Advertisment

നമ്പി നാരായണന്‍റെ അറസ്റ്റിന് പിന്നാലെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനും ഐ‌ബി ശ്രമിച്ചു. അത് നടക്കില്ലെന്ന് ഡിജിപി മധുസൂദനന്‍ ഐബിയോട് പറഞ്ഞു. നിലത്ത് ആഞ്ഞു ചവിട്ടിയാണ് അവർ രോഷം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി കെ കരുണാകരന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ നേരിട്ടു വിളിച്ചാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ ആവശ്യപ്പെട്ടത്. അതോടെ കെട്ടിച്ചമച്ച നുണകഥകൾ പൊളിഞ്ഞു തുടങ്ങി -  അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update
raman srivasthava k karunakaran nambi narayanan tv madhusudanan

 

Advertisment

1994 നവംബര്‍ 30. വൈകുന്നേരത്തോടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍റെ വീടിനു മുമ്പില്‍ ഒരു പോലീസ് ജീപ്പ് വന്നു നില്‍ക്കുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ അതില്‍നിന്നിറങ്ങി. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് യോഗേഷും എസ്ഐ തമ്പി എസ് ദുര്‍ഗാദത്തും. ഇരുവരും നമ്പി നാരായണന്‍റെ വാതില്‍പ്പടിയിലെത്തി കതകില്‍ മുട്ടി.

വാതില്‍ തുറന്നത് നമ്പി നാരായണന്‍ തന്നെ. വളരെ സൗമ്യമായാണ് പോലീസുദ്യോഗസ്ഥര്‍ അദ്ദേഹത്തോടു സംസാരിച്ചത്. സ്റ്റേഷനിലേയ്ക്കു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വേഷം മാറി നമ്പി നാരായണന്‍ അവരോടൊപ്പം ഇറങ്ങി. ജീപ്പില്‍ എവിടെ ഇരിക്കണമെന്നു നമ്പി നാരായണന്‍ ചോദിച്ചപ്പോള്‍ മുന്‍സിറ്റില്‍ത്തന്നെ ഇരിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

ഐഎസ്ആര്‍ഒ എന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ഒരു പ്രധാന ശാസ്ത്രജ്ഞനായിരുന്നു നമ്പി നാരായണന്‍. എൽപിഎസ്‌സി ഡെപ്യൂട്ടി ഡയറക്ടര്‍, പിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍, ക്രയോജനിക് ടെക്നോളജി അസോസിയേറ്റ് ജയറക്ടര്‍ എന്നിങ്ങനെ അതിപ്രധാനമായ പല ചുമതലകളും വഹിച്ചിരുന്ന പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍.

nambi narayanan


സിഐ യോഗേഷ്, എസ്ഐ തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരോടൊപ്പം പോലീസ് ജീപ്പില്‍ കയറിയ നമ്പി നാരായണന്‍റെ ആ യാത്ര ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനം കുറിക്കുന്നതായിരുന്നു. 'നമ്പി നാരായണന്‍ അറസ്റ്റില്‍' എന്ന വലിയ തലക്കെട്ടുകളോടെയാണ് പിറ്റേന്ന് പത്രങ്ങളിറങ്ങിയത്. ഐഎസ്ആര്‍ഒ ചാരക്കേസ് വലിയ വിവാദമായി വളരാന്‍ തുടങ്ങിയത് അവിടെ നിന്ന്.


എല്ലാറ്റിന്‍റെയും തുടക്കം ഒരു മാലി വനിതയില്‍ നിന്നായിരുന്നു. 32 വയസോളം പ്രായം വരുന്ന മറിയം റഷീദ. മാലി ദ്വീപില്‍ നിന്ന് ദിവസേന ഒട്ടേറെ പേര്‍ തിരുവനന്തപുരത്തു വന്നിരുന്ന കാലം. മാലി ദ്വീപുകാര്‍ക്ക് ഇന്ത്യയില്‍ വരാന്‍ വിസ ആവശ്യമില്ല. വിസയില്ലാതെ മൂന്നു മാസം വരെ താമസിക്കാം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയാണ് ഇവര്‍ വരുന്നത്. ബന്ധുവായ ഫൗസിയാ ഹസന്‍റെ മകള്‍ക്ക് ഇന്ത്യയില്‍ ഒരു സ്കൂളില്‍ പഠിപ്പിക്കുവാന്‍ സഹായിയായാണ് മറിയം റഷീദ എത്തിയത്.

