ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നതാണു പ്രവേശനപരീക്ഷകൾ. ഓരോ പരീക്ഷയും ഒരു വിദ്യാർഥിയുടെ മാത്രമല്ല, അതിലേറെ കുടുംബങ്ങളുടെകൂടി ഭാവി നിർണയിക്കുന്നതാണ്. ഉറക്കമൊഴിച്ചു മണിക്കൂറുകൾ പഠിച്ചും വളരെ കഠിനാധ്വാനം ചെയ്തുമാണ് ഓരോ വിദ്യാർഥിയും മത്സരപരീക്ഷകളിൽ മാറ്റുരയ്ക്കുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള 24 ലക്ഷം പേർ എഴുതിയ അഖിലേന്ത്യാ പ്രവേശനപരീക്ഷയായ നീറ്റ് യുജി, യുജിസി- നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) എന്നീ പരീക്ഷകളിൽ നടന്ന ക്രമക്കേടുകൾ രാജ്യത്തെ പരീക്ഷാ സന്പ്രദായത്തിന്റെ വിശ്വാസ്യതയും പവിത്രയും തകർക്കുന്നതാണ്.
നീറ്റ്, നെറ്റ്, ജെഇഇ, സിയുഇടി എന്നിവയ്ക്കു പുറമെ യുപിഎസ്സിയുടെ സിവിൽ സർവീസസ്, നാഷണൽ ഡിഫൻസ് അക്കാഡമി (എൻഡിഎ), നേവൽ അക്കാഡമി (എൻഎ), ഇന്ത്യൻ റെയിൽവേ സർവീസ്, സെൻട്രൽ എൻജിനിയറിംഗ് സർവീസ് എന്നിവ മുതൽ സിബിഎസ്സി നടത്തുന്ന സിടിഇടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്), ക്ലാറ്റ് (ദി കോമണ് ലോ അഡ്മിഷൻ ടെസ്റ്റ്), നെസ്റ്റ്, നിഫ്റ്റ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) നടത്തുന്ന കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ), എസ്എസ്സി- ജിഡി, എസ്എസ്സി- സിജിഎൽ, സ്റ്റെനോഗ്രഫർ, ഗസറ്റഡ് അല്ലാത്ത ഗ്രൂപ്പ് സി ജോലികൾക്കുള്ള എംടിഎസ് തുടങ്ങി നൂറിലേറെ മത്സര, പ്രവേശന പരീക്ഷകളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇവയെല്ലാം സംശയനിഴലിലാക്കിയതാണു ദുരന്തം.
ചോർന്നത് 43 പരീക്ഷകളുടെ ചോദ്യങ്ങൾ
സുപ്രീംകോടതി നിർദേശിച്ചാൽ 24 ലക്ഷം പരീക്ഷാർഥികൾക്കും നീറ്റ് പുനഃപരീക്ഷ നടത്താൻ തയാറാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസിന്റെ വെബ് പോർട്ടൽ പറയുന്നു.
നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ 1,563 വിദ്യാർഥികൾക്കു നാളെ പുനഃപരീക്ഷ നടത്തുകയാണ്. യുജിസിയുടെ നെറ്റ് പരീക്ഷ നടന്ന് ഒരു ദിവസത്തിനു ശേഷം അതു റദ്ദാക്കി. കോളജ് പ്രവേശനത്തിനുള്ള സിയുഇടി (കോമണ് യൂണിവേഴ്സിറ്റി എൻട്രസ് ടെസ്റ്റ്), എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാം) പരീക്ഷകളുടെ നടത്തിപ്പും എൻടിഎ ആയതിനാൽ ഈ പരീക്ഷകളുടെ വിശ്വാസ്യതയിലും കോട്ടമുണ്ടായിട്ടുണ്ട്.
നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകൾ അതീവ ഗുരുതരമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മാത്രം 43 പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതായാണു പരാതി. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഇപ്പോഴും ശരിയായ ഉത്തരമില്ല. വിശ്വാസ്യതയുള്ള പരിഹാരങ്ങളുമില്ല.
