പാലക്കാട് എന്നാൽ പകൽ കമ്മ്യുണിസ്റ്റും രാത്രി ആർഎസ്എസും ആയിട്ടുള്ള ആളുകളുടെ ഒരു അഗ്രഹാരമാണെങ്കിലും ധാരാളം നന്മയുള്ള മനുഷ്യരുടെ ഒരിടം കൂടിയാണ്. അവിടത്തുകാർക്ക് രാഷ്ട്രീയം എന്നാൽ വ്യക്തികളിൽ ഒതുങ്ങിയുള്ള രാഷ്‌ടീയമാണ്.
ഗ്രാമങ്ങളിൽ പാവപ്പെട്ടവർ ധാരാളമുള്ളതുകൊണ്ട് കമ്മ്യുണിസ്റ്റ് പാർട്ടികൾ പിടിമുറുക്കി. എങ്കിലും നല്ല സ്ഥാനാർത്ഥികൾ വന്നാൽ അവരെ സ്വീകരിക്കുന്ന മനോഭാവവും ഇവര്‍ക്കുണ്ട്.
കോൺഗ്രസ് ഒരിക്കലും ജയിക്കാത്ത ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ 1991 -ൽ എ.വി ഗോപിനാഥ് എന്ന പടക്കുതിരയും കൊല്ലങ്കോട് മണ്ഡലത്തിൽ കോൺഗ്രസിന്റെ ചന്ദ്രനും ഒക്കെ ജയിച്ചത് ചരിത്രങ്ങൾ. മലമ്പുഴ മണ്ഡലത്തിൽ വിഎസിനെ സതീശൻ പാച്ചേനി വരിഞ്ഞു മുറുക്കിയതും നമ്മൾ കണ്ടു.
പാലക്കാട് ലോക്സഭാ മണ്ഡലം ഒരിക്കല്‍ കോൺഗ്രസില്‍ വി.എസ് വിജയഘവന്‍ കുത്തകയാക്കി വെച്ചെങ്കിലും അദ്ദേഹത്തിന്റെ തന്നെ പിടിപ്പുകേടിൽ കമ്മ്യുണിസ്റ്റുകൾക്ക് വഴിമാറികൊടുക്കുകയിരുന്നു. പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം തുടര്‍ച്ചയായി വി.കെ ശ്രീകണ്ഠനെ ആശിർവദിക്കാനും പാലക്കാട്ടുകാർ പിശുക്ക് കാണിച്ചില്ല എന്നതും സത്യം.
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്ന പട്ടന്മാരുടെ പാർട്ടിയിൽ നിന്നുകൊണ്ട് സി.എം സുന്ദരം പാലക്കാട് ജയിച്ചു കയറിയതിനു ശേഷം കെ ശങ്കരനാരായണൻ എന്ന പട്ടരേയും പാലക്കാട്ടുകാർ സ്വീകരിച്ചു. പിന്നീട് കമ്മ്യുണിസ്റ്റ് പാർട്ടി പിടിച്ചെടുത്തു എങ്കിലും 'കാഫിറായ' ഷാഫി അവിടെ വെന്നിക്കൊടി പാറിക്കുകയായിരുന്നു.
മുനിസിപ്പാലിറ്റി ഏറെ നാളുകളായി ബിജെപി കുത്തകയാക്കി വെച്ചു പോന്നെങ്കിലും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ എംഎൽഎ ഓഫീസ് വരെ തുറന്ന നമ്മുടെ മെട്രോമാൻ ശ്രീധരേട്ടനെ പാലക്കാട്ടുകാർ കൈവിട്ടതും നാം കണ്ടു.
പിന്നീട് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ ഒട്ടേറെ കുത്തിത്തിരുപ്പുകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ വിജയം അട്ടിമറികൾക്ക് വിധേയമാകുമോ എന്നതാണ് ചോദ്യം.
കോൺഗ്രസിലെ പടലപ്പിണക്കത്തിനൊടുവിൽ അധികാരമോഹിയായ ഒരാൾ പാർട്ടി വിടുകയും എതിർപാർട്ടിയിലെ സ്ഥാനാർത്ഥിയാവുകയും ചെയ്തപ്പോൾ തന്നെ കോൺഗ്രസുകാരിലെ ആവേശം പതിന്മടങ്ങു ഉയരുന്നതായാണ് നാം കണ്ടത്.
കോൺഗ്രസിലെ പൊട്ടലും ചീറ്റലും മുതലാക്കുവാൻ ശ്രമിച്ച സിപിഐ-എമ്മിന് ഇപ്പോൾ ഉൾപ്പോരുകളിൽ ഒന്നും പ്രവചിക്കുവാനാകാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.
എല്ലാം കണ്ടും കേട്ടും വളരെ മുന്നിലെത്തിയ ബിജെപിയാകട്ടെ ഇന്നിപ്പോൾ സുരേന്ദ്രന്റെ കുഴൽപ്പണക്കുഴലിൽ പെട്ടും ശോഭ സുരേന്ദ്രന്റെ അമിത അഹങ്കാരത്തിൽ പെട്ടും സന്ദീപ് വാര്യരുടെ 'സരിൻ' കളികളിൽ പെട്ടും ചക്രശ്വാസം മുട്ടുകയാണ്.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി പ്രചാരണത്തിൽ വളരെയേറെ മുന്നിൽ എത്തുകയും ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാക്കുകയും ചെയ്തപ്പോൾ ചുറ്റിലും അസൂയക്കാരുടെ കൂട്ടങ്ങൾ അദ്ദേഹത്തെ താഴേക്ക് വലിച്ചിട്ടിരിക്കുകയാണ്. കൂടാതെ അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെ അമിത ആവേശവും ആർത്തിയും പാലക്കാട് ടൗണിൽ സംസാര വിഷയമായിരുന്നു.
