ഇന്നലെ പത്രം തുറന്നപ്പോൾ കണ്ടൊരു വാർത്തയായിരുന്നു, "സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു" സത്യത്തിൽ ഈ വാർത്ത കണ്ടപ്പോൾ ഞാൻ കരുതിയത് കേരളത്തിന് പുറമെ ഉള്ള ഏതെങ്കിലും സംസ്ഥാനത്ത് ആയിരിക്കും എന്നായിരുന്നു.
പക്ഷേ അവിടെയും ഞെട്ടി... ഈ സംഭവം നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ.... ഭർത്താവും അയാളുടെ അമ്മയും ചേർന്നാണത്രേ ഈ കൊടും ക്രൂരത ചെയ്തത്.....
ഈ വാർത്ത കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് ഇത്രമാത്രം.... സ്ത്രീ എന്നും ഒരു വിൽപ്പന ചരക്കാണോ? ഒരു പെണ്ണ് പ്രായപൂർത്തിയായാൽ ആ നിമിഷം തന്നെ കച്ചവടം ഉറപ്പിക്കുവാൻ തുടങ്ങുന്നു.... അതിന് നേതൃത്വം നല്കുന്നതോ മുതിർന്ന കാർന്നോന്മാരും പെണ്ണിന്റെ മാതാപിതാക്കളും.... അവർ സ്ത്രീധനം പറഞ്ഞു ഉറപ്പിക്കുന്നു. അത് കഴിഞ്ഞാൽ കെട്ടിച്ചു വിടലായി....
ഇനി പെണ്ണ് കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ എത്തിയാൽ ആ നിമിഷം മുതൽ അവളുടെ പേരിൽ ഒരു മാറ്റം വന്നു കാണും... അവൾക്ക് അതുവരെ ജോലി ഉണ്ടെങ്കിൽ കല്യാണശേഷം അതും ഒഴിവാകും..... പിന്നെ ഭർത്താവിന്റെ വീട്ടിൽ അടിച്ചു വാരലും തുണി അലക്കലും ഭക്ഷണം വയ്ക്കലും കുട്ടികളെ പ്രസവിക്കലും അവരെ നോക്കലും ..... അങ്ങനെ തീരാതെ തീരാതെ പണികൾ കിടക്കുന്നു.... ഇതിനിടയിൽ അവൾ എങ്ങാനും ഒന്ന് വഴക്കിട്ടു പോയാൽ അപ്പോൾ അവൾ അവളുടെ വീട്ടിൽ എത്തും....
അവളുടെ വീട്ടിൽ എത്തിയാലോ അടുത്ത ദിവസം തന്നെ അവിടെ നിന്നും അവർ വേഗം തിരികെ പാക്ക് ചെയ്യും... കെട്ടിച്ചു വിട്ടാൽ തങ്ങളുടെ ബാധ്യത കഴിഞ്ഞു എന്നാണ് മാതാപിതാക്കൾ കരുതുന്നത്.....
എന്നാൽ സ്ത്രീ ധനമാണെന്നും അവൾ ഇങ്ങനെ അവളുടെ സ്വപ്നങ്ങൾ മറ്റുള്ളവർക്ക് വേണ്ടി മൂടി വയ്ക്കേണ്ടതല്ലെന്നും വീട്ടുകാർ തന്നെ മനസ്സിലാക്കേണ്ടത് ഉണ്ട്. കെട്ടിച്ചു വിട്ടു എന്നു കരുതി നിങ്ങളുടെ മകൾ നിങ്ങളുടെ മകൾ അല്ലാതാവുന്നില്ല. അവൾക്ക് ഒരു പ്രശ്നം വന്നാൽ അത് എന്താണ് കാരണം എന്നും പരിഹരിക്കുവാൻ പറ്റുന്നത് ആണെങ്കിൽ പരിഹരിക്കുകയും ചെയ്യുക.
ഇനി അതല്ല ഒരു തരത്തിലും പരിഹാരം ഇല്ലെങ്കിൽ പിരിഞ്ഞു ജീവിക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുക.... കാരണം പുരുഷനുള്ള സ്വാതന്ത്ര്യം തന്നെ സ്ത്രീയ്ക്കും ഉണ്ട്....
സ്ത്രീധനം കൂടുതൽ കൊടുത്തു കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ മകളെ ഒരു പ്രദർശന വസ്തുവായി മാറ്റാതെ അവളുടെ മനസ്സ് മാത്രം ഇഷ്ടപ്പെടുന്ന ആൾക്ക് അവളെ വെറും പത്തുപേർ സാക്ഷികളായി കൈ പിടിച്ചു കൊടുക്കൂ.... അവർ സന്തോഷത്തോടെ ജീവിക്കും..... അല്ലെങ്കിൽ സ്ത്രീധനം കൊടുത്തത് കഴിയുമ്പോൾ മകളും ഒരുപക്ഷേ ഇതുപോലെ പല ദുരന്തങ്ങളിലും എത്തിപ്പെടും.....
സ്ത്രീധനമല്ല..... സ്ത്രീയാണ് ധനമെന്ന് മാതാപിതാക്കൾ തങ്ങളുടെ ആണ്കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു.... ഇനിയും ദുരന്തങ്ങൾ തുടരാതിരിക്കട്ടെ.......