Advertisment

മാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമറിയാന്‍ ഷിരൂരിലേക്ക് നോക്കിയാല്‍ മതി; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വഴിതെറ്റിച്ചതില്‍ ഒരു പങ്ക് മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടത്; രഞ്ജിത്ത് ഇസ്രയേലിന്റെ വാക്കുകള്‍ വിശ്വസിച്ച മാധ്യമങ്ങളില്‍ തിരുത്തിയത് ഏഷ്യാനെറ്റ് മാത്രം; മറ്റുള്ളവര്‍ക്ക് അനക്കവുമില്ല ! മാധ്യമ 'ന്യായാധിപന്മാ'രെക്കൊണ്ട് നാടു തോറ്റു - പിന്നാമ്പുറത്തില്‍ സാക്ഷി

author-image
സാക്ഷി
New Update
arjun media

കേരളത്തിലെ ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒക്കെ തമ്മിലുള്ള മത്സരം ദുരന്തമുഖങ്ങളിലും മറ്റും എന്തെല്ലാം കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത് എന്നറിയാൻ ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ എന്ന ചെറുപ്പക്കാരനെ മുൻനിർത്തിയുള്ള അന്വേഷണം മാധ്യമങ്ങളും രഞ്ജിത് ഇസ്രയേൽ എന്നയാളും ചേർന്ന് വഴിതെറ്റിച്ചു.

Advertisment

രഞ്ജിത് എന്ന വ്യാജ വിദഗ്ദ്ധൻ മാധ്യമങ്ങളെ ആധികാരികമായി പറഞ്ഞു പറ്റിച്ചപ്പോൾ അധികൃതർക്കും ഇതിൻ്റെ പിന്നാലെ പോകേണ്ടി വന്നു. രണ്ജിത് വഴി തെറ്റിച്ചതു മൂലം നഷ്ടമായത് വിലപ്പെട്ട രണ്ടു മൂന്നു ദിവസങ്ങൾ. 

ranjith isreyel


തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്നും നാട്ടുകാരിലേക്ക് അബദ്ധം വിളമ്പിയെന്നുമുള്ള സത്യാവസ്ഥ പറയാനുള്ള സത്യസന്ധത കാട്ടിയത് ഏഷ്യാനെറ്റു മാത്രം. അബദ്ധം തങ്ങൾക്കും പിണഞ്ഞുവെന്ന് ഇന്നലത്തെ ന്യൂസ് അവറിൽ ഖേദപൂർവം ആങ്കർ വിനു വി ജോൺ വിളിച്ചു പറഞ്ഞു.


വിനുവിൻ്റെ വാക്കുകളിലേക്ക്: " തുറന്നു പറയാം. രഞ്ജിത് ഇസ്രയേൽ എന്നയാളിനെ ഏഷ്യാനെറ്റ് ഉൾപ്പെടെ പല മാധ്യമങ്ങളിലും നേരത്തെ കണ്ടിരുന്നു. ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനത്തിനിടെയായിരുന്നു അത്. അതുകൊണ്ട് ഞങ്ങളും ചില ചർച്ചകളിലൊക്കെ ഇയാളെ പങ്കെടുപ്പിച്ചിരുന്നു. അതു ശരിയായിരുന്നില്ല എന്ന് ഇപ്പോൾ മനസ്സിലാകുന്നു". 

"ഇത്തരമൊരു രംഗത്തു പ്രവർത്തിക്കാനുള്ള പ്രാവീണ്യമോ വൈദഗ്ധ്യമോ ഇല്ലാത്ത ഇയാൾ വളരെ ബുദ്ധിപൂർവം മാധ്യമങ്ങളെയും അർജുൻ്റെ കൂടുംബത്തെയും തെറ്റിദ്ധരിപ്പിക്കുകയും എന്തൊക്കെയോ പുലമ്പുകയായിരുന്നു. അത്തരക്കാർക്ക് അവസരം കൊടുക്കാൻ പാടില്ലായിരുന്നു. ഓൺലൈൻ തട്ടിപ്പിലൊക്കെ നാം പറ്റിക്കപ്പെടുന്നതു പോലെയാണിത്. ഇത്തരക്കാർ വിലപ്പെട്ട സമയമാണ് ഇല്ലാതാക്കിയത് " - വിനു വി.ജോൺ അബദ്ധം തുറന്നു പറഞ്ഞു എന്നതിലാണ് അതിൻ്റെ സത്യസന്ധത.


