Advertisment

ദുബായിയെ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായിപ്പോലും മനസില്‍ കണ്ടാല്‍ അത്ഭുതപ്പെടാനില്ല. ഐശ്വര്യമുള്ള മണ്ണാണിത്. പക്ഷേ ചില എരപ്പാളി മലയാളികള്‍ ഇവിടെ കാണിച്ചുകൂട്ടാത്ത വേലകളില്ല. യുഎഇ ഏര്‍പ്പെടുത്തിയ 'ഗോൾഡൻ വിസ' എന്ന മഹാപ്രോജക്റ്റും ഇപ്പോള്‍ തൂക്കി വിറ്റ് കാശാക്കി ജയിലില്‍ പോയിരിക്കുകയാണ് ഒരു മലയാളി. നന്മയുള്ള നാട്ടില്‍ നന്മയില്ലാത്ത ഒരു കൂട്ടര്‍ - ദാസനും വിജയനും

ദൈവത്തിന്റെ പ്രത്യേക കരുണാകടാക്ഷമുള്ള ഈ ഭൂമിയിൽ ജീവിക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള കുടുംബങ്ങൾ ഓരോ ദിവസവും പറന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവനും പണക്കാരനും ഒരേപോലെ ജീവിക്കുവാനുള്ള സൗകര്യം ഭരണാധികാരികൾ ഒരുക്കി തന്നിട്ടുമുണ്ട്.  

author-image
ദാസനും വിജയനും
Updated On
New Update
dubai city
Listen to this article
0.75x 1x 1.5x
00:00 / 00:00

ദുബായ് എന്നത് ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായിട്ടാണ് ഓരോരോ ഇന്ത്യക്കാരനും മനസ്സിൽ കാത്തുസൂക്ഷിച്ചിട്ടുള്ളത് . കേരളത്തിന്റെ ഇപ്പോഴത്തെ മോശമല്ലാത്ത പുരോഗതിയിൽ ദുബായിയുടെയും മറ്റുള്ള എമിറേറ്റുകളുടെയും പങ്ക് നിസ്സാരമായി തള്ളിക്കളയാനാകില്ല.

Advertisment

ദൈവത്തിന്റെ പ്രത്യേക കരുണാകടാക്ഷമുള്ള ഈ ഭൂമിയിൽ ജീവിക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള കുടുംബങ്ങൾ ഓരോ ദിവസവും പറന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഐശ്വര്യമുള്ള മണ്ണിൽ പാവപ്പെട്ടവനും പണക്കാരനും ഒരേപോലെ ജീവിക്കുവാനുള്ള സൗകര്യം ഭരണാധികാരികൾ ഒരുക്കി തന്നിട്ടുമുണ്ട്.  

dubai city-4


കഴിഞ്ഞ വ്യാഴാഴ്ച അറിയുവാൻ ഇടയായ ഒരു സംഭവം ഇപ്പോഴാണ് എഴുതേണ്ടിവന്നത്. അതറിഞ്ഞപ്പോൾ അക്കാര്യം സത്യമാവല്ലേ എന്നും മനസ്സിൽ കരുതി. കാരണം ഈ നാടിന്റെ നന്മക്കായി ആ നാട്ടിലെ ജനങ്ങളുടെ നന്മക്കായി സർക്കാർ രൂപപ്പെടുത്തിയ ഗോൾഡൻ വിസ എന്ന ഒരു മഹാപ്രോജക്റ്റ് ധാരാളം ആളുകൾക്ക് വളരെ പ്രയോജനപ്പെടുകയുണ്ടായി.


ശാസ്ത്രജ്ഞർ, ഡോക്ടർമാർ, നഴ്‌സുമാർ, എഞ്ചിനീയർമാർ, ഐടി പ്രൊഫഷണൽസ് കൂടാതെ നല്ല കച്ചവടക്കാർക്കും നല്ല കലാകാരന്മാർക്കും കലാകാരികൾക്കും ഗോൾഡൻ വിസകൾ അനുവദിച്ചു കൊടുത്തു തുടങ്ങിയപ്പോൾ ഒട്ടനവധി പേർക്കാണ് അതിന്റെ ഗുണങ്ങൾ ലഭിച്ചത്.

