Advertisment

കെജരിവാളിന്‍റെ അറസ്റ്റ് വിനാശകാലേ വിപരീത ബുദ്ധി എന്നപോലാകുകയാണോ ? ലാലു പ്രസാദല്ല അരവിന്ദ് കെജരിവാള്‍ ! ഇ.ഡി ഒരു ബൂമറാങ്ങ് ആകുമോ ? 400 പ്രതീക്ഷിക്കുന്നിടത്ത് 250 ലെത്തിക്കാന്‍ പെടാപ്പാട് പെടുന്നവരുടെ ബുദ്ധി വര്‍ക്കൗട്ട് ആകുന്നുണ്ടോ - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update
aravind kejriwal narendra modi

'വിനാശകാലേ വിപരീത ബുദ്ധി ' എന്നാണ് ബിജെപിയുടെ സാധാരണ നേതാക്കളും അനുഭാവികളും ഉപദേശകരും അരവിന്ദ് കെജ്രിവാൾ വിഷയത്തിൽ പറയാതെ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ ബിജെപി ഇനി മൂന്നാമത് അധികാരത്തിൽ വരരുത് എന്നാഗ്രഹിക്കുന്ന ഏതോ ബുദ്ധിജീവിയായ തലമുതിർന്ന നേതാവ് കൊടുത്ത പണിയാണ് എന്നാണ്.

Advertisment

ഇപ്പോൾ ഭരിക്കുന്നവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന് ഭരണം പിടിച്ചു കൊടുത്ത അതേ നേതാവ് തന്നെ ഇപ്പോൾ ഉള്ളവരുടെ അഹങ്കാരം കുറയ്ക്കുവാൻ ചെയ്തതാണ് എന്ന് ധരിക്കുന്നവരും ഏറെ. 

ഏറ്റവും ചുരുങ്ങിയത് അമ്പതോളം സീറ്റുകൾ നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനമാണ് ഇ ഡി കൈക്കൊണ്ടത് എന്ന് പരിവാരുകാര്‍ പോലും വിലയിരുത്തുമ്പോൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തലവന്റെ രാജി മോഡി മീഡിയക്കാരും മുഖ്യ വാർത്തയാക്കി.

പിന്നീട് സുപ്രീം കോടതി വിധിയാൽ ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുട്ടുകുത്തിയപ്പോൾ അവിടെയും ഭരണാധികാരികളുടെ മേലെ കരിനിഴൽ വീണു. കള്ളപ്പണം തിരികെ കൊണ്ടുവരുവാൻ കച്ചകെട്ടിയിറങ്ങിയ സംഘം ഇന്നിപ്പോൾ ഇലക്റ്ററൽ ബോണ്ടിന്റെ മേലെ ചുറ്റിമറിയുകയാണ്.


കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് സംഭവിച്ചതുപോലെ എന്തിനെയൊക്കെ എതിർത്തു അതെല്ലാം ബുമറാങ് പോലെ തിരിച്ചടിക്കുന്ന കാഴ്ചകളാണ് കേന്ദ്രത്തിൽ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.


മനുഷ്യനെ ഏറ്റവും സ്വാധീനം ചെലുത്തുന്ന പെട്രോൾ ഡീസൽ ഗ്യാസ് വിലകൾ കാണിച്ചുകൊണ്ട് അധികാരത്തിൽ കയറിയവർ ഇന്നിപ്പോൾ പെട്രോൾ ഗ്യാസ് വില കുറക്കാനാകാതെ ചക്രശ്വാസം വലിക്കകുയാണ്.

ഡൽഹിയിലെ നിർഭയ വിഷയത്തെ ആളിക്കത്തിച്ചുകൊണ്ട് ജനങ്ങളെ തെരുവിലിറക്കി കിട്ടിയ അധികാരം ഇന്നിപ്പോൾ യുപിയിലെയും ഡൽഹിയിലെയും ദിനേനയുള്ള ബലാൽസംഘങ്ങളിലും കൊലപാതകങ്ങളിലും തട്ടി ഉലയുകയാണ്.


ഇ ഡിയെ ഉപയോഗിച്ചുകൊണ്ട് എതിരാളികളെ ചൊൽപ്പടിക്ക് നിർത്തുകയും കുറെയധികം പേരെ കൂറ് മാറിക്കുകയും നിർജീവമാക്കുകയും ചെയ്‌തെങ്കിലും ഇന്നിപ്പോൾ അവരൊക്കെ ഒറ്റക്കെട്ടായി ഭരണത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. അവരാണ് പ്രതിപക്ഷത്തിനായി പണം ഇറക്കി സഹായിക്കുന്നത്. 