ഒരു പകര്‍ച്ചവ്യാധി മൂലം ഇരുവര്‍ക്കും കൈയിലുള്ള മടക്ക ടിക്കറ്റ് പ്രകാരം മടങ്ങാനായില്ല. കുറെ ദിവസംകൂടി താമസം നീട്ടണമെങ്കില്‍ പോസീസിന്‍റെ അനുമതി വേണം. തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനോടു ചേര്‍ന്നുള്ള പോര്‍ട്ട് രജിസ്ട്രേഷന്‍ ഓഫീസിനാണ് (പിആര്‍ഒ) ഇങ്ങനെ അനുമതി നല്‍കാനുള്ള അധികാരം. മറിയം റഷീദ ആ ഓഫീസിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ടു. 1994 ഒക്ടോബര്‍ എട്ടിന്. ആ ഉദ്യോഗസ്ഥന്‍റെ പേര് എസ് വിജയന്‍. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍.

മറിയം റഷീദ എന്ന മാലി യുവതിയെ കണ്ടപ്പോള്‍ ഇന്‍സ്പെക്ടറുടെ മനസില്‍ പല സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. സംശയം തീരാഞ്ഞ് വൈകുന്നേരത്തോടെ അദ്ദേഹം അവര്‍ താമസിച്ചിരുന്ന തിരുവനന്തപുരം കിഴക്കേക്കോട്ടയ്ക്കടുത്തുള്ള സാമ്രാട്ട് ഹോട്ടലില്‍ പരിശോധനയ്ക്കെത്തി.

mariyam rasheeda


മുറിയില്‍ പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍ മറിയം റഷീദയെ കടന്നു പിടിച്ചെന്നും ഐഎസ്ആര്‍ഒ ചാരക്കേസ് തുടങ്ങുന്നത് ഇവിടെയാണെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ അക്കാലത്ത് 'സാവി' എന്ന പേരില്‍ മുംബൈയില്‍ നിന്നിറങ്ങിയിരുന്ന മാസികയുടെ തിരുവനന്തപുരം ലേഖകന്‍ ജെ. രാജശേഖരന്‍ നായര്‍ എഴുതിയ 'സ്പൈസ് ഫ്രം സ്പേസ് ' എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ക്ഷുഭിതയായ മറിയം റഷീദ ഇന്‍സ്പെക്ടറെ തള്ളി മാറ്റി ഗെറ്റ് ഔട്ട് എന്നാക്രോശിച്ചു പുറത്താക്കി എന്നാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്.


മടങ്ങിപ്പോയ ഇന്‍സ്പെക്ടര്‍ വിജയന്‍ അടങ്ങിയിരുന്നില്ല. പിറ്റേന്ന് സാമ്രാട്ട് ഹോട്ടലിലെത്തി ഓഫീസ് രജിസ്റ്റര്‍ പരിശോധിച്ച വിജയന്‍ മറിയം റഷീദ ഹോട്ടല്‍ ഫോണില്‍ വിളിച്ച രണ്ടു നമ്പരുകള്‍ കുറിച്ചെടുത്തു. അതില്‍ ഒന്ന് ഐഎസ്ആര്‍ഒയില്‍ ക്രയോജനിക് പ്രോജക്ടിന്‍റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍റേതായിരുന്നു. ഒരു കുറ്റാന്വേഷകനെപ്പോലെ വിജയന്‍ അന്വേഷണം തുടങ്ങി. മാലി വനിത തിരവനന്തപുരത്തു ഹോട്ടലില്‍ താമസിച്ച് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരുമായി ബന്ധമുണ്ടാക്കുന്നത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണെന്ന് അദ്ദേഹം കണക്കുകൂട്ടി.