ദശലക്ഷക്കണക്കിന് യുവതീയുവാക്കളാണ് എൻടിഎ നടത്തുന്ന നാലു പ്രധാന പ്രവേശന പരീക്ഷകളുടെ ഇരകളാകുന്നത്. പൊതുജനങ്ങളുടെ ആരോഗ്യസ്ഥിതി മുതൽ രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെ വരെ ബാധിക്കുന്നതാണു മത്സരപരീക്ഷകളിലെ ക്രമക്കേടുകളും തട്ടിപ്പുകളും.
മലക്കംമറിഞ്ഞ് തലയൂരുന്നു!
സുപ്രീംകോടതി ഇടപെട്ടശേഷവും കേന്ദ്രസർക്കാരും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും എൻടിഎയും കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്ന പ്രസ്താവനകളുമായി തലയൂരാൻ ശ്രമിച്ചത് അക്ഷന്തവ്യമായ കുറ്റമാണ്. ചിലയിടങ്ങളിൽ തെറ്റു സംഭവിച്ചതായി പിന്നീട് മന്ത്രിക്കു സമ്മതിക്കേണ്ടിവന്നു.
ഏറ്റവുമൊടുവിൽ മുഴുവൻ പരീക്ഷാർഥികൾക്കും പുനഃപരീക്ഷ നടത്താൻ തയാറാണെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ക്രമക്കേടുകൾക്കു ശേഷമാണു ചുമതലയുള്ള കേന്ദ്രമന്ത്രി പലതവണ മലക്കം മറിഞ്ഞത്. കഴിഞ്ഞ മോദി സർക്കാരിലും വിദ്യാഭ്യാസ മന്ത്രിയായിരുന്നയാളാണ് ധർമേന്ദ്ര പ്രധാൻ എന്നതു ഗൗരവം കൂട്ടുന്നു.
നികുതിദായകരുടെ കോടിക്കണക്കിനു രൂപ മുടക്കി പരീക്ഷാ പേ ചർച്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും ഹതഭാഗ്യരായ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു വിശ്വാസം പകരുന്ന നടപടികളെടുക്കാനും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും കഴിഞ്ഞിട്ടില്ല.
യുദ്ധം നിർത്തിക്കാൻ വരെ ഇടപെട്ടുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് പരീക്ഷാ ക്രമക്കേട് ഇല്ലാതാക്കാൻ കഴിയില്ലേയെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസത്തിൽ പലതുമുണ്ട്.
പാടില്ല പിഴവൊന്നും
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതു പോലെ പരീക്ഷാ നടത്തിപ്പിൽ 0.001 ശതമാനം തെറ്റുണ്ടാകാൻ പാടില്ല. “ഒരു ഏജൻസി എന്ന നിലയിൽ, നിങ്ങൾ നീതിപൂർവം പ്രവർത്തിക്കണം. ഒരു തെറ്റ് ഉണ്ടെങ്കിൽ, അതെ, ഇതൊരു തെറ്റാണ്. ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001% അശ്രദ്ധ ഉണ്ടായാൽ, അതു സമഗ്രമായി കൈകാര്യം ചെയ്യണം.
ഈ കാര്യങ്ങളൊന്നും പാടില്ല”- ജസ്റ്റീസുമാരായ വിക്രം നാഥ്, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പ്രതികൂല വ്യവഹാരമായി കണക്കാക്കേണ്ടതില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടുന്നു.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി ഇന്നലെ പ്രതിഷേധസമരങ്ങൾ നടന്നതു മുന്നറിയിപ്പാണ്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്കു കോണ്ഗ്രസ് നടത്തിയ പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണു പങ്കെടുത്തത്.
കേരളം, യുപി, പഞ്ചാബ്, തെലുങ്കാന അടക്കം മിക്ക സംസ്ഥാനങ്ങളിലും ഇന്നലെ പ്രതിഷേധമുണ്ടായി. രാജ്യത്താകെ വിദ്യാർഥികളും രക്ഷിതാക്കളും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സ്ഥിതി സൃഷ്ടിക്കാതിരിക്കട്ടെ. ഇനിയൊരിക്കലും വിദ്യാർഥികളെ ഇങ്ങനെ പരീക്ഷിക്കരുത്. സംശയത്തിന്റെ നിഴൽപോലും പാടില്ല.
