Advertisment

കള്ള കാഫിറും പൂരം കലക്കലും കഴിഞ്ഞപ്പോള്‍ അടുത്ത ഊഴം കോണ്‍ഗ്രസ് എംപിയുടെ കാലുമാറ്റത്തിനാണ്. ചെന്നിത്തലയേയും സുധാകരനെയും തിരുവഞ്ചൂരിനെയുമൊക്കെ ഇടീക്കാന്‍ വച്ച ട്രൗസറുമായി ഇപ്പോള്‍ നെട്ടോട്ടം തരൂരിന്‍റെ പിന്നാലെ. കടത്തുകളും കലക്കലുകളും പൂരംപോലെ പൊട്ടുന്ന കാലം - ദാസനും വിജയനും

ഇന്നിപ്പോൾ അതെല്ലാം വൃഥാവിലാണെന്ന് മലയാളിയെ മനസ്സിലാക്കിക്കൊണ്ട് ഒരു കള്ള കാഫിറും പൂരം കലക്കലും എഡിജിപി സന്ധികളും ഒക്കെ സിപിഐഎമ്മിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണികൾ അടിച്ചുകൊണ്ടിരിക്കുകയാണ്. 

author-image
ദാസനും വിജയനും
Updated On
New Update
sasi tharoor k sudhakaran ramesh chennithala
Listen to this article
0.75x 1x 1.5x
00:00 / 00:00

സഖാവ് പിവി എന്ന പിണറായി വിജയനും പിവി അൻവറും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഓരോ നാളും ഓരോരോ രൂപത്തിലും ഭാവത്തിലും മറ നീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മനസ്സിൽ ആദ്യമായി കടന്നു വരുന്നത് 1989 ൽ വടകരയിൽ രൂപം കൊണ്ടു എന്ന് പറയപ്പെടുന്ന കോ-ലീ-ബി സഖ്യം എന്ന പ്രൊപോഗോണ്ടയാണ്‌. 

Advertisment

അന്ന് വടകരയിലെ അഡ്വ. എം രത്നസിംഗിൽ തുടങ്ങിയ ആ കോലീബി വാർത്തകൾ എന്നൊക്കെ കേരളത്തിൽ തിരഞ്ഞെടുപ്പുകൾ വന്നിട്ടുണ്ടോ അന്നൊക്കെ സിപിഎം യുഡിഎഫിനെ വലിച്ചിട്ടു കീറിക്കൊണ്ടിരുന്നു.

കാഫിറും പൂരവും

ഇന്നിപ്പോൾ അതെല്ലാം വൃഥാവിലാണെന്ന് മലയാളിയെ മനസ്സിലാക്കിക്കൊണ്ട് ഒരു കള്ള കാഫിറും പൂരം കലക്കലും എഡിജിപി സന്ധികളും ഒക്കെ സിപിഐഎമ്മിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണികൾ അടിച്ചുകൊണ്ടിരിക്കുകയാണ്. 

ഈ സിപിഎം അവരുടെ ചരിത്രത്തിൽ എന്തൊക്കെയോ എതിർത്തിട്ടുണ്ടോ, എന്തിനെയൊക്കെയോ വിമർശിച്ചിട്ടുണ്ടോ, എങ്ങനെയൊക്കെയോ കളിയാക്കിയിട്ടുണ്ടോ, ആരെയൊക്കെയോ തളർത്തിയിട്ടുണ്ടോ, ഏതൊക്കെയോ ആരോപണങ്ങൾ എഴുന്നള്ളിച്ചിട്ടുണ്ടോ എല്ലാം അവരവരുടെ തിരുവായിലേയ്ക്കുതന്നെ തന്നെ ആഴത്തിൽ കുത്തിക്കയറുന്ന കാഴ്ചകൾ ഓരോരോ നാളുകളിലും മലയാളി കണ്ടുകൊണ്ടിരിക്കുന്നു.

സമരക്കാരെല്ലാം ശശിമാരായി !