s vijayan

അന്ന് ഒക്ടോബര്‍ 13. 1994 ഒക്ടോബര്‍ 20 -ാം തീയതി മടക്കയാത്ര സംബന്ധിച്ച് വിവരമറിയാന്‍ പിആര്‍ഒ ഓഫീസിലെത്തിയ മറിയം റഷീദയെ ഇന്‍സ്പെക്ടര്‍ വിജയന്‍ തടഞ്ഞുവെച്ചു. പിന്നീട് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നെ കൊടിയ പീഡനത്തിന്‍റെയും മര്‍ദനത്തിന്‍റെയും നാളുകള്‍. മാസങ്ങളോളം നീണ്ട ജയില്‍ വാസം.

ഐഎസ്ആര്‍ഒ ചാരക്കേസ് കഥകള്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഓരോ ദിവസവും പുറത്തുവന്നു. ചാരപ്രവര്‍ത്തനം നടത്തിയതിന് മാലി വനിത അറസ്റ്റിലായ കാര്യം കമ്മീഷണര്‍ വി.ആര്‍ രാജീവന്‍ തിരുവനന്തപുരത്തെ ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ അറിയിച്ചു. ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ഒത്തുചേര്‍ന്ന് ചാരക്കേസിന്‍റെ കഥകളൊരുക്കി. കഥകളോരോന്നായി പത്രങ്ങള്‍ക്കു കൊടുക്കുകയായിരുന്നു. 

ഇതിനിടയ്ക്ക് രമണ്‍ ശ്രീവാസ്തവയുടെ പേരും ചാരക്കേസിലേയ്ക്കു വലിച്ചിഴയ്ക്കപ്പെട്ടു. ഇതിനു പിന്നില്‍ ഐബി ഉദ്യോഗസ്ഥരായിരുന്നു. ചാരക്കേസിലെ ഒരു കേന്ദ്രബിന്ദുവാണ് ശ്രവാസ്തവയെന്നു പത്രങ്ങളില്‍ വാര്‍ത്ത പരന്നു.

അവിശ്വസനീയമായ കഥകളാണ് പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നത്. അറബിക്കടലില്‍ പാക്കിസ്ഥാന്‍റെ ഒരു കപ്പല്‍ കാത്തുകിടക്കുന്നുവെന്നും ക്രയോജനിക് സാങ്കേതികവിദ്യ സംബന്ധിച്ച് ഐഎസ്ആര്‍ഒയില്‍ നിന്നു ചോര്‍ത്തിയെടുക്കുന്ന രഹസ്യ രേഖകള്‍ കടത്താനാണ് ഈ കപ്പല്‍ വന്നിരിക്കുന്നതെന്നുമായിരുന്നു ഒരു റിപ്പോര്‍ട്ട്. മറിയം റഷീദ കിടക്കറയിലെ ട്യൂണ എന്നു മറ്റൊരു റിപ്പോര്‍ട്ട്. ചാരക്കേസിലെ കേന്ദ്രബിന്ദു രമണ്‍ ശ്രീവാസ്തവയെന്ന് ഇനിയും മറ്റൊരു റിപ്പോര്‍ട്ട്. ഐജിക്കുമേല്‍ കുരുക്കു മുറുകുന്നുവെന്നും അറസ്റ്റ് ഉടനെന്നും മറ്റു റിപ്പോര്‍ട്ടുകള്‍.

'ഇന്ത്യ ടുഡേ' ലേഖകനായിരുന്ന ഞാന്‍ അങ്ങനെയങ്ങ് എടുത്തുചാടാന്‍ തയ്യാറായില്ല. ഡല്‍ഹിയില്‍ മലയാളം എഡിഷന്‍റെ ചുമതലയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത ചാരക്കേസ് വിവരം അന്വേഷിക്കാന്‍ എപ്പോഴും എന്നെ വിളിക്കും. അന്വേഷണം നടത്തുന്ന സംഘത്തില്‍ എനിക്കു വിശ്വസിക്കാവുന്ന ഒരു ഉദ്യോഗസ്ഥനെ കിട്ടുന്നില്ലെന്നതായിരുന്നു എന്‍റെ സമാധാനം.