30 ലക്ഷം മുടക്കിയ തട്ടിപ്പ്
ഒട്ടും നീറ്റ് അല്ലാത്ത നീറ്റ്, നെറ്റ് ചോദ്യ പേപ്പർ ചോർച്ചകളിൽ പരീക്ഷാ നടത്തിപ്പുകാർ മുതൽ ഏജന്റുമാർ വരെയുണ്ട്. 24 ലക്ഷം പേർ എഴുതിയ മെഡിക്കൽ നീറ്റ് പരീക്ഷയ്ക്ക് ചില വിദ്യാർഥികളിൽനിന്ന് 30 ലക്ഷം മുതൽ അരക്കോടി രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് അറസ്റ്റിലായവർ പോലീസിനോടു സമ്മതിച്ചു.
30-32 ലക്ഷം രൂപയ്ക്കാണു ചോദ്യപേപ്പറും ഉത്തരങ്ങളും നൽകിയതെന്നു ബിഹാറിൽ അറസ്റ്റിലായ നാലു പേരിലൊരാളായ അമിത് ആനന്ദ് എന്നയാൾ മൊഴി നൽകിയിട്ടുണ്ട്.
ബിഹാറിലെ രാമകൃഷ്ണ നഗർ പോലീസ് സ്റ്റേഷനു കീഴിലുള്ള ഒരു സ്കൂളിൽ പരീക്ഷയ്ക്കു തൊട്ടുമുന്പ് 35 പരീക്ഷാർഥികൾക്കു പരിശീലന പരീക്ഷ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത നാലു വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തരങ്ങളടങ്ങിയ നീറ്റ് ചോദ്യപേപ്പർ ഇവരുടെ കൈയിൽ കിട്ടിയെന്നാണ് ആരോപണം. ഗുജറാത്തിലെ ഗോധ്രയിലുള്ള രണ്ടു പരീക്ഷാകേന്ദ്രങ്ങളിൽ ഒഎംആർ ഷീറ്റുകളിൽ ശരിയായ ഉത്തരങ്ങൾ പൂരിപ്പിക്കാൻ പരീക്ഷാർഥികളെ അധ്യാപകർ സഹായിച്ചതിനും കേസുണ്ട്. രാജസ്ഥാനിലെ കോട്ടയിലും ക്രമക്കേടുകളുണ്ടായതായാണു റിപ്പോർട്ട്.
കാറ്റിൽ പറത്തിയ വിശ്വാസ്യത
ലോക്സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസമായ ജൂണ് നാലിന് നീറ്റ് ഫലം പ്രഖ്യാപിച്ചതു മുതൽ സംശയങ്ങൾ പലതുണ്ട്. ഒന്നോ രണ്ടോ പേർക്ക് കിട്ടുന്ന 720ൽ 720 മാർക്ക് 67 പേർക്കു കിട്ടിയതിൽ ക്രമക്കേടു വ്യക്തം. മറ്റു പലർക്കും 719, 718 മാർക്കും കിട്ടി.
സാധാരണ പരീക്ഷാ സാഹചര്യങ്ങളിൽ ഇത് സാധ്യമല്ല. ചില കേന്ദ്രങ്ങളിൽ സമയം കഴിയുന്നതിനു മുന്പേ പരീക്ഷ അവസാനിപ്പിച്ചതും ദുരൂഹമാണ്. അര മണിക്കൂർ നേരത്തെ പരീക്ഷ നിർത്തിയ കേന്ദ്രങ്ങളിലെ പരീക്ഷാർഥികൾക്കു നൽകിയ അധികമാർക്കും (ഗ്രേസ് മാർക്ക്) പ്രശ്നമായിട്ടുണ്ട്.
മേയ് അഞ്ചിനു നടത്തിയ നീറ്റ് ബിരുദ പരീക്ഷയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചകളാണുണ്ടായത്. പല കേന്ദ്രങ്ങളിലെയും പരീക്ഷാമുറികളിൽ പ്രവർത്തനക്ഷമമായ രണ്ടു സിസിടിവി കാമറകൾ ഉണ്ടായില്ല. ചിലയിടങ്ങളിൽ സുരക്ഷിതമല്ലാത്ത മുറികളിൽ ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. സ്ട്രോംഗ് റൂമുകളിൽ അതീവസുരക്ഷയോടെ സൂക്ഷിക്കണമെന്ന വ്യവസ്ഥ കാറ്റിൽ പറന്നു.
ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിച്ച സമിതി സന്ദർശിച്ച 399 പരീക്ഷാകേന്ദ്രങ്ങളിൽ 186 എണ്ണത്തിലും (46%) പരീക്ഷാമുറിയിൽ നിഷ്കർഷിച്ചിരുന്ന രണ്ടു സിസിടിവി കാമറകൾ ഉണ്ടായിരുന്നില്ല. ഈ കാമറകളിൽനിന്നുള്ള തത്സമയ ഫീഡുകൾ ന്യൂഡൽഹിയിലെ എൻടിഎ ആസ്ഥാനത്തുള്ള സെൻട്രൽ കണ്ട്രോൾ റൂമിലേക്കു കൈമാറണമെന്നും അവിടെ വിദഗ്ധരുടെ സംഘം അവ നിരീക്ഷിക്കേണ്ടതുണ്ടെന്നുമാണു ചട്ടം.
പരിശോധിച്ച 399ൽ 68 ഇടത്ത് സ്ട്രോംഗ് റൂമിനു കാവൽ ഏർപ്പെടുത്തിയിരുന്നില്ല. മാത്രമല്ല, 83 പരീക്ഷ കേന്ദ്രങ്ങളിൽ അവിടേക്കു നിയോഗിക്കപ്പെട്ടവർ അല്ലാത്ത ജീവനക്കാരാണു പരീക്ഷാ ചുമതലയിലുണ്ടായത്.
വേണം, സമൂല പരിഷ്കാരം
ഭാഷാവ്യത്യാസങ്ങൾ അടക്കം ഇന്ത്യപോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത് എല്ലാം ഒന്നുപോലെയാക്കി തന്നിഷ്ടമാക്കാനുള്ള മോദി സർക്കാരിന്റെ അതിമോഹത്തിനേറ്റ തിരിച്ചടികൂടിയാണ് നീറ്റ്, നെറ്റ് പരീക്ഷാദുരന്തം. ഒരു രാജ്യം-ഒരു ടെസ്റ്റ് എന്ന പ്രഖ്യാപിത ലക്ഷ്യം തെറ്റിയില്ലേയെന്നു സംശയിക്കാതെ പറ്റില്ല.
നെറ്റ് പരീക്ഷ അപ്പാടെ റദ്ദാക്കേണ്ടിവന്നു. നീറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുമോയെന്നറിയാൻ സുപ്രീംകോടതിയുടെ അന്തിമവിധി കാത്തിരിക്കണം. പുനഃപരീക്ഷ കൊണ്ടു പ്രശ്നപരിഹാരമാകില്ല. മെഡിക്കൽ പ്രവേശന കൗണ്സിലിംഗ് നിർത്തിവച്ചിട്ടുമില്ല. ദശലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവിയാണ് സർക്കാർ പന്തുതട്ടുന്നത്!
പരീക്ഷാ നടത്തിപ്പു സംവിധാനത്തിൽ ഘടനാപരവും സാങ്കേതികവും ശാസ്ത്രീയവുമായ പരിഷ്കാരം കൂടാതെ നീതി നടപ്പാകില്ല. പരീക്ഷാ നടത്തിപ്പിലെ വികേന്ദ്രീകരണം സഹായകമായേക്കാം.
എല്ലാം കേന്ദ്രീകരിക്കുകയെന്നതിൽ അപകടങ്ങൾ പതിയിരിപ്പുണ്ട്. കംപ്യൂട്ടർ അടക്കം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതോടൊപ്പം ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനത്തിലും മാറ്റം ആവശ്യമാണ്.
ലോകമെങ്ങുമുള്ള നല്ല പരീക്ഷാ രീതികളെ മാതൃകയാക്കണം. മത്സരപരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാനായില്ലെങ്കിൽ വിദ്യാഭ്യാസ സന്പ്രദായം മാത്രമല്ല, രാജ്യവും അപകടത്തിലാകും. സന്പൂർണ പരിഷ്കാരത്തിന് ഇനി വൈകരുത്.