍ക്കു ചേരുന്നവരും ഏറെ. സ്വന്തം നിലയില്‍ നില്‍ക്കാനാകുന്ന പെണ്‍കുട്ടികള്‍ വസ്ത്രധാരണത്തിലും മറ്റും സ്വതന്ത്രമായ നിലപാടു സ്വീകരിക്കുന്നതും സ്വാഭാവികം.
സി.പി.എം ഉള്‍പ്പെടെ രാഷ്ട്രീയ കക്ഷികള്‍ സമുദായങ്ങളെയും സമുദായ നേതാക്കളെയും ആകര്‍ഷിക്കാന്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്‍റെ വഴികള്‍ തേടുന്നതില്‍ ആരെ കുറ്റം പറയാനാകും ? 1964 -ല്‍ മുസ്ലിം ലീഗിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് കോഴിക്കോട്ടെത്തി ബി.വി അബുദുള്ളക്കോയയുടെ വീട്ടില്‍ ലീഗ് നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയതും ആവി പറക്കുന്ന മീന്‍ ബിരിയാണി രുചിച്ച് പ്രശ്ന വിഷയങ്ങളൊക്കെയും പറഞ്ഞു തീര്‍ത്തതും മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ ക്ലീഫ് ഹൗസിലേയ്ക്കു ക്ഷണിക്കുന്നതും മേന്മയേറിയ ഗ്രീന്‍ ടീ പകര്‍ന്ന് കാര്യങ്ങളെല്ലാം രമ്യമായി പറഞ്ഞു തീര്‍ക്കുന്നതും സോഷ്യല്‍ എഞ്ചിനീയറിങ്ങ് തന്നെ.
ഇത്രയും വിശാലമായൊരു കാഴ്ചപ്പാടോടെ നോക്കിയാല്‍ കെ. അനില്‍ കുമാറിന്‍റെ തട്ടം പ്രസ്താവന രാഷ്ട്രീയമായി അത്രകണ്ടു ശരിയല്ലെന്നു മനസിലാകും. ഏതു സമുദായത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ആ സമുദായത്തിനുള്ളില്‍ നിന്നു തന്നെയാകും.