നമ്പി നാരായണനെയും മറിയം റഷീദയേയും താമസിപ്പിച്ചിരുന്ന ചെന്നൈയിലെ സിബിഐ ഓഫീസായ മല്ലികയിലേയ്ക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഉറപ്പിച്ചിരുന്നു, അറസ്റ്റ് ഉണ്ടാകുമെന്ന്. രക്ഷപെട്ടത് ഭാഗ്യംകൊണ്ട് മാത്രം. അതിന്‍റെ പേരില്‍ കരുണാകരനെ ബലിയാടാക്കിയ ഉമ്മന്‍ ചാണ്ടിതന്നെ ഒടുവില്‍ ശ്രീവാസ്തവയ്ക്ക് ഡിജിപി പദവി നല്‍കി - പോലീസ് ചരിത്രത്തില്‍ ശ്രീവാസ്തവ എന്ന ഒരദ്ധ്യായമുണ്ട് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് (മൂന്നാം ഭാഗം)

ഇതിനിടയ്ക്ക് സിബി മാത്യൂസിന്‍റെ നേതൃത്വത്തില്‍ കേരള പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചാരക്കേസ് അന്വേഷണം കൈമാറി. അതിലും ഇന്‍സ്പെക്ടര്‍ വിജയന്‍ അംഗമായിരുന്നു.

പ്രഗത്ഭനായ കുറ്റാന്വേഷകന്‍ എന്നു പേരുകേട്ട പോലീസുദ്യോഗസ്ഥനായിരുന്നു ഡിഐജി സിബി മാത്യൂസ്. എനിക്കു സംസാരിക്കണമെന്ന് അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ഉടനെ സമ്മതിച്ചു. രാത്രി വീട്ടിലായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് കുമാരപുരത്തിനടുത്തുള്ള പൂന്തി റോഡിലെ വീട്ടിലെത്തി രാത്രി ഏറെനേരം സംസാരിച്ചിരുന്നു. രണ്ടു രാത്രികള്‍. ചാരക്കേസിനു രൂപം നല്‍കിയ ഇന്‍സ്പെക്ടര്‍ വിജയനും ഐബി ഉദ്യോഗസ്ഥനും കൂട്ടാളികളും തയ്യാറാക്കിയിരുന്ന തിരക്കഥയില്‍ കാര്യമായ സംശയമൊന്നും പ്രകടിപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ സംസാരം.

എങ്കിലും രമണ്‍ ശ്രീവാസ്തവയുടെ പേര് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. രണ്ടു പേരും കേരള പോലീസിലെ ഉദ്യോഗസ്ഥര്‍. ശ്രീവാസ്തവ ദക്ഷിണ മേഖലാ ഐജിയാണ്. മുഖ്യമന്ത്രി കെ കരുണാകരന് ഏറെ ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ശ്രീവാസ്തവ. കരുണാകരന്‍റെ കുടുംബവുമായും വളരെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. രമണ്‍ "ശ്രീവാസ്തവയുടെ പേരും ഇതില്‍ കാണുന്നു. ഇനി കേരള പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നതു ശരിയല്ല. കേസ് സിബിഐക്കു വിടുകയാണ് ഉചിതമെന്നു ഞാന്‍ ഡിജിപിക്കു ശുപാര്‍ശ നല്‍കുകയാണ്", സിബി മാത്യൂസ് പറഞ്ഞു. 

ടി.വി മധുസൂദനനാണ് ഡിജിപി. കെ കരുണാകരന് വളരെ അടുപ്പമുള്ള മറ്റൊരുദ്യോഗസ്ഥന്‍. സിബി മാത്യൂസിന്‍റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. ചാരക്കേസിനെപ്പറ്റി വിശദമായി എഴുതാന്‍ സിബി മാത്യൂസിന്‍റെ കൈയില്‍ നിന്നും കാര്യമായൊന്നും കിട്ടിയില്ലല്ലോ എന്നോര്‍ത്തായിരുന്നു എന്‍റെ മടക്കം.

