സോഷ്യൽ മീഡിയ വരുന്നതിന്റെ മുൻപൊക്കെ കേരളത്തിൽ കാണപ്പെട്ടിരുന്ന ഒരസുഖമായിരുന്നു ചുവരെഴുത്ത്.
ചുവരെഴുത്ത് എന്നാൽ നമ്മൾ ഇരിക്കുന്ന ബസ്സിന്റെ മുന്നിലെ സീറ്റിന്റെ പിറകിൽ കോയിൻ ഉപയോഗിച്ച് പെയിന്റ് കോറി എഴുതുന്നത്, തീവണ്ടിയുടെ ടോയ്‌ലെറ്റിലും ഇരിപ്പിടങ്ങളിലും എഴുതുന്നത്, പബ്ലിക്ക് കക്കൂസിനുള്ളിൽ എഴുതിവിടുന്നത്, ആശുപത്രി കട്ടിലിലും ചുവരുകളിലും എഴുതുന്നതെല്ലാം ചുവരെഴുത്താണ്.
പഠിക്കുന്ന ക്‌ളാസ്സിലെ ഡെസ്കിൽ എഴുതുന്നത്, പിന്നെ ചായപ്പീടികളുടെ ചുവരുകൾ, കലുങ്കുകൾ, മലകയറുമ്പോൾ പാറകളിൽ എന്നിങ്ങനെ പലയിടങ്ങളിലും ഒന്നുകിൽ സ്വന്തം പേരോ നാടിന്റെ പേരോ അതുപോലെ സാധാരണ തെറി മുതൽ പച്ചത്തെറികളോ, ശത്രുവിന്റെ ഫോൺ നമ്പറോ, എതിർ രാഷ്ട്രീയക്കാരെ ചീത്ത വിളിക്കുന്നതോ ആയതൊക്കെ ഈ അസുഖങ്ങളില്‍ ഉള്‍പ്പെടും.
കാലം മാറിയപ്പോൾ ആ പോരാളികൾ ഒന്നടങ്കം കമ്പ്യൂട്ടറുകളുടെ മുന്നിലേക്ക് പറിച്ചു നടപ്പെട്ടു. ആദ്യകാലങ്ങളിൽ എതിർ രാഷ്ട്രീയ പാർട്ടി നേതാക്കളെ തെറിവിളിക്കൽ, ദേഷ്യമുള്ള ആളുകളെ ചീത്ത വിളിക്കൽ, പിന്നെ കണ്ണിൽ കണ്ടവരെയൊക്കെ പരദൂഷണം, പിന്നെ പിന്നെ അതിന്റെ പേരുകൾ മാറിമാറി ട്രോളുകൾ കമന്റുകൾ എന്നൊക്കെയായി മാറി.
പിന്നീട് ഭരണാധികാരികൾ കേസുകളുമായി വന്നപ്പോൾ.. നിയമങ്ങൾ പാസാക്കിയപ്പോൾ.. നേരിയ കൺട്രോളുകൾ ഉണ്ടായെങ്കിലും ഇന്നിപ്പോൾ ടിക് ടോക്, റീൽസ്, ഷോട്സ്, ഇൻഫ്ളുവന്സർ വീഡിയോ എന്നൊക്കെയുള്ള കോപ്രായങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇതിനൊക്കെയെതിരെയുള്ള നിയമങ്ങളാൽ ചുറ്റപ്പെട്ട ഗൾഫ് മേഖലകളിലും.
ഗോൾഡൻ മാൻ എന്ന പേരിൽ ഏറ്റവുമധികം ഗോൾഡൻ വിസകൾ അര്‍ഹതപെട്ടവർക്കും അർഹത ഇല്ലാത്തവർക്കും നൽകിപ്പോന്ന ഒരു കുഞ്ഞാപ്പുവിനെ ഒരു മാസം മുൻപ് ദുബായിൽവെച്ച് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഈ വേളയിൽ കൂടുതൽ തലങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നു എന്നാണ് അബുദാബിയിൽ നിന്നുള്ള റിപ്പോര്‍ട്ട്.
