അക്ഷരമറിയാതെ അക്ഷരങ്ങൾക്കൊണ്ടു ജാലവിദ്യകാട്ടിയ ഒരാളെക്കുറിച്ച് തികച്ചും വ്യത്യസ്ഥമായ പുതിയ കാലഘട്ടത്തിൽ പറയുക മാത്രമല്ല ഈ കുറിപ്പിനാധാരം. അദ്ദേഹം പടുത്തുയർത്തിയ അക്ഷര സാമ്രാജ്യം ശുഷ്കിച്ചുകൊണ്ടിരിക്കുന്ന കഥ കൂടിയുണ്ടിതിൽ.
തൻ്റെ ആഴ്ചപ്പതിപ്പുകളിലൂടെ അദ്ദേഹം അക്ഷരം പഠിപ്പിച്ച സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ ടിവി സീരിയലുകളിലേക്കും അതിനും മുകളിലുള്ളവർ സോഷ്യൽ മീഡിയയിലേക്കും പടർന്നു കയറിയപ്പോൾ തകർന്നത് അച്ചടി മാധ്യമ ലോകത്ത് അദ്ദേഹം പടുത്തുയർത്തിയ ഗോപുരമാണ്. അദ്ദേഹത്തിൻ്റെ പിൻ തലമുറയ്ക്കാകട്ടെ ആഴ്ചപ്പതിപ്പിനെ വൈവിധ്യവത്കരിച്ച് നവീന വായനയെ പ്രോത്സാഹിപ്പിച്ച് മുന്നോട്ടട്ടു കൊണ്ടുപോകാനും കഴിഞ്ഞില്ല.
മംഗളം സാമ്രാജ്യം പടുത്തുയർത്തിയ എം.സി. വർഗീസിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അദ്ദേഹത്തെക്കുറിച്ച് വേണ്ട വിധം എഴുതപ്പെട്ടിട്ടില്ല എന്ന യഥാർഥ്യവും ഈ കുറിപ്പിന് ആധാരമാണ്. പിൻതലമുറക്കാർ മാത്രമല്ല അദ്ദേഹം പോറ്റി വളർത്തിയ ഒരു പറ്റം പത്രപ്രവർത്തകരും തങ്ങളുടെ എഴുത്തുകളിലെവിടെയും അദ്ദേഹത്തെ സ്മരിച്ചില്ല.
അദ്ദേഹം ആത്മകഥ എഴുതിയില്ല. നിഴൽപറ്റി നിന്നവർ ആ ഓർമക്കുറിപ്പുകൾ എഴുതിയതുമില്ല. അക്കൂടെ വളരെ മുതിർന്ന പത്രപ്രവർത്തകരുമുണ്ടായിരുന്നു. അവരിൽ രണ്ടു മൂന്നു പേർ ഇന്ന് നമ്മോടൊപ്പമില്ല താനും.
സാധാരണക്കാരായ മലയാളികളെ വായന പഠിപ്പിച്ചതും വായന നന്നായറിയാത്ത ഈ മനുഷ്യനായിരുന്നു എന്നത് ലോകത്തെത്തന്നെ അമ്പരപ്പിച്ച കാര്യമാണ്. മംഗളം ആഴ്ചപ്പതിപ്പ് 16 ലക്ഷം കോപ്പി അച്ചടിച്ചിരുന്നു എന്നു പറയുമ്പോൾ ഇക്കാലത്ത് അത് വിശ്വസിക്കാൻ കൂടി ബുദ്ധിമുട്ടുള്ളതാണ്.
16 ലക്ഷം കോപ്പി വിറ്റഴിഞ്ഞപ്പോൾ എത്രയോ ലക്ഷം പേർ അതു വായിച്ചിട്ടുണ്ടാകും. മംഗളം വാരിക വരാൻ സാധാരണ മനുഷ്യർ കാത്തിരുന്ന കാലം. അവർ വായിച്ചു. പിന്നീട് ആ ഓരോ കോപ്പിയും വീട്ടിലും അയൽപ്പക്കത്തുള്ളവരിലേക്കും കൈമാറപ്പെട്ടു. അങ്ങനെ നോക്കിയാൽ ഒരാഴ്ചയിൽ മംഗളം ആഴ്ചപ്പതിപ്പ് എത്ര പേരിലേക്ക് കൈമാറപ്പെട്ടിട്ടുണ്ടാകും.
മംഗളം കയ്യിലെത്താൻ ആകാംക്ഷയോടെ ദിവസങ്ങൾ എണ്ണി നീക്കിയിരുന്ന കാലം. മംഗളം വർഗീസ് ചേർത്ത ചേരുവകളോടെ ഒട്ടേറെ ആഴ്ചപ്പതിപ്പുകൾ പിറവിയെടുത്തു. മനോരമ ആഴ്ചപ്പതിപ്പ് തുടങ്ങി എത്രയെത്ര ആഴ്ചപ്പതിപ്പുകൾ. അവയെല്ലാം കൂടി വായനയിൽ വിപ്ലവം സൃഷ്ടിച്ചെങ്കിൽ അതിൻ്റെ പിതൃത്വം എം.സി.വർഗീസിന് മാത്രം അവകാശപ്പെട്ടതാണ്.
