അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. ഇന്ത്യൻ നാവികരും വ്യാപാരികളും വിശ്വാസികളും തങ്ങളുടെ വൈദഗ്ദ്ധ്യവും, ചരക്കുകളും, ആശയങ്ങളും അറബികളുമായ് പരസ്പരം കൈമാറ്റം ചെയ്ത് കൊണ്ട് ഭൗതികവും ആത്മീയവുമായ ഒരു സമ്പന്ന പാരമ്പര്യം എന്നും നിലനിർത്തിയിരുന്നു.
അറുപതുകളിലെ ഓയിൽ ബൂമിന് ശേഷം തൊഴിൽ തേടുന്ന ഇന്ത്യക്കാർക്ക് എന്നും അവസരങ്ങളുടെ കാന്ത ഭൂമിയാണ് ഗൾഫ് നാടുകൾ. ഏറെക്കാലമായി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗൾഫ് മേഖല ഒരു അത്താണിതന്നെയാണ്.
ശക്തമായ സമ്പദ്‌വ്യവസ്ഥകൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ, വൈവിധ്യമാർന്ന വ്യവസായങ്ങൾ എന്നിവയാൽ ഗൾഫ് രാജ്യങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ വർഷങ്ങളായി ആകർഷിച്ചുവരുന്നുണ്ട്.
ഗൾഫ് നാടുകളിലെ സമീപകാല പ്രവണതകളും എണ്ണ, എണ്ണയേതര വരുമാന സ്രോതസ്സുകളുടെ ഭാവി സാധ്യതകളും നൽകുന്ന സൂചനകൾ ഇനിയും ഗൾഫ് മേഖല ഇന്ത്യക്കാർക്ക് ഒരു തൊഴിലവസര ഭൂമികയായി തുടരുമെന്ന് തന്നെയാണ്.
അവസരങ്ങളുടെ നിര്‍മ്മാണ മേഖല
ഇന്ത്യൻ തൊഴിലാളികൾക്ക് ഗൾഫിലെ നിർമ്മാണ മേഖല ഇന്നും ഒരു പ്രധാന തൊഴിൽദാതാവായി തുടരുന്നു. അംബരചുംബികളായ കെട്ടിടങ്ങൾ, ഗതാഗത ശൃംഖലകൾ, അടിസ്ഥാന സൗകര്യ മേഖലയിൽ നടക്കുന്ന വികസന പദ്ധതികൾ എന്നിങ്ങനെ നിരവധി മെഗാ പ്രോജക്ടുകൾക്ക് വിദഗ്ധ തൊഴിലാളികളും എഞ്ചിനീയർമാരും പ്രോജക്ട് മാനേജർമാരും ആവശ്യമാണ്.
സൗദി അറേബ്യ, യുഎഇ ,കുവൈറ്റ് എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ കൂടുതൽ തൊഴിൽ അവസരങ്ങളുള്ളത്.
ആരോഗ്യ മേഖല വളര്‍ച്ചയുടെ പാതയില്‍
ഗൾഫ് നാടുകളിലെ ആരോഗ്യ സംരക്ഷണ സേവന മേഖലയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളിലും ക്ലിനിക്കുകളിലും മെഡിക്കൽ സെൻറുകളിലും ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ആവശ്യം വർദ്ധിച്ചു വരികയാണ്.
ഭാവിയിൽ എണ്ണയുൽപ്പാദന വ്യവസായം വെല്ലുവിളികൾ നേരിടുമെന്ന് പറയുമ്പോഴും, അത് ഇപ്പോഴും ഇന്ത്യക്കാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നുണ്ട്.
എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദ്ധർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ റിഫൈനറികൾ, പര്യവേക്ഷണം, ഉൽപ്പാദന സൗകര്യങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നുണ്ട്.
എണ്ണ ഉപഭോഗത്തിലുണ്ടായേകുമെന്ന് പറയപ്പെടുന്ന കുറവ് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഉയർന്ന എണ്ണവിലയാണ് ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്താതെ നിലനിർത്തുന്നത്.
മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് ഗവൺമെന്റ് ഉച്ചകോടി എന്നിവയുടെ സ്ഥിതിവിവരക്കണക്കുകളും, അറബ് രാജ്യങ്ങളിലെ ഡിജിറ്റൽ പ്രവണതകളെക്കുറിച്ചുള്ള ഐടിയു (ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ) മുന്നോട്ട് വെക്കുന്ന റിപ്പോർട്ടും, വിശകലനം ചെയ്താൽ തൊഴിൽ മേഖലയിൽ ഉണ്ടാകാൻ പോകുന്ന നിരവധി പരിവർത്തന പ്രവണതകളെക്കുറിച്ചും മാറ്റങ്ങളെപ്പറ്റിയും പ്രവചിക്കാൻ കഴിയും.
എണ്ണയേതര മേഖലയിലേയ്ക്ക് യുഎഇ
എണ്ണയേതര മേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയ രാജ്യമാണ് യു എ ഇ. കഴിഞ്ഞ വർഷാന്ത്യം (2023) തൊഴിൽ വിപണിയിൽ പ്രത്യേകിച്ച് സാങ്കേതിക മേഖലയിലും മനുഷ്യവിഭവശേഷിയിലും ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ രാജ്യം കാഴ്ച വെച്ചത്.
ഈ വർഷം, യുഎഇയിലെ തൊഴിൽ വിപണിയിൽ പ്രധാനമായും അഞ്ച് മേഖലകളിളാണ് ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നത്. ഫിനാൻസ്, ഇൻഫർമേഷൻ ടെക്നോളജി (ഐടി), ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾ എനർജി, ടൂറിസം എന്നീ മേഖലകളിലായിരിക്കും ഈ വർഷം ഏറ്റവും കൂടുതല്‍ ജോലി സാധ്യത ഉണ്ടാകുക.