ആദ്യകാലങ്ങളിൽ ഗോൾഡൻ വിസ കിട്ടിയ ആൾ എന്നാൽ സമൂഹത്തിൽ ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടായിരുന്നു. അവർക്കുള്ള മൂല്യവും വളരെ മേലേത്തട്ടിൽ തന്നെയായിരുന്നു. അന്നത്തെ പത്രങ്ങളിലും ചാനലുകളിലും  ഓരോ ദിവസങ്ങളിലും ഓരോ മഹദ്‌വ്യക്തികൾക്ക് കിട്ടിയ ഗോൾഡൻവിസയെ കുറിച്ച് നാം ആകാംക്ഷയോടെ വായിക്കുമായിരുന്നു. 

dubai golden visa


പിന്നീടങ്ങോട്ട് ആ വിഷയം കാണുന്നത് തന്നെ ഒരുമാതിരി ബോറടി ആക്കി മാറ്റുകയായിരുന്നു ചില തത്പര കക്ഷികൾ. നമ്മുടെ നാട്ടിലെ പത്മശ്രീയുടെ പോലെതന്നെ ശോഭ കെടുത്തിക്കൊണ്ട് ചില വിവരംകെട്ട കച്ചവടക്കാർ ഈ സുപ്രധാന വിഷയത്തെ ചന്തയിൽ വാങ്ങുവാൻ കിട്ടുന്ന തരത്തിൽ അധഃപതിപ്പിച്ചു എന്ന് വേണം പറയുവാൻ.  


ഈ ദുബൈ നഗരം നമ്മുക്ക് തരുന്ന ഒരു ബഹുമാനം നാം അവർക്കും നൽകേണ്ടതായ ബാധ്യതയുണ്ട്. ഇവിടെ ആർക്കും എന്തും ചെയാം, പക്ഷെ അതിരുവിട്ടാൽ കേവലം അഞ്ചുമിനിറ്റിൽ അവർക്ക് കൈയാമം വയ്ക്കുവാനും ഉള്ള അത്യാധുനിക എ ഐ സംവിധാനങ്ങളുമായാണ് സർക്കാർ നിലകൊള്ളുന്നത് . 

എത്ര വലിയ ഷെട്ടികളായാലും സാധുവായിരുന്ന അറ്റ്ലസ് രാമചന്ദ്രേട്ടൻ ആയാലും ഇവിടെ നിയമം എല്ലാവർക്കും ഒരേപോലെതന്നെയാണ്. ചെറിയവൻ എന്നോ വലിയവൻ എന്നോ നോക്കാതെ നിയമം നിയമത്തിന്റെ വഴിക്കുതന്നെയാണ് ദുബായില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 

ഒരു നിരപരാധിയെയും വെറുതെയങ്ങ് ശിക്ഷിക്കാറുമില്ല. എത്ര വലിയ ബന്ധങ്ങൾ ഉണ്ടായാലും എത്രകോടികൾ ബാങ്കിൽ ഉണ്ടായാലും തെറ്റു ചെയ്തവൻ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.


കേരളത്തിൽ നിന്നുള്ള സകലമാന സിനിമാ സീരിയൽ നടന്മാരെയും നടികളെയും മിമിക്രിക്കാരെയും ഗായകരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെയും കൊണ്ടുവന്ന് ഗോൾഡൻ വിസയെടുത്തുകൊണ്ട് സ്വന്തം ഓഫീസിൽ കൊണ്ടുപോയി മറ്റുള്ള സ്റ്റാഫുകളുമൊക്കെ ഒത്തൊരുമിച്ചു ആട്ടും പാട്ടും കണ്ടപ്പോൾ തന്നെ പലരും മനസ്സിൽ കരുതിയതാണ് ഇപ്പോഴത്തെ അറസ്റ്റും ചോദ്യം ചെയ്യലുമൊക്കെ.


 ഗോൾഡൻ വിസ എന്നത് സർക്കാരിന്റെ ഒരു ഔദ്യോഗിക അംഗീകാരമാണ്. അതിന് അതിന്റെതായ നിലവാരം കൊടുക്കാതെ ഖിസൈസിൽ റോഡുവക്കിലുള്ള ഷോപ്പിലേക്ക് റോൾസ്‌റോയ്‌സ് വണ്ടിയുമായെത്തി ഒരു മാതിരി പ്രാഞ്ചിയേട്ടൻ കളികൾ കളിക്കുമ്പോൾ ആ മനുഷ്യൻ ഓർത്തുകാണില്ല ഈ രാജ്യം ഇതൊക്കെ നിരീക്ഷിക്കുന്നുണ്ട് എന്നൊക്കെ.

dubai city-2


ഗോൾഡൻ വിസ കിട്ടിയ മിക്കവാറും ആളുകൾ അര്‍ഹതപെട്ടവർ തന്നെയാണെങ്കിലും പലരുടെയും രേഖകൾ കൃത്യമായിരുന്നില്ല എന്നതാണ് അറിയുവാൻ കഴിയുന്നത്.