രഞ്ജിത് ഇസ്രയേലിൻ്റെ വാക്കുകൾ വിശ്വസിച്ച് മത്സരം കൊഴുപ്പിച്ച മറ്റു മാധ്യമങ്ങൾ എന്നാൽ അനങ്ങയില്ല. അർജുനും ലോറിയും മണ്ണിനടയിൽ തന്നെയുണ്ടെന്നും പുഴയിൽ ഇല്ലെന്നുമായിരുന്നു ഇയാളുടെ അസന്നിഗ്ധമായ പ്രഖ്യാപനം. ഇതിൽ വിശ്വാസമർപ്പിച്ച് ഇക്കാര്യം കലക്ടറെയും എസ്പിയേയുമൊക്കെ വിളിച്ചു പറഞ്ഞ് കേരളത്തിലെ ചില മാധ്യമ പ്രവർത്തകർ ജ്വലിച്ചു നിൽക്കുകയായിരുന്നു.


അധികൃതർക്ക് ഈ മാധ്യമ പ്രവർത്തകരിൽ നിന്നുണ്ടായ മറ്റ് ശല്യങ്ങൾ വേറെ. അവരെ ജോലി ചെയ്യാൻ വിടില്ലാത്ത അവസ്ഥ. അതിനിടെ സ്റ്റുഡിയോയിൽ ഇരുന്നും ഈ സ്വയം പ്രഖ്യാപിത മാധ്യമ വിദഗ്ദ്ധർ തകർത്തുവാരുകയായിരുന്നു. അടുത്തിടെ പൊന്തി വന്ന ഒരു തീപ്പൊരി മാധ്യമ പ്രവർത്തക എന്തൊക്കെയാണു പറഞ്ഞതെന്നു കേൾക്കേണ്ടതു തന്നെ.

"പുഴയിൽ എന്തിനാണ് തിരച്ചിൽ നടത്തുന്നത്. ലോറി പുഴയിൽ ഇല്ല. ഉണ്ടെങ്കിൽ അതു നേരത്തെ കണ്ടെത്തിയേനെ. അർജുൻ്റെ ലോറിയിൽ 300 തടിക്കഷണങ്ങൾ ഉണ്ടായിരുന്നു. പുഴയിലാണു വീണതെങ്കിൽ കെട്ടു പൊട്ടി ഈ തടിക്കഷണങ്ങൾ പൊന്തിക്കിടക്കുന്നതു കാണാമായിരുന്നു. ലോറി മണ്ണിനടിയിൽ ഉണ്ടെന്നുറപ്പിക്കാൻ ഇത്ര ആലോചനയുടെ കാര്യമെന്ത് ? കോമൺസെൻസ്പോരെ" - മാധ്യമ പ്രവർത്തകയുടെ പരിഹാസം ഇങ്ങനെയായിരുന്നു.

രഞ്ജിത് ഇസ്രയേലിനെ മാത്രം കുറ്റം പറയുന്നതെന്തിന് ? മുൻപറഞ്ഞ മാധ്യമക്കാരും അന്വേഷണത്തിൻ്റെ ഗതി മാറ്റി മറിക്കുകയായിരുന്നില്ലെ ? മാധ്യമ "ന്യായാധിപന്മാ"രെക്കൊണ്ട് നാടു തോറ്റു എന്നു പറയാതെ വയ്യ.

Advertisment