Advertisment

തെരഞ്ഞെടുപ്പ് ജയിക്കാന്‍ നാടിളക്കുന്ന പ്രചരണം മാത്രം പോരാ, കിറുകൃത്യമായ തന്ത്രങ്ങളും അത് പ്രയോഗിക്കാനറിയുന്ന നേതാക്കളും വേണമെന്ന് തെളിയിക്കുകയാണ് പുതുപ്പള്ളി. എല്ലാ തന്ത്രങ്ങളുടെയും ആശാനായിരുന്നു ഉമ്മന്‍ ചാണ്ടിയെങ്കില്‍ പുതിയ ആശാനായി മാറിയിരിക്കുകയാണ് വിഡി സതീശന്‍. പണിയറിയുന്നവരെ ഒപ്പം നിർത്തിയുള്ള വിഡിയുടെ തന്ത്രത്തിന്‍റെ വിജയം കൂടിയാണ് പുതുപ്പള്ളി - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update
oommen chandy vd satheesan chandy oommen

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു ദിവസം യാദൃശ്ചികമായി സഹതരണ മന്ത്രി വി.എന്‍ വാസവനെ കണ്ടു. കണ്ടപാടേ അദ്ദേഹം വിട്ടിലേയ്ക്കു ക്ഷണിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ 'ഗംഗ'യില്‍ അല്‍പ്പനേരം കുശലം പറച്ചില്‍.

Advertisment

1988 - 89 -ല്‍ കോട്ടയത്ത് 'മാതൃഭൂമി' ലേഖകനായിരുന്ന കാലത്തുതന്നെ വാസവനുമായി എനിക്കു നല്ല പരിചയമുണ്ട്. സുരേഷ് കുറുപ്പ്, ഡിജോ കാപ്പന്‍, ജോസഫ് എം പുതുശേരി, ടോമി കല്ലാനി, ബോബന്‍ തോപ്പില്‍ എന്നിങ്ങനെ വിവിധ പാര്‍ട്ടികളിലെ യുവ നേതാക്കള്‍ ഒത്തുകൂടി നടന്നിരുന്ന കാലവുമായിരുന്നു അത്. കോട്ടയത്തെ കോഫീ ഹൗസായിരുന്നു അവരുടെ ഇരുപ്പ് കേന്ദ്രം.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒരു ദിവസമായിരുന്നു വാസവനെ കണ്ടത്  എന്നതിനാല്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു പ്രധാന സംഭാഷണ വിഷയം. 1980 -ല്‍ സിപിഎമ്മിനോട് കോണ്‍ഗ്രസിലെ എ.കെ ആന്‍റണി പക്ഷം കൂട്ടുകൂടിയ സമയത്ത് ഉമ്മന്‍ ചാണ്ടി പ്രചാരണത്തിനെടുത്ത തന്ത്രങ്ങള്‍ വാസവന്‍ വിവരിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് കഴിയുന്നിടത്തോളം വീടുകയറി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടു ചോദിക്കുക എന്ന തന്ത്രമാണ് അന്ന് വാസവന്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നു പഠിച്ചത്. വോട്ടുതേടാനുള്ള ഒരു ഗംഭീര തന്ത്രമായാണ് അന്ന് വാസവന്‍ അതു കണ്ടത്.

തെരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും നാട്ടുകാരുടെ വീടുകള്‍ കയറിയിറങ്ങുക വാസവന്‍ സ്വഭാവമാക്കി. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന് ഏറെ പ്രയോജനം ചെയ്തു. ഇക്കഴിഞ്ഞ പുതുപ്പള്ളി തെരഞ്ഞെടുപ്പിലും വാസവന്‍ തന്നെയായിരുന്നു സിപിഎമ്മിന്‍റെ പ്രചാരണങ്ങള്‍ക്കൊക്കെയും നേതൃത്വം നല്‍കിയത്.


ഉമ്മന്‍ ചാണ്ടി എല്ലാ രാഷ്ട്രീയ തന്ത്രങ്ങളുടെയും ആശാനായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ആന്‍റണിപക്ഷത്തിനു വേണ്ടി എല്ലാ യുദ്ധങ്ങളും നയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. അവസാനം 1995 -ല്‍ കെ. കരുണാകരന്‍റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചതുവരെയെത്തി ആ പോരാട്ടം. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ലീഡല്‍ മുട്ടുമടക്കി.


ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയില്‍ മത്സരിക്കാനിറങ്ങിയ മകന്‍ ചാണ്ടി ഉമ്മനു വേണ്ടി തന്ത്രങ്ങളൊരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. മണ്ഡലം ഇതുവരെ കാണാത്ത പ്രചാരണമാണ് സതീശന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുതുപ്പള്ളിയില്‍ അഴിച്ചുവിട്ടത്. എല്ലാറ്റിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമര്‍ത്ഥമായ നേതൃത്വം നല്‍കി.

puthuppally election campaign vd

തെരഞ്ഞെടുപ്പു രംഗത്ത് നിര്‍ണായകമായൊരു പങ്കു വഹിച്ചത് സി.പി ജോണ്‍ ആയിരുന്നു. യുഡിഎഫ് ഘടകകക്ഷിയായ സിഎംപിയുടെ ജനറല്‍ സെക്രട്ടറി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി ജോണ്‍ തന്‍റെ വൈദഗ്ദ്ധ്യം തെളിയിച്ചതാണ്. ബൂത്ത് അടിസ്ഥാനത്തിലായിരുന്നു ജോണിന്‍റെ പ്രവര്‍ത്തനം.