രേഖകൾ കൃത്രിമമായി ചമച്ചുകൊണ്ട് ഗോൾഡൻ വിസകളുടെ എണ്ണം കൂട്ടി പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും ചാനലുകളിലും ഗോൾഡൻ മാൻ ആയപ്പോൾ ഇന്നിപ്പോൾ അഴിയെണ്ണേണ്ടി വരുമെന്ന് കരുതിക്കാണില്ല ആ പാവപ്പെട്ടവൻ. 

എല്ലാ കളികൾക്കും ഒരതിരുണ്ട് എന്നത് ഈ വക കളികൾ കളിക്കുന്ന ഓരോരുത്തനും ഓർത്ത് വെക്കേണ്ടതാണ്. ലേശം പണം കൈയിൽ വന്നാൽ ഏറ്റവും വിലപിടിച്ച കാറുകൾ സ്വന്തമാക്കി അതൊക്കെ സോഷ്യൽ മീഡിയയിൽ കാണിച്ചുകൊണ്ട് വിലസുന്ന ഓരോ മലയാളികൾക്കും ഉള്ള പാഠമാണ് ഇപ്പോഴത്തെ ഈ അറസ്റ്റ്.

പഴയ ഹിന്ദി സിനിമകൾ പോലെ കോടികളുടെ കഥകൾ പറഞ്ഞുകൊണ്ട് ആഡംബരമായ ഓഫീസുകൾ തുറന്നുവെച്ചുകൊണ്ട് സോഷ്യൽ മീഡയയിലെ ഒട്ടേറെ പ്രാഞ്ചിയേട്ടന്മാരെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ട് മറ്റുള്ളവരിൽ അസൂയ വരുത്തുന്ന ഈ പ്രവൃത്തികൾകൊണ്ട് കേരളത്തിൽ വരെ ജനങ്ങൾ തമ്മിൽ വിഭാഗീയത പടർത്തിയിരിക്കുന്നു.

dubai city-3


 ഒരു കൂട്ടർ വളരെ അധ്വാനിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുമ്പോൾ ചിലവന്മാർ മാത്രം കാറുകൾ കാണിച്ചും വീടുകൾ കാണിച്ചും ' ഹബീബി കം ടു കേരള ' കളികൾ കളിക്കുമ്പോൾ അടുത്ത തലമുറകളിൽ വരുന്ന ഭവിഷ്യത്ത് ഇവർ മനസിലാക്കുന്നില്ല. അഹങ്കാരികളായ ഒരു സമൂഹത്തെയാണ് ഇവർ പടച്ചുവിടുന്നത്. 


ഈ അറസ്റ്റ് വിവരം അറിഞ്ഞതുമുതൽ എഴുതണ്ട എന്ന് കരുതിയതാണ്. പക്ഷെ എഴുതിയില്ലെങ്കിൽ നമ്മൾ സമൂഹത്തിനോട് ചെയ്യുന്ന അനീതിയാണ് എന്ന് മനസ്സിൽ തോന്നി. അറിയാവുന്ന ആളുകൾ ആയതുകൊണ്ടും അതുപോലെ കുറേയാളുകൾ ഈ വക കളികൾ കളിക്കുന്നത് കൊണ്ടും നാമായിട്ട് എഴുതി ഇവരെയൊക്കെ പിണക്കേണ്ട എന്നതിനാലാണ് എഴുതാതിരുന്നത്. പക്ഷെ എഴുതാതെ വയ്യ !!

ഗോൾഡൻ വിസ കിട്ടുവാൻ പ്രാഞ്ചിയേട്ടനാകേണ്ടി വന്ന സ്റ്റാർട്ടപ്പ് ദാസനും ഇനിയും ആരും ഈ വക വിവരം കെട്ട കളികൾ കളിക്കല്ലേ എന്ന അഭ്യര്ഥനയിൽ വിജയനും

Advertisment