കേരളം കണ്ട ഏറ്റവും മോശം ഭരണം നടന്നത് 1996 -2001 സഖാവ് ഇകെ നായനാർ സർക്കാരായിരുന്നു. അന്ന് നായനാർ കേരളത്തിൽ തമാശ പറഞ്ഞു നടന്നപ്പോൾ സഖാവ് പി ശശിയായിരുന്നു ഭരണം കയ്യാളിയിരുന്നത്. 

ആ സർക്കാരിലെ ഒട്ടുമിക്ക മന്ത്രിമാരും അഴിമതിയിൽ കുളിച്ചപ്പോൾ പിന്നീട് വന്ന എകെ ആന്റണി എല്ലാവർക്കും മാപ്പ് കൊടുത്തുകൊണ്ട് പുണ്യാളൻ ആകുകയായിരുന്നു. 


2001 അസംബ്ലി തിരഞ്ഞെടുപ്പിൽ അന്നത്തെ അഴിമതിക്കാരായ മന്ത്രിമാരെ ഒന്നടങ്കം പാർട്ടി സീറ്റുകൾ കൊടുക്കാതെ മാറ്റി നിർത്തിയെങ്കിലും എകെ ആന്റണി അക്കാര്യം വളരെ മോശമായി കൈകാര്യം ചെയ്തു. 


പി ശശി കാണിച്ചുകൂട്ടിയ അഴിമതികള്‍ കേരളം ഒട്ടേറെ ചർച്ച ചെയ്ത വിഷയങ്ങൾ ആയിരുന്നു എന്നതും വിസ്മരിക്കുവാനാകില്ല. അവര്‍ക്കെതിരെ അന്ന് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്തവരെല്ലാം ഭരണം പിടിച്ചപ്പോള്‍ ശശിമാരായി.

പൂരമാണെ സത്യം !

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമായ, ഇന്ത്യയുടെ ഏറ്റവും അഭിമാനമേറിയ ഉത്സവമായ, കേരളത്തിലെ ആവേശമേറിയ ഉത്സവമായ, തൃശ്ശിവപേരൂരിന്റെ നെഞ്ചിടിപ്പുള്ള  ഉത്സവമായ നമ്മുടെ തൃശൂർ പൂരം, മ്മ്‌ടെ പൂരം ചരിത്രത്തിൽ ആദ്യമായി മനുഷ്യൻ അവന്റെ കുനുഷ്ട് ബുദ്ധി പ്രയോഗിച്ചുകൊണ്ട് നിർത്തിവെപ്പിച്ചു.

കോവിഡ് കാലഘട്ടത്തിലും അല്ലാതെയും ഒന്നോ രണ്ടോ തവണ മാത്രം നടക്കാതെ പോയ ആ തൃശൂർ പൂരം കേവലം രാഷ്ട്രീയപാർട്ടിക്കാർക്ക് വേണ്ടി ജനങ്ങളെ പറ്റിച്ചുകൊണ്ട് പോലീസുകാർ കലക്കിയപ്പോൾ അതിനെല്ലാം കൂട്ടുനിന്ന ഒരു ഭരണകൂടമേ നിങ്ങൾക്ക് കേരളജനത മാപ്പ് തരില്ല.

ആ പോലീസ് ഉദ്യോഗസ്ഥനെ പൂരപ്പറമ്പിൽ വെച്ചുതന്നെ ജനങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ ദൈവകോപം ഉണ്ടായേക്കാം - എന്നാണ് പൂരനഗരിയുടെ പൊതുവികാരം.

അജണ്ടകള്‍ പലവിധം !

നാം വടക്കേ ഇന്ത്യയിൽ കാണുന്ന രാഷ്ട്രീയത്തെക്കാൾ മലീമസമാണ് കേരളത്തിന്റെ രാഷ്ട്രീയം. ഇവിടെ വിശ്വസിക്കുവാൻ കൊള്ളാത്തവർ തന്നെയാണ് മതനിരപേക്ഷത ഉച്ചത്തിൽ സംസാരിക്കുന്നത്. 