മലയാളി സാക്ഷരതയിൽ മുന്നിലാണെങ്കിൽ അതിൻ്റെ ശില പാകിയത് എം.സി.വർഗീസാണ്. ദീപിക ദിനപത്രം അച്ചടിച്ചിറങ്ങുമ്പോൾ അത് എണ്ണിക്കെട്ടി ഓരോ ഏജൻ്റുമാർക്കും കയറ്റി വിടുന്ന ജോലി ചെയ്തിരുന്ന കാലം മരിക്കുവോളം അദ്ദേഹം മറന്നിരുന്നില്ല. പിന്നെ എത്രയെത്ര വേഷങ്ങൾ ഈ നാടക കമ്പക്കാരൻ കെട്ടിയാടി.
ഇളം പ്രായത്തിൽ ദീപികയിൽ ജോലി ചെയ്തിരുന്ന കാലത്തിൻ്റെ ഓർമകൾ മരണംവരെ അദ്ദേഹം അടുപ്പക്കാരോട് പറയുമായിരുന്നു. അന്ന് പത്രം അച്ചടിച്ചു വരുന്നതിനു മുൻപ് സെക്കൻഡ് ഷോ സിനിമയ്ക്കു പോയിരുന്നതും എത്താൻ വൈകിയാൽ പത്ര മാനേജ്‌മെൻ്റിലെ പുരോഹിതർ ചെവിക്കു പിടിച്ചിരുന്നതുമാണ് അതിൽ ഏറ്റവും രസകരമായ കഥ.
ഒന്നുമില്ലായ്മയിൽ നിന്ന് വൻ സാമ്രാജ്യം പടുത്തുയർത്തിയ ഈ മനുഷ്യൻ അദ്ഭുതമാകുമ്പോൾ അദ്ദേഹത്തിൻ്റെ പിൻതലമുറ ആലസ്യത്തിലാണ്ടുപോയോ എന്നു സംശയിക്കുന്നവരേറെ. മംഗളം പ്രസിദ്ധീകരണങ്ങൾക്കു പുറമേ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം തൻ്റെ കയ്യൊപ്പു ചാർത്തി. നഴ്സറി സ്കൂൾ മുതൽ എൻജിനിയറിങ് കോളജ് വരെ അദ്ദേഹം പടുത്തുയർത്തിയെന്നു പറയുമ്പോൾ അവശ്വസനീയമാകും പുതിയ തലമുറയ്ക്ക്.
മെഡിക്കൽ രംഗവും അദ്ദേഹത്തിനു വഴങ്ങി. ബേക്കർ ജംക്ഷനിലെ മംഗളം ഡയഗ്നോസിറ്റ്ക്സിത്തിൻ്റെ സ്ഥാപനം അങ്ങനെയാണ്. റിയൽ എസ്‌റ്റേറ്റ് രംഗത്തെക്കുറിച്ച് കേട്ടുകേഴ്വി പോലുമില്ലാതിരുന്ന കാലത്ത് കേരളത്തിലും ദക്ഷിണേന്ത്യയിൽ പലയിടത്തും അദ്ദേഹം വസ്തുവകകൾ വാരിക്കൂട്ടി. അക്കൂട്ടത്തിൽ പെടുന്ന വൻ എസ്‌റ്റേറ്റുകളാണ് ഏറ്റുമാനൂരിലും കോഴിക്കോട്ടും എല്ലാമുള്ളത്.
സ്ഥലങ്ങളിൽ മുതൽ മുടക്കുന്നതാണ് ഭാവിയിൽ ഏറ്റവും ലാഭകരമായ ബിസിനസ് എന്ന് അദ്ദേഹത്തിനോട് പറഞ്ഞു കൊടുത്തത് ഏത് അശരീരിയാണോ ആവോ ? ഇന്നിപ്പോൾ അവ ഓരോന്നായി കൈമോശം വരുന്നത് കാണുമ്പോൾ നിധി കാക്കുന്ന ഭൂതത്തെപ്പോലെ എല്ലാം കാത്തുസൂക്ഷിച്ച ആ മനുഷ്യൻ്റെ ആത്മാവ് പിടയുന്നുണ്ടാകാം.
അദ്ദേഹത്തിൻ്റെ മാസ്മരിക ശക്തിയെക്കുറിച്ചാണ് ഇവിടെ പറഞ്ഞു വരുന്നത്. ജീവിച്ചിരിക്കെ, രണ്ടു സ്വകാര്യ ദു:ഖങ്ങൾ അദേഹത്തിനുണ്ടായിരുന്നു. ഒന്ന്, കാർ ഡ്രൈവിങ് അറിയില്ല. രണ്ട്, ഇംഗ്ലീഷ് അറിയില്ല.
ഇതു രണ്ടും കൂടി അറിയാമായിരുന്നെങ്കിൽ ഒരു കളി കളിച്ചേനെ എന്ന് അദ്ദേഹം പറയുമായിരുന്നു. ഡ്രൈവിങ് അറിയാമായിരുവെങ്കിൽ പരമരഹസ്യമായി ചെയ്തിരുന്ന പല കുസൃതികളും ഇരുചെവി അറിയുമായിരുന്നില്ല. ഇംഗ്ലീഷ് അറിയാമായിരുന്നുവെങ്കിൽ വിദേശയാത്രകളിലും മറ്റും ആളെ കൂട്ടേണ്ടി വരുമായിരുന്നില്ല.
(തുടരും)