ഡിസംബര്‍ ഒന്നാം തീയതി ഐബി ജോയിന്‍റ് ഡയറക്ടര്‍ മാത്യു ജോണും ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാറും ഡിജിപി മധുസൂദനനെ കാണാന്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെത്തി. മുന്‍കൂട്ടി പറയാതെയായിരുന്നു സന്ദര്‍ശനം. ചാരക്കേസ് സിബിഐക്കു വിടണമെന്നു ശുപാര്‍ശ ചെയ്തതുകൊണ്ട് തലേന്ന് സിബി മാത്യൂസ് ഡിജിപിക്കു കത്തു നല്‍കിയിരുന്നു. മാത്യു ജോണും ശ്രീകുമാറും ചെല്ലുമ്പോള്‍ ഡിജിപിയുടെ മുറിയില്‍ സിബി മാത്യൂസും ഡിവൈഎസ്‌പി ജി ബാബുരാജും ഉണ്ടായിരുന്നു.


രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാത്യു ജോണ്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ എന്താണു തെളിവെന്ന് ഡിജിപി തിരിച്ചു ചോദിച്ചു. എന്തെങ്കിലും തെളിവില്ലാതെ ഒരു ഐജിയെ അറസ്റ്റ് ചെയ്യാന്‍ തനിക്കാവില്ലെന്ന് സിബി മാത്യൂസ് ഇടയ്ക്കു കയറി പറഞ്ഞു. മാത്യു ജോണ്‍ ക്രൂദ്ധനായാണ് സിബി മാത്യൂസിനോടു പ്രതികരിച്ചത്. ഞാനിവിടെ ഇരിക്കുന്നിടത്തോളം കാലം തെളിവൊന്നുമില്ലാതെ ഒരാളെയും അറസ്റ്റ് ചെയ്യില്ലെന്ന് മധുസൂദനന്‍ ശക്തമായി പറഞ്ഞതോടെ ഐബി ഉദ്യോഗസ്ഥര്‍ സംസാരം മതിയാക്കി പുറത്തേയ്ക്കു പോയി. നിലത്ത് ആഞ്ഞു ചവിട്ടി രോഷം പ്രകടിപ്പിച്ചായിരുന്നു അവരുടെ മടക്കം.


മുഖ്യമന്ത്രി കെ. കരുണാകരനെ കാണാന്‍ ഉദ്യോഗസ്ഥര്‍ അനുമതി തേടി. മുഖ്യമന്ത്രി സമ്മതിച്ചു. അന്നു വൈകുന്നേരം തന്നെയായിരുന്നു കൂടിക്കാഴ്ച. ക്ലിഫ് ഹൗസില്‍. ചാരക്കേസിന്‍റെ നാള്‍വഴികളെക്കുറിച്ച് മാത്യു ജോണും ആര്‍ബി ശ്രീകുമാറും കരുണാകരനോടു വിശദമായി സംസാരിച്ചു. മുഖ്യമന്ത്രി ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു. ഒന്നും പറയാതെ, ഒന്നും ചോദിക്കാതെ. 

രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശ്രദ്ധയോടെ കേട്ടിരുന്നതല്ലാതെ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ, 1994 ഡിസംബര്‍ രണ്ടാം തീയതി, കരുണാകരന്‍ ഡല്‍ഹിയിലേയ്ക്കു വിളിച്ചു. കരുണാകരന് ഏറെ സ്വാധീനമുള്ള പ്രധാനമന്ത്രി പി.വി നരസിംഹ റാവുവാണ് രാജ്യം ഭരിക്കുന്നത്. 