സംഘപരിവാർ ആശയങ്ങൾ വടക്കേ ഇന്ത്യയേക്കാൾ വളരെ ഭംഗിയായി ഇവിടെ അരങ്ങേറുന്നുണ്ട് എന്ന് ഇപ്പോഴെങ്കിലും ഈ കമ്മ്യുണിസ്റ്റുകളെ വിശ്വസിക്കുന്നവർ മനസിലാക്കണം. കഴിഞ്ഞ പത്തോളം വര്ഷങ്ങളായി ഇവിടെ കമ്മ്യുണിസ്റ്റ് സംഘപരിവാർ അജണ്ടകൾ രൂപം പ്രാപിച്ചു വരുന്നുണ്ട്. 

പുറ്റിംഗൽ വെടിക്കെട്ട് അപകടവും പെരുമ്പാവൂർ ജിഷ കൊലപാതകവും ഒശബരിമല വിഷയങ്ങളും ഒക്കെ തിരഞ്ഞെടുപ്പുകളിൽ ജയിക്കുവാൻ കാരണഭൂതമായിരുന്നു. 

കേരളത്തിൽ കണ്ണൂരിൽ ഒകെ വാസുവിൽ നിന്നും തുടങ്ങിവെച്ച കോമ്പ്രമൈസ് കളികൾ തലസ്ഥാനത്ത് ശ്രീ എമ്മിലൂടെയും തൃശൂരിൽ റാം മാധവിലൂടെയും അരവിന്ദ് മേനോനിലൂടെയും കേരളത്തിൽ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ ആകെത്തുകയാണ് തുശൂർ പാർലമെന്റ് മണ്ഡലം.

പാലം പണിയുന്നവര്‍ !

അന്നും എന്നും ഒക്കെ ഇവർ ഓരോരോ പോലീസ് ഗ്രൂപ്പുകളെ ഇതിന്നായി വിനിയോഗിച്ചിരുന്നു. ടി.പി സെൻകുമാർ പോലെയും, ലോക്‌നാഥ്‌ ബെഹ്‌റ പോലെയും  ഇന്നിപ്പോൾ അജിത് കുമാർ പോലെയും പൊലീസുകാരെ വളരെ തന്മയത്വത്തോടെ സ്വാധീനിച്ചുകൊണ്ട് ഭരണക്കാരും സംഘ്പരിവാറുകളും തമ്മിലുള്ള പാലം പണിത് തുടങ്ങിയിരുന്നു. 


സർക്കാരുമായുള്ള പാലങ്ങൾ ഏറെ പണിയുവാൻ മുൻകൈ എടുത്തത് നിതിൻ ഗഡ്കരി പോലുള്ള സൗമ്യന്മാരായ ആർഎസ്എസ് നേതാക്കളായിരുന്നു. 


അവരാണ് സർക്കാരിന്റെ നേരെ ചൂണ്ടിയ പലതരം ലാവ്‌ലിൻ ത്രോകളും സ്വർണ്ണ ഡോളർ കടത്തുകളും കണ്ണടച്ചുകൊടുത്തുകൊണ്ട് സർക്കാരിനെയും മുഖ്യമന്ത്രിയെയും തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിച്ചത്.

കടത്തുകള്‍ പലവിധം

ഇന്ത്യയിലെ ഏറ്റവും മനഃസമാധാനമുള്ള ജില്ലയായ മലപ്പുറത്തെ, വടക്കേ ഇന്ത്യക്കാർക്ക് മുന്നിലും കേരളത്തിലെ നന്മയുള്ള ഹിന്ദുക്കളുടെ മുന്നിലും ഒരു ഭീകര ജില്ലയായി ഉയർത്തിക്കൊണ്ട് കേരളത്തിൽ സംഘപരിവാർ വേരോട്ടം നടത്തുവാൻ പൊലീസിലെ ഒരു വിഭാഗം നടത്തിയ ഗൂഢാലോചന ഞെട്ടിപ്പിക്കുന്ന ഒന്നാണ്. 