സാധ്യതകള്‍ തുറന്ന് 'എഐ'
അഞ്ച് വർഷത്തിനകം യുഎഇയുടെ മൊത്ത ആഭ്യന്തര വിപണിയിൽ 14 ശതമാനം ജോലി സാധ്യതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ടായിരിക്കും.
ലോജിസ്റ്റിക്‌സ്, ഫിനാൻസ്, ഹെൽത്ത്‌കെയർ മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് പ്രൊഫഷനലുകൾക്ക് നിരവധി തൊഴില്‍ സാധ്യതകൾ ഒരുക്കും. യുഎഇയുടെ സൈബർ സുരക്ഷാ കൗൺസിലിൽ നിന്നുള്ള കണക്കുകൾ പറയുന്നത് 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 71 ദശലക്ഷത്തിലധികം സൈബർ ആക്രമണ ശ്രമങ്ങൾ തടയപ്പെട്ടുവെന്നാണ്.
ഫിഷിംഗ് സന്ദേശങ്ങൾ വഴി വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കാനുള്ള നിരവധി ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ ആവശ്യകതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ വൻ തൊഴില്‍ അവസരങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.അത് പോലെ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തും ഇ കൊമേഴ്സിലും വിദഗ്ദ്ധരായവർക്ക് യുഎയിൽ അവസരങ്ങളുണ്ട്.
ആരോഗ്യ സേവന മേഖലയിൽ
ക്ലീവ്‌ലാൻഡ് ക്ലിനിക്ക്, മയോ ക്ലിനിക്ക് തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളുള്ള ഒരു മെഡിക്കൽ ടൂറിസം ഹബ്ബായി യുഎഇ ആരോഗ്യ മേഖല വളരുകയാണ്.ആരോഗ്യ സേവന മേഖലയിലും വിദഗ്ദ്ധരുടെ ആവശ്യകത കൂടി വരുന്നുണ്ട്.
2030-ഓടെ പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ സൗരോർജ്ജ, വിൻഡ് എനർജി പ്ലാന്റുകൾ പോലുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാനും നടത്തിപ്പിനും വിദഗ്ദ്ധരെ യുഎഇക്ക് ആവശ്യമുണ്ട്.
വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന ടൂറിസം -ഹോസ്പിറ്റാലിറ്റി മേഖലയിൽ ടൂർ ഗൈഡുകൾ, ഷെഫുകൾ മുതൽ ഹോട്ടൽ ജീവനക്കാർ വരെ പരിചയ സമ്പന്നരായ പ്രൊഫഷണലുകൾക്ക് യുഎഇ തൊഴിൽ വിപണിയിൽ ഇപ്പോഴും ഡിമാൻഡുണ്ട്.
ഇന്ത്യാക്കാരുടെ സ്വപ്നഭൂമിയായി യുഎഇ
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ജോലി നൽകുന്നതിൽ യുഎഇയാണ് മുന്നിൽ. 2023 - ലെ കണക്കനുസരിച്ച് യുഎഇയിലെ ഇന്ത്യൻ ജനസംഖ്യ 35.5 ലക്ഷമാണ്, ഇത് അതിന് മുൻ വർഷത്തെ അപേക്ഷിച്ച് 134,000 കൂടുതലാണ്.
നിലവിലെ ട്രെൻഡുകൾ കണക്കിലെടുക്കുമ്പോൾ, ഗൾഫിലെ, പ്രത്യേകിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ എണ്ണം തുടർന്നും കൂടിക്കൊണ്ടിരിക്കും. സാമ്പത്തിക വൈവിധ്യവൽക്കരണങ്ങളും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ തുടർന്നുമാണ് ഈ വളർച്ച പ്രതീക്ഷിക്കുന്നത്.
മനോഹരവും അംബരചുംബികളുമായ കെട്ടിട നിർമ്മിതിക്കും നൂതന വാസ്തുവിദ്യയ്ക്കും പേരുകേട്ട ദുബായ്, നഗരത്തിന്റെ ഭാവി ലാൻഡ്‌സ്‌കേപ്പിനെ രൂപപ്പെടുത്തുന്ന വിശാലമായ വിനോദ സമുച്ചയങ്ങൾ ഉൾപ്പടെ നിരവധി പ്രോജക്റ്റുകൾ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണ്.
വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ദുബായിലെ പ്രോജക്ടുകളിൽ ഇപ്പോഴും തൊഴിൽ അവസരങ്ങളുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ദുബായ് ക്രീക്ക് ടവർ, ഇത് പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായി മാറും. പ്രശസ്ത വാസ്തുശില്പി സാന്റിറിയാഗോ കാലട്രാവ രൂപകൽപ്പന ചെയ്ത ഈ വാസ്തുവിദ്യാ വിസ്മയം ദുബായുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെറെ പ്രതീകമായി മാറും.
നിർമ്മാണം പുരോഗമിക്കുന്ന ഈ പ്രോജക്ടുകൾക്ക് പുറമെ പുതുതായി വരാനിരിക്കുന്ന സീനിക് സൈക്ലിങ്ങ് ഹൈ വേ ആയ ലൂപ് സിറ്റി പോലുള്ള പദ്ധതികൾക്ക് എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, നിർമ്മാണ തൊഴിലാളികൾ എന്നിവരെ ഇനിയും ആവശ്യമായി വരും.
വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് യുഎഇയിൽ അവസരങ്ങൾ കുറയുന്നില്ല.
(ഗൾഫിലെ തൊഴിൽ അവസരങ്ങൾ: സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ അടുത്ത കോളത്തിൽ വായിക്കാം)