Advertisment

'സോഷ്യല്‍ മീഡിയ' അറിയാതെ ഉപയോഗിച്ചപ്പോള്‍ 'ഒര്‍ജിനല്‍ മീഡിയ'യുടെ മേധാവികളിലൊരാള്‍ക്ക് പണിപോയത്രെ ! ഒന്ന് സൊള്ളിയതാണ്. ചിത്രങ്ങള്‍ പോയത് ഗ്രൂപ്പുകളിലേയ്ക്ക് ! അത് മുതലാളിമാരുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പണി തെറിച്ചത് കേരളം അറിയുന്ന ഉന്നതന്‍റേത് ? പിന്നെ ചില മാധ്യമ അതിഥി തൊഴിലാളി വിശേഷങ്ങളും

author-image
കുഞ്ചിക്കുറുപ്പ്
Updated On
New Update
social media-1

കോട്ടയം: വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളാണ് പലപ്പോഴും വാര്‍ത്തകളെക്കാള്‍ പ്രിയങ്കരം. അതും വായനക്കാരെ പഠിപ്പിച്ചത് മാധ്യമങ്ങളാണ്. രാഷ്ട്രീയക്കാരുടെ.. സിനിമാക്കാരുടെ.. ബിസിനസ് ലോകത്തെ.. ഇത്തരം പിന്നാമ്പുറ കഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ മിക്കപ്പോഴും അരങ്ങ് കൊഴിപ്പിക്കും. പക്ഷേ ഈ മാധ്യമങ്ങളുടെ പിന്നാമ്പുറ കഥകള്‍ ആരും അറിയാറില്ല. അവ ചിലപ്പോള്‍ മറ്റുള്ളവയെക്കാള്‍ ഗംഭീരമാകും. 

Advertisment

ഒരു പത്രമുത്തശിയുടെ എഡിറ്റോറിയൽ ഇതര വിഭാഗങ്ങളുടെ മേധാവിയും മാനേജ്മെൻ്റിന് ഏറ്റവും പ്രിയങ്കരനുമായിരുന്ന 72 കാരൻ്റെ പതനത്തിൻ്റെ കഥ രസകരമാണ്. സോഷ്യല്‍ മീഡിയ കാലത്തെ അറിവില്ലായ്മകള്‍ ഒര്‍ജിനല്‍ മീഡിയയുടെ നടത്തിപ്പുകാരെപ്പോലും അപകടത്തിലാക്കിയ കഥ അറിയേണ്ടതുതന്നെ.

ഒരു ജീവനക്കാരിയോട് ഈ മേലാളന് നേരത്തെ മുതലേ ഒരു വീക്നെസ് ഉണ്ടായിരുന്നു. ഒരിക്കല്‍ തൻ്റെ ക്യാബിനിൽ വന്ന ഈ ജീവനക്കാരിയുടെ ചില ചിത്രങ്ങൾ അദ്ദേഹം ഒരു കൌതുകത്തിന് സ്വന്തം മൊബൈലിൽ പകർത്തി. അറിഞ്ഞോ അറിയാതെയോ ജീവനക്കാരിയുടെ അൽപം സല്ലാപരസം ആ പടങ്ങളിൽ മിഴി തുറന്നിരുന്നു.

ഇതിനിടെ അദ്ദേഹത്തിനൊരു കയ്യബദ്ധം പിണഞ്ഞു. പടം കണ്ട് ആസ്വദിച്ചു കൊണ്ടിരുന്ന നമ്മുടെ 72 കാരൻ്റെ കൈ എവിടെയോ തൊട്ടപ്പോള്‍ ഈ പടങ്ങൾ അറിയാതെ ഒരു ഗ്രൂപ്പിലേക്കു പോയി.

മൊബെൽ - കംപ്യൂട്ടർ പരിജ്ഞാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെ കഥാപാത്രം, ചിത്രങ്ങള്‍ ഒരു ഗ്രൂപ്പിലേക്കു പോയത് അറിഞ്ഞതേയില്ല. ഗ്രൂപ്പാകട്ടെ, ഭയങ്കര കുഴപ്പം പിടിച്ചതുമായിരുന്നു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ മാനേജ്മെൻ്റ് സ്റ്റാഫിൻ്റേതായിരുന്നു ഗ്രൂപ്പ്. പോരെ പൂരം.. !

സ്വന്തം സമൂഹത്തിൽ പെടുന്നവരുമായിട്ടാണല്ലോ പലർക്കും സ്പർധ. ഏതായാലും പടം പൊടിപെടിച്ചു. ഗ്രൂപ്പ് അംഗങ്ങളിൽ നമ്മുടെ കഥാപാത്രത്തോട് അടുപ്പമുണ്ടായിരുന്ന ആരോ വിളിച്ചു പറഞ്ഞപ്പോഴാണ്, പടങ്ങൾ ഗ്രൂപ്പിലേക്ക് പോയ വിവരം അദ്ദേഹം അറിയുന്നത്. ഇനി എന്താ ചെയ്യുക ? നമ്മുടെ കഥാപാത്രം ആധിപൂണ്ടു.