പാലക്കാട് നഗരസഭാ ചെയർമാൻ സ്ഥാനത്തുനിന്നും മൂത്താൻ സമുദായക്കാരിയെ നായന്മാർ ചേർന്ന് വലിച്ചിട്ടപ്പോൾ അവരിങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പ് സ്വപ്നത്തിൽ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ഇപ്പോൾ ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിലാണ് ബിജെപി മുന്നോട്ട് നീങ്ങിക്കൊണ്ടിക്കുന്നത്.
അമിത്ഷാ ആർഎസ്എസ് കൂടാരം ഒന്നടങ്കം പാലക്കാട് ഇറക്കി വിട്ടിട്ടുണ്ടെങ്കിലും നായന്മാരുടെ ഇടയിലെ പാരകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തെ സംബന്ധിച്ചിടത്തോളം ഷാഫിക്ക് ബദലായി ഒരു ചിരിക്കുന്ന മുഖം പാലക്കാട്ടുകാർ സ്വീകരിക്കുന്നുണ്ടെങ്കിലും ഷാഫിയെയും വിഡി സതീശനെയും പാർട്ടിയിൽ തളച്ചിടുവാൻ കോൺഗ്രസുകാർ കളിച്ചാൽ കാര്യങ്ങൾ അത്ര ഈസിയാകണമെന്നില്ല.
രാഹുലിന്റെ കൂടെ നടക്കുന്ന ചില കോൺഗ്രസുകാരെ സൂക്ഷിക്കേണ്ടതും ഷാഫിയും രാഹുലും തന്നെയാണ്. കെ മുരളീധരനെ ചൊറിയുവാൻ പലരും പല ശ്രമങ്ങളും നടത്തിയെങ്കിലും മുരളീധരൻ പഴയ അനുഭവങ്ങൾ അയവിറക്കുമ്പോൾ കൂടുതൽ ശല്യക്കാരനാകുവാൻ നിൽക്കില്ല.
ഈ തിരഞ്ഞെടുപ്പുകൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ട് കോൺഗ്രസിൽ കുതികാൽ വെട്ടുകൾ ഇല്ലാതെ നോക്കേണ്ടത് മുന്നണി പോരാളികൾ തന്നെയാണ്.
ഇടതുപക്ഷത്തിന്റെ സരിൻ എന്നത് പണ്ടൊക്കെ സ്‌കൂളിൽ ടീച്ചർമാരുടെ മക്കളുടെ അവസ്ഥയിലാണ് എന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം. എല്ലാം അവർക്കുവേണം, എല്ലാവരും അവരെ ബഹുമാനിക്കണം, മാർക്ക് വരെ അവർക്കു കൂടുതൽ വേണം എന്ന് ചിന്തിക്കുന്ന ഒരു ടീച്ചർ മകന്‍ ഇപ്പോൾ തന്നെ ആ സ്വഭാവം വെളിയിൽ കാണിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് അവര്‍ പറയുന്നു.
കല്യാണവീട്ടിൽ വെച്ച് കൈകൊടുത്തില്ല എന്ന പേരിൽ എതിർ സ്ഥാനാർത്ഥിക്കെതിരെ വാളോങ്ങുന്ന സരിൻ എത്തിച്ചേർന്നിരിക്കുന്നത് പാർട്ടി വിട്ടതിന്റെ പേരിൽ 51 വെട്ടുകൾ മുഖത്തു വെട്ടിയവരുടെ കൂട്ടത്തിലേക്കാണത്രെ.
മൂന്ന് പാർട്ടിയിലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പാളയത്തിലെ പട ഉള്ളതുകൊണ്ടും, കേരളത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയിലും, കച്ചവടങ്ങൾ ഇടിഞ്ഞതിലും, പെൻഷൻ കൊടുക്കാത്തതും, പൊലീസിലെ കാവി വത്‌ക്കരണവും, സ്വാതന്ത്രന്മാരായി ജയിച്ചു കയറ്റിയ സഖാക്കന്മാർ തിരിഞ്ഞു കുത്തിയതും, കാഫിർ വിവാദങ്ങളും, ഹേമക്കമ്മറ്റിയിൽ ഇടതു എംഎൽഎമാരുടെ അറസ്റ്റും, വയനാട്ടിലെ പ്രിയങ്കഗാന്ധിയുടെ പ്രചരണത്തിലെ ആവേശവും എല്ലാംകൂടി കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിനാണ് മുൻതുക്കം എന്നതാണവസ്ഥ !!
ആർക്ക് വോട്ടു ചെയ്താലും കാലുമാറ്റക്കാരന് വോട്ടില്ല എന്ന ശപഥത്തിൽ സഖാവ് ദാസനും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ എന്ന വിശ്വാസത്തിൽ സഖാവ് വിജയനും