ആഭ്യന്തര വകുപ്പില്‍ പേഴ്സണല്‍ വകുപ്പിന്‍റെ ചുമതലയുള്ള മാര്‍ഗരറ്റ് ആല്‍വയാണ് മറു തലയ്ക്കല്‍. ഐഎസ്ആര്‍ഒ ചാരക്കേസ് ഉടന്‍ തന്നെ സിബിഐ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി കരുണാകരന്‍ മാര്‍ഗരറ്റ് ആല്‍വയോടാവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു അവര്‍. കേസ് അന്നുതന്നെ സിബിഐക്കു കൈമാറി.

karunakaran Untitledchh

പിറ്റേന്ന് ഒരു വലിയ സംഘം സിബിഐ ഉദ്യോഗസ്ഥര്‍ തിരവനന്തപുരത്തു വിമാനമിറങ്ങി. അന്വേഷണം തുടങ്ങിയപ്പോള്‍ത്തന്നെ എവിടെയോ പന്തികേടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കു തോന്നി. പത്രങ്ങളില്‍ കഥകള്‍ വരുന്നതു നിലച്ചു. കഥകള്‍ മെനഞ്ഞു നല്‍കിയിരുന്നവര്‍ക്ക് പുതിയ സംഘവുമായി ഒരു ബന്ധവുമില്ലായിരുന്നതാണു കാരണം.

ഒരിക്കല്‍ ശേഖര്‍ ഗുപ്ത എന്നെ വിളിച്ചു ചോദിച്ചു: സിബിഐ ഉദ്യോഗസ്ഥരെ കണ്ടാലോ ? കാണാം എന്ന് എന്‍റെ മറുപടി. സിബിഐ അന്വേഷണം തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ സിബിഐ ഉദ്യോഗസ്ഥരോടു സംസാരിക്കുന്നുണ്ടായിരുന്നു.

അന്വേഷണ സംഘം കൊച്ചിയിലേയ്ക്കു താമസം മാറ്റിക്കഴിഞ്ഞു. ജോയിന്‍റ് ഡയറക്ടര്‍ എം.എല്‍ ശര്‍മ്മയാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ഒപ്പം ഡിഐജി പിഎം നായരും, നിയ്യാറ്റിന്‍കര സ്വദേശി പി മധുസൂദനന്‍ നായര്‍.

സിബിഐ നേതൃത്വവുമായി ബന്ധപ്പെട്ടശേഷം ഞാന്‍ കൊച്ചിയിയെത്തി ഹോട്ടലില്‍ മുറിയെടുത്തു. രാത്രിയിലേ ഉദ്യോഗസ്ഥരെ കാണാനാകൂ. ഫോര്‍ട്ട് കൊച്ചിയില്‍ അവര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ രാത്രി പത്തുമണിയോടെയാണ് കൂടിക്കാഴ്ച തുടങ്ങിയത്. മുറിയില്‍ എനിക്കു മുമ്പില്‍ എം.എല്‍ ശര്‍മ്മയും പി.എം നായരും. പോലീസും ഐബിയും കെട്ടിപ്പൊക്കിയ ചാരക്കഥകളോരാന്നായി അവര്‍ തെളിവുകള്‍ നിരത്തി പൊളിച്ചടുക്കി. ഇടയ്ക്ക് എന്‍റെ കടുത്ത ചോദ്യങ്ങള്‍. എല്ലാ ചോദ്യത്തിനും തെളിവുകളോടെ മറുപടി.

പാതിരാവു കഴിഞ്ഞുനീണ്ട സെഷന്‍. ഇടയ്ക്ക കട്ടന്‍ കാപ്പി. എനിക്കു പിന്നെയും സംശയങ്ങള്‍. ഇനി പിറ്റേന്നാകാമെന്നു പറഞ്ഞ് രാത്രി ഏറെ വൈകി അവസാനിപ്പിച്ചു. അങ്ങിനെ മൂന്നു രാത്രികളിലായി എന്‍റെ മുന്നില്‍ ഐബി ഉദ്യോഗസ്ഥരും കേരള പോലീസും കെട്ടിച്ചമച്ച ചാരക്കേസ് കഥകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട് എം.എല്‍ ശര്‍മ്മയും പി.എം നായരും എന്നോടു സംസാരിച്ചുകൊണ്ടേയിരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലേയ്ക്കു നീളുന്ന സംഭാഷണം.