അർഹതയില്ലാത്ത ഒട്ടനവധി ആളുകൾ സൂത്രങ്ങളിലൂടെ നേടിയ ഗോൾഡൻ വിസകൾ ഇപ്പോൾ അന്വേഷണത്തിലാണ് . അതുപോലെ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് സമൂഹത്തിൽ സ്പർദ്ധ വരുത്തുന്ന വിഡിയോകളും പരസ്പരം കുറ്റപ്പെടുത്തലുകളും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.
ടിക് ടോക് ഉപയോഗിച്ചുകൊണ്ടുള്ള ഓൺലൈൻ ഗെയിമുകളും സമ്മാന തട്ടിപ്പുകളും മസാജ് സെന്റർ, സ്പാ, വേശ്യാലയങ്ങളുടെ പരസ്യങ്ങളും അധികൃതരുടെ നിരീക്ഷണത്തിലാണ്. അത്തരം വിഡിയോകൾ കണ്ടാൽ അധികൃതരെ അറിയിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ലൈവ് തെറിവിളീകൾ, വഴക്കുകൾ, ഭീഷണികൾ, ഗേ ലെസ്ബിയൻ പരസ്യങ്ങൾ, അനധികൃത സ്കിൻ കെയർ ക്രീമുകൾ, ഉദ്ധാരണ മരുന്നുകൾ എന്നിവക്കും കടിഞ്ഞാൺ ഇടുവാൻ തീരുമാനിച്ചിരിക്കുന്നു. ആറുമാസം പിഴയും നാടുകടത്തൽ പോലുള്ള ശിക്ഷകളുമാണ് ഏറ്റവും ചുരുങ്ങിയത് ഇക്കൂട്ടർക്ക് ലഭിക്കുക.
ജീവിതത്തിൽ വളരെ പാവപ്പെട്ട സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സോഷ്യൽ മീഡിയയിലൂടെ ഇൻഫ്ളുവന്സർ പട്ടം കിട്ടുകയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ മറ്റുള്ളവർ തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന പള പളപ്പിൽ വശം വദരാകുന്ന ഇക്കൂട്ടർ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകൾ രാത്രികാലങ്ങളിൽ ഗൾഫിലെ ടിക് ടോക് തുറന്നാൽ കാണാവുന്നതേയുള്ളൂ.
നാട്ടിലാണെങ്കിൽ റീൽസിലൂടെയും യുട്യൂബിലൂടെയും ഇക്കൂട്ടർ വിലസുന്നു. പണം വാങ്ങിക്കൊണ്ട് നല്ലതും അല്ലാത്തതുമായ റെസ്റ്റോറന്റുകളെയും മറ്റു സ്ഥാപനങ്ങളെയും 'അടിപൊളി'യാക്കുന്ന ഇവരെ നിയന്ത്രിക്കുവാൻ നിയമമുണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നവരാണധികവും
വളരെ ശാന്തമായി പോയിക്കൊണ്ടിരുന്ന കൊല്ലങ്കോട്, മലക്കപ്പാറ പോലുള്ള വിനോദ കേന്ദ്രങ്ങളിൽ ഈ ഇൻഫ്ളുവന്സര്മാർ കയറിച്ചെന്ന് അനാവശ്യ പബ്ലിസിറ്റി ഉണ്ടാക്കുകയും ഇന്നിപ്പോൾ ആ പ്രദേശങ്ങളിൽ സന്ദർശക പ്രവാഹവും അതിന്റെ പേരിലുള്ള അനാവശ്യ ട്രാഫിക്കും വഴിയോരങ്ങളിൽ പ്ലാസ്റ്റിക്ക് നിക്ഷേപവും ഒക്കെയാണ് ഇക്കൂട്ടരെകൊണ്ട് നാടിനുണ്ടായ പ്രയോജനം.
എന്തായാലും ഇവർക്ക് നിയന്ത്രണം വരുന്നു എന്നതിൽ സന്തോഷിക്കുന്നു !!!
ഇൻഫ്ളുവന്സർ പറഞ്ഞത് കേട്ട് ഹോട്ടലിൽ കയറി കാശ് പോയ ദാസനും സോഷ്യൽ മീഡിയ കുഞ്ഞാപ്പുമാരുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന് വിജയനും