സ്വര്ണക്കടത്തുകാർ എന്നും ഇവിടെ സ്വർണ്ണം കടത്തിയിരുന്നു എന്നതൊഴിച്ചാൽ അവരെയെല്ലാം തീവ്രവാദികൾ ആക്കിയും മിനി പാകിസ്ഥാൻ ആക്കിയുമെല്ലാം പ്രചാരണങ്ങൾ അഴിച്ചുവിടുവാൻ പൊലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന വാർത്ത ഒട്ടേറെ അപകടം നിറഞ്ഞതാണ്. 

എന്തൊക്കെ തന്നെയായാലും ഇവയെല്ലാം വെളിയിൽ വരുന്നതും കേരളമായതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ വടകരയിലെ കാഫിറും ഈ പൂരം കലക്കലും ഒന്നും നാമറിയാതെ മറന്നുപോകുമായിരുന്നു.

കഥയില്ലാത്ത കാലുമാറ്റ വാര്‍ത്തകള്‍ !

ഇങ്ങനെയുള്ള വാർത്തകൾ കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് വളരെ മോശമായി പ്രചരിക്കുമ്പോൾ ഒന്നോ രണ്ടോ വാർത്ത ചാനലുകളിലെ ഒന്നാം തരം കമ്മ്യുണിസ്റ്റുകൾ എതിർപാർട്ടിയിലെ എംപിമാരെ സംഘ്പരിവാരത്തിൽ കൊണ്ട് കെട്ടുവാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും മറ്റുള്ള വാർത്ത ചാനലുകളും സോഷ്യൽ മീഡിയകളും ഏറ്റെടുക്കാത്തതും കേരളത്തിന്റെ നല്ലൊരു വീക്ഷണമാണ്. 


എന്തൊക്കെ വാർത്തകൾ എതിരായി വരുമ്പോഴും അവർ എന്നും എതിരാളികളെ ആർഎസ്എസ് ട്രൗസർ അണിയിക്കുവാൻ കിണഞ്ഞു ശ്രമിക്കാറുണ്ട്. ചെന്നിത്തലയേയും കെ സുധാകരനെയും ഇപ്പോൾ തിരുവഞ്ചൂരിനെയും ശശി തരൂരിനെയും ഒക്കെ ഇവർ അക്രമിച്ചിട്ടുണ്ട്.


തിരിച്ചു ജയരാജന്മാരെയും ഗോവിന്ദന്മാരെയും പ്രകാശ് കാരാട്ടുമാരെയും അതേ നാണയത്തിൽ തിരിച്ചടിച്ചാൽ തീരാവുന്നതേയുള്ളൂ ഈ നാറിയ കളികൾ.

എന്തൊക്കെയായാലും കേരളത്തിൽ ലേശം ഭാഗ്യവും നന്മയും ജനങ്ങൾക്കുണ്ട്, അല്ലെങ്കിൽ ആ മാഷാ അള്ളായും, കാഫിറും, പൂരം കലക്കലും ഇത്തരം അജണ്ടകളും ഒക്കെ എന്നേ ഒരു വർഗീയ കലാപമായി മാറിയേനെ. 

ഇവിടെയുള്ള ചില ദുഷ്ടബുദ്ധിക്കാരും, ജീവിതത്തിൽ എന്ത് ചെയ്തിട്ടും ഗതിപിടിക്കാത്ത അസൂയക്കാരും, എന്തിനെയും വിമർശിക്കുന്ന കുറെയധികം കമ്മ്യുണിസ്റ്റുകളും ഒന്നും വിചാരിച്ചാലൊന്നും പെട്ടെന്ന് കേരളത്തിലെ ഇപ്പോഴത്തെ മനഃസമാധാനത്തെ നശിപ്പിക്കുവാൻ ആകില്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

മുഖ്യനാണ് എല്ലാറ്റിനും പിറകിൽ എന്നുറച്ചു വിശ്വസിച്ചുകൊണ്ട് സഖാവ് ദാസനും ഈ ശശിമാരെല്ലാം എന്തേ ഇങ്ങനെ ആയത് എന്ന് ചോദിച്ചുകൊണ്ട് സഖാവ് വിജയനും

Advertisment