2004 -ൽ ഇന്ത്യ തിളങ്ങുന്നു എന്ന പേരിൽ കൊട്ടിഘോഷിച്ചുകൊണ്ട് രണ്ടാം ഭരണം മുന്നിൽ കണ്ട ബിജെപിയെ അവസാന നിമിഷങ്ങളിലെ സാരി കൊടുക്കലും തിക്കും തിരക്കും ശവപ്പെട്ടി കുംഭകോണവുമെല്ലാം സാരമായി ബാധിച്ചു.

ഇന്നും അതുപോലെ ഓരോരോ ചെറിയ ചെറിയ സംഭവങ്ങളിൽ തട്ടി മുട്ടി 400 സീറ്റ് എന്നുള്ളത് 250 സീറ്റുകളിലേക്ക് കുറയുമോ എന്ന് വേണം ആശങ്കപ്പെടാന്‍.

കഴിഞ്ഞ കുറെ കാലങ്ങളായി എതിർപാർട്ടിയിൽ പെട്ടവരെ ചോദ്യം ചെയ്യലുകളും അറസ്റ്റ് നാടകങ്ങളുമായി പേടിപ്പിക്കുമ്പോഴും തങ്ങളുടെ  കൂട്ടാളികളുടെ എല്ലാ തട്ടിപ്പുകൾക്കും കുട പിടിക്കുന്ന കാഴ്ചകൾ ഇന്ത്യയിലെ സാധാരണ ജനത കണ്ടു മടുത്തു. 


ഒരു ഭാഗത്ത് അഴിമതിയെ കുറിച്ചും ഇന്ത്യയുടെ വളർച്ചയെ കുറിച്ചും വീമ്പിളക്കുമ്പോൾ നീരവ് മോഡിയും ലളിത് മോഡിയും കിങ്ഫിഷർ മുതലാളിയും ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നാടുവിട്ടപ്പോൾ അവരെ തിരിച്ചുകൊണ്ടുവാനുള്ള ആർജ്ജവം ഇന്നത്തെ ഭരണകർത്താക്കൾക്കായില്ല എന്നതും
ജനങ്ങൾ വീക്ഷിക്കുന്നുണ്ട്.


എന്നും അമ്പലവും പള്ളിയും ബീഫും പാകിസ്ഥാനും ഇന്ത്യയിൽ ചിലവാവില്ല എന്ന് മനസിലാക്കിയ ഇക്കൂട്ടർ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും പ്രതിപക്ഷ കക്ഷിക്കാരെ ഉന്മൂലനം ചെയ്തുകൊണ്ടും അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു ഭരണത്തിൽ തുടരുക എന്നത് റഷ്യയിലെ പുട്ടിനും ചൈനയുടെ ചിൻപിങിനും കൊറിയയുടെ കിം ജോങിനും പറ്റിയ പണികളാണ്.

അക്കളികൾ ഇന്ത്യ പോലുള്ള ജനനാധിപത്യ രാജ്യത്ത് അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ വരാൻ പോകുന്ന ഭവിഷ്യത്തുകൾ ആരെക്കൊണ്ടും കൂട്ടിയാൽ കൂടാത്തതാണ്.


സുപ്രീം കോടതി ഒരു വിധികൂടി ഇന്ത്യൻ ജനാധിപത്യത്തിനായി വിധിച്ചിരിക്കുന്നു, ഭരണക്കാർക്കെതിരെ ആരെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചാൽ ആ ലിങ്കിനെയും വാർത്തയെയും നിരോധിക്കുവാനുള്ള കരിനിയമത്തെ സുപ്രീം കോടതി തടഞ്ഞിരിക്കുന്നു.


എന്തായാലും ഇത്തവണ ബിജെപിക്കും ആർഎസ്എസിനും വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുക അസാധ്യം, അവരുടെ ഉള്ളിൽ നിന്നാരോ അവർക്കെതിരെ ചരടുകൾ വലിക്കുന്നു , രാജിവെച്ച ഇലക്ഷൻ കമ്മീഷണർമാർക്കും ചില ഉപദേശകർക്കും സത്യാവസ്ഥ അറിയാം !!

400 പോയിട്ട് 200 കിട്ടിയാൽ ഭാഗ്യം എന്നുപദേശിച്ചുകൊണ്ട് കാര്യവാഹ് ദാസനും
എന്നും ചക്കയിട്ടാൽ മുയൽ ചാവില്ലെന്ന ഉപദേശത്തിൽ കാര്യവാഹ് വിജയനും 

Advertisment