എന്നും കാലത്ത് ശേഖര്‍ ഗുപ്ത ഹോട്ടലില്‍ എന്നെ വിളിക്കും. തലേന്നു കിട്ടിയ വിവരങ്ങള്‍ ഒന്നൊന്നായി അദ്ദേഹത്തിനു വിവരിച്ചു കൊടുക്കും. ഐഎസ്ആര്‍ഒയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരോടും മറ്റും ശേഖര്‍ ഗുപ്തയും സംസാരിക്കുന്നുണ്ടായിരുന്നു. 

അവസാനം ചാരക്കഥ വെറും ചാരമായിരുന്നുവെന്നു സമര്‍ഥിക്കാന്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. ചാരക്കേസിന്‍റെ പൊള്ളത്തരം തുറന്നുകാട്ടുന്ന നാലുപേജ് റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേ ഇംഗ്ലീഷ് പതിപ്പില്‍. "നിറം പിടിപ്പിച്ച നുണക്കഥകള്‍" എന്ന തീകത്തുന്ന തലക്കെട്ടോടെ മലയാളം എഡിഷന്‍റെ സ്റ്റോറി. 


വിയ്യൂര്‍ സെന്‍റര്‍ ജയിലിലായിരുന്ന മറിയം റഷീദയെ ഞാന്‍ പോയി കണ്ടു സംസാരിച്ചു. എറണാകുളം സിജെഎം കോടതിയുടെ പ്രത്യേകാനുമതി വാങ്ങിയായിരുന്നു ജെയിലില്‍ ചെന്നത്. രണ്ടു മണിക്കൂറോളം നീണ്ടുനിന്നു ആ സംഭാഷണം. കസ്റ്റഡിയിലിരിക്കെ പൂര്‍ണ നഗ്നയായി ജനലില്‍ കെട്ടിയിട്ട് പോലീസ് ക്രൂരമായി മര്‍ദിച്ച കാര്യം മറിയം റഷീദ വിവരിച്ചു. കരേസകൊണ്ട് വിജയന്‍ തന്‍റെ കാല്‍മുട്ടില്‍ ആഞ്ഞടിച്ചുവെന്നും കസേരയുടെ കാലുകള്‍ ഒടിഞ്ഞുപോയെന്നും മറിയം പറഞ്ഞു. അപ്പോഴും നീരുവന്നു വീര്‍ത്തിരുന്ന കാല്‍ മുട്ടുകള്‍ മറിയം കാട്ടിത്തന്നു.


സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതേക്കുറിച്ചെല്ലാം അന്വേഷിച്ച സിബിഐ പ്രത്യേക സംഘം തയ്യാറാക്കിയ കുറ്റപത്രമനുസരിച്ച് ഈ കേസിലെ പ്രധാന പ്രതി അന്നത്തെ എസ് വിജയന്‍ തന്നെ.

മാലിക്കാരി മറിയം റഷീദയെ കടന്നുപിടിച്ച സര്‍ക്കിള്‍ എന്‍സ്പെക്ടറെ എതിര്‍ത്തതിനു പ്രതികാരമായി കെട്ടിച്ചമച്ചതാണു ചാരക്കേസ് എന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത് തടവിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

2021 -ലാണ് ഈ കേസിന്‍റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി മുന്‍ സുപ്രീം കോടതി ജഡ്ജി ഡി.കെ ജെയിനെ നിയമിച്ചത്. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സുപ്രീം കോടതി വിശദാന്വേഷണത്തിന് സിബിഐയെ ചമുതലപ്പെടുത്തുകയായിരുന്നു.

സിബിഐ കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസ്, ഐബി ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ പി.എസ് ജയപ്രകാശ്, മുന്‍ പോലീസ് എസ്.പി കെ.കെ ജോഷ്വാ എന്നിവരും പ്രതികളാണ്.

Advertisment