പടങ്ങൾ ഗ്രൂപ്പിൽ നിന്ന് ഡലീറ്റ് ചെയ്തു. കാര്യമുണ്ടായില്ല. പടങ്ങൾ കാണേണ്ടവരൊക്കെ കാണുകയും അത് ഫോർവേഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഥ പത്രമുതലാളിമാരുടെ ചെവിയിലും ചെന്നു. ഇദ്ദേഹത്തെ പിന്നെ ചെവിക്കു പിടിച്ചു പുറത്താക്കാൻ അധികനാൾ വേണ്ടി വന്നില്ല. സന്തോഷിപ്പിച്ചാണ് വിട്ടത്.

കാരണം മാനേജ്മെൻ്റിൻ്റെ ഒട്ടേറെ രഹസ്യങ്ങൾ അറിയുന്നയാളാണ്. തെറ്റുപറയരുതല്ലോ, സ്ഥാപനത്തിൽ നിന്ന് പുറത്തു പോകുന്നവരെ ഗ്രേസ്ഫുൾ ആയിട്ടേ വിടാറുള്ളു. പകരം വന്ന പുതിയ മേധാവി സ്ഥാപനത്തിനു പുറത്തു നിന്നുള്ളയാളാണ്.

അതിഥി തൊഴിലാളികൾ

മറ്റു പത്രങ്ങളിൽ നിന്ന് ഒരു കാലത്ത് കുറേയധികം ജേണലിസ്റ്റുകളെ പത്രത്തിലേക്ക് കൊണ്ടു വന്നിരുന്നു. അവരിൽ പലരും പത്ര മേലാളന്മാരുടെ വേണ്ടപ്പെട്ടവരാകുകയും ചെയ്തു. പക്ഷേ ...

മുത്തശി സംസ്കാരം എന്നൊന്നുണ്ട്. ഇക്കൂട്ടർക്ക് അതു കിട്ടിയിട്ടില്ലത്രെ. പട്ടിയുടെ വാൽ കുഴലിൽ ഇടുന്നതു പോലെ. ഏതായാലും ഇവരിൽ പലരും പിരിഞ്ഞു പോയി. അന്ന് മറ്റു പത്രങ്ങളിൽ നിന്നു വരുന്നത് വലിയ സംഭവമായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊന്നും നടക്കില്ല. 

മുത്തശി ടിവി

ടി വി ചാനലുകളിലെല്ലാം മറ്റു സ്ഥാപനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ്. മുത്തശ്ശിയുടെ ടിവിയിലാകട്ടെ, അതിൻ്റെ മേധാവി ഒഴികെ എല്ലാവരും അതിഥി തൊഴിലാളികളാണ്. അതിൻ്റെ മെച്ചം മേൽപ്പറഞ്ഞ മേധാവിക്കാണ്. വയസേറെയായിട്ടും സസുഖം വാഴുന്നു. കാരണം മുത്തശ്ശി പത്ര സ്ഥാപനത്തിന്റെ പോളിസികള്‍ അറിയുന്ന ആള്‍ അദ്ദേഹം മാത്രമാണല്ലോ.

ചാനലുകളിൽ ഇതു പതിവില്ലാത്തതാണ്. ഒരു പണിയുമില്ല. ഒരു കൊച്ചുമുതലാളിയെ സന്തോഷിപ്പിച്ചാൽ മതി. പിന്നെ സ്വകാര്യ കാര്യങ്ങളും ചെയ്ത് തൻ്റെ രാഷ്ട്രീയ, സാഹിത്യ ബന്ധങ്ങളും ഉറപ്പിച്ച് കഴിഞ്ഞാൽ മതി.

പത്രത്തിൽ നിന്ന് ടിവിയിലേക്ക് വിടുമ്പോൾ ഇദ്ദേഹത്തിൻ്റെ കോലം കഷ്ടമായിരുന്നു. ഇപ്പോൾ ആത്മവിശ്വാസമൊക്കെയായി, മിടുക്കനായി. സ്ഥായിയായ ചമ്മൽ ഭാവം മാറിയിട്ടില്ലെന്നു മാത്രം. പക്ഷേ, ടി വി കാശിനു കൊള്ളില്ലെന്നു പറയാതെ വയ്യ. അത് നന്നാക്കാനുള്ള മികവ് ഈ കക്ഷിക്ക് ഇല്ലതാനും. അത് മനസിലാകാത്തത് മുതലാളിമാര്‍ക്ക് മാത്രവും ..   (തുടരും)

Advertisment