ഓരോ ബൂത്തിലെയും വോട്ടര്‍ പത്രികയുടെ പരിശോധനയില്‍ ജോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മരിച്ചുപോയ വോട്ടര്‍മാര്‍, സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍, വിദേശത്തു ജോലിചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പേരുവിവരം കണ്ടുപിടിക്കും. ഇതിനു വേണ്ട കാലാള്‍പ്പടയെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കും. ഓരോരുത്തരും വീടുവീടാന്തരം കയറിയിറങ്ങി ലിസ്റ്റ് തയ്യാറാക്കും. ഓരോ ബൂത്തിലും ഇത്തരം ലിസ്റ്റ് പൂര്‍ണമാകും വരെ ജോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. 

എസ്എഫ്ഐ സംസ്ഥാന പ്രസിഡ‍ന്‍റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ സിപിഎം അംഗമായി. എം.വി രാഘവന്‍റെ ശിഷ്യനായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയ ജോണ്‍ സിപിഎമ്മിന്‍റെ തന്ത്രങ്ങളൊക്കെയും പഠിച്ചു. എം.വി.ആര്‍ സിപിഎമ്മില്‍ നിന്നു പുറത്താവുകയും സിഎംപി രൂപീകരിക്കുകയും ചെയ്തപ്പോള്‍ ജോണും അരവിന്ദാക്ഷനുമൊക്കെ കൂടെ കൂടി.

cp john


തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ സി.പി ജോണിന്‍റെ മികവു മനസിലാക്കിയ വി.ഡി സതീശന് തൃക്കാക്കരയിലായിരുന്നു ആദ്യത്തെ പരീക്ഷണ ശാല. ജോണ്‍ മണ്ഡലത്തില്‍ താവളമടിച്ചു പ്രവര്‍ത്തനം തുടങ്ങി. എല്ലാ പിന്തുണയുമുറപ്പിച്ച് വി.ഡി സതീശനും. ഓരോ ബൂത്തിലും സ്ഥലത്തില്ലാത്തവരുടെ ലിസ്റ്റുകള്‍ ഒരുങ്ങി. ശത്രുപക്ഷം കള്ളവോട്ടുചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതായിരുന്നു ജോണിന്‍റെ പ്രവര്‍ത്തന ഫലം. സിപിഎമ്മിലെ കൃത്യമായ രാഷട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നും കിട്ടിയ പാഠങ്ങള്‍ തൃക്കാക്കരയില്‍ സമര്‍ത്ഥമായി പ്രയോഗിക്കുകയായിരുന്നു സി.പി ജോണ്‍.


പുതുപ്പള്ളിയിലും ജോണ്‍ ഇതേ ചുമതല ഏറ്റെടുത്തു. പൂര്‍ണ പിന്തുണയുമായി വി.ഡി സതീശനും. മുന്നണി സംവിധാനത്തില്‍ നേതൃപാര്‍ട്ടി അത്രകണ്ട് ശക്തിയാര്‍ജിക്കുന്നതും ഭൂരിപക്ഷം വാരിക്കൂട്ടുന്നതും ഘടകകക്ഷികളുടെ പ്രസക്തിയെയും നിലനില്‍പ്പിനെയും ബാധിക്കുന്ന കാര്യമാണെന്ന് സി.പി ജോണിനറിയാമായിരിക്കണം. പക്ഷെ രണ്ടാം തവണയും അധികാരമില്ലാതെ പുറത്തു നില്‍ക്കുന്ന മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചേ പറ്റൂ.

എന്തായാലും തെരഞ്ഞെടുപ്പു ജയിക്കാന്‍ നാടിളക്കുന്ന പ്രചാരണം മാത്രം പോരാ, കിറുകൃത്യമായി നടപ്പിലാക്കുന്ന തന്ത്രങ്ങളും അവ പ്രയോഗിക്കാനറിയുന്ന നേതാക്കളും വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയിരിക്കുന്നു. വി.ഡി സതീശന്‍ - സി.പി ജോണ്‍ കൂട്ടുകെട്ടിന്‍റെ വിജയം തന്നെ വലിയ തെളിവ്.

സിപിഎമ്മില്‍ നിന്നു പഠിച്ച പാഠങ്ങള്‍ യുഡിഎഫിന്‍റെ വിജയത്തിനു വേണ്ടി പ്രയോഗിക്കുകയാണ് സി.പി ജോണ്‍.

Advertisment