ജലം ജീവനാണ്. മരുഭൂമിയിലാകുമ്പോൾ അത് ദൈവവും പുണ്യവും. മണലാരണ്യത്തിൽ ദാഹാർത്തരായി അലഞ്ഞുതിരിയുന്ന ഹാഗാറിനും (ഹാജറ) മകൻ ഇസ്മയിലിനും ദൈവം നീരുറവ നൽകി അനുഗ്രഹിക്കുന്നത് ബൈബിളിലെ പഴയനിയമത്തിലും മുസ്ലീങ്ങൾ സംസം ജലത്തിന്റെ നന്മയിലും സ്‌മരിക്കുന്നു.
പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതത്തിൽ ഒരുപാട് മാനേജർമാരുടെ കൂടെ നേരിട്ട് ജോലിചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ അനുഭവ പരിസരത്തിൽ ഇടയ്ക്കിടെ മനസ്സിലേക്ക് ഓടിയെത്തുന്നതാണ് ഉണ്ണിയുടെ മുഖം.
ഒരു അഭ്യർത്ഥനയുമായാണ് അയാൾ അന്ന് ഓഫീസിലേക്ക് വന്നത്. രണ്ടുമാസത്തെ അവധി അനുവദിച്ച് നൽകണം. ഭാര്യയും മകളും തീരാവ്യാധിയുടെ പിടിയിൽ. അവസാന പ്രതീക്ഷയും അണയുന്നപോലെ ആ മുഖത്ത് മങ്ങൽ. ലീവിനുള്ള ഫോം ഞാനെടുത്ത് പൂരിപ്പിക്കുവാൻ തുടങ്ങി.
"സാർ, സാമ്പത്തികമായി ആകെ പരുങ്ങലിലാണ്. വിമാന ടിക്കറ്റ് എങ്കിലും കമ്പനി തരുവാൻ ഒന്ന് പറയുമോ?. സാലറിയിൽ നിന്നും പിടിച്ചുകൊള്ളട്ടെ" ഉണ്ണി കൈകൂപ്പി.
എച്ച്. ആറിൽ അന്വേഷിച്ചപ്പോൾ അയാൾ ടിക്കറ്റിന് എലിജിബിൾ അല്ല. പ്രോപ്പർ ചാനൽവഴി പ്രേത്യേക അപേക്ഷ എഴുതി അയച്ചാൽ ചിലപ്പോൾ മാനുഷിക പരിഗണനയുടെ പേരിൽ ടിക്കറ്റ് കിട്ടിയേക്കും. പക്ഷേ, ഉറപ്പില്ല. എങ്കിലും ശുഭപ്രതീക്ഷയിൽ ഞാൻ ഫോം പൂരിപ്പിച്ചു. അപേക്ഷ തയ്യാറാക്കി.
ഞാൻ ഉണ്ണിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഭാര്യയ്ക്കും മകൾക്കും ക്യാൻസർ പിടിപെട്ട് ഏറെക്കാലമായി ചികിത്സയിലാണ്. മകളുടെ കാര്യത്തിൽ ചെറിയ പ്രതീക്ഷയുണ്ട്. കയ്യിലെ അവസാന ചില്ലിയും അവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച് നിസ്സഹായനായ ഒരു ഭർത്താവും പിതാവുമാണ് മുന്നിൽ.
നാട്ടുകാരുടെയൊക്കെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. അടുത്ത ദിവസം ആശുപത്രിയിൽ അവരെ കൊണ്ടുപോകണം. അതിനായിട്ടാണ് പെട്ടെന്ന് നാട്ടിലേക്ക് പോകുന്നത്. കഥകൾകേട്ട് ഞാൻ നിശബ്‌ദനായി പുറത്തേക്ക് നോക്കിങ്ങനെയിരുന്നുപോയി.വിധി ഇങ്ങനെയും പരീക്ഷിക്കുമോ?
ഫോമിൽ ഒപ്പിട്ടശേഷം നിരാശ നിറഞ്ഞ മുഖവും, ഒഴിഞ്ഞ കൈകളും കാഴ്ച്ചയായി തന്ന് ഉണ്ണി നടന്നകന്നു.
ഞാൻ അയാളുടെ ജീവിതത്തെപ്പറ്റി പിന്നെയും കൂടുതൽ അന്വേഷിച്ചു. വളരെ സന്തോഷത്തിൽ കഴിഞ്ഞ കുടുംബമായിരുന്നു. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞ് ഭാര്യയുടെ രോഗം പുറത്തറിയുന്നത്. പിന്നാലെ മകളും. പണത്തിന്റെ ആവശ്യം കൊണ്ടുമാത്രം ഉണ്ണി അവരെവിട്ട് ഇവിടെ ജോലിചെയ്യുന്നു.
ഇത്രയൊക്കെ ആയിട്ടും ആരോടും യാചിക്കുവാൻ അയാൾക്ക് മനസ്സ് വന്നില്ല. ആരെയും തൻറെ വേദന പറഞ്ഞ് വിഷമിപ്പിക്കേണ്ട എന്നൊരു ചിന്തയായിരിക്കാം അതിന് കാരണം. അത്രയ്ക്ക് സാധുവായ ഒരു മനുഷ്യൻ.
അയാളെ എങ്ങനെയും സഹായിക്കണമെന്ന് മനസ്സ് പറഞ്ഞു. ഓഫീസിൽ എല്ലാവരോടും ആലോചിച്ച് ഒരു സംഭാവന എടുക്കുവാൻ തീരുമാനിച്ചു. ഓരോരുത്തരും അവരാൽ കഴിയുന്ന രീതിയിൽ.
ശമ്പളം കിട്ടിയിട്ട് അധികം ദിവസം ആയിട്ടില്ലാത്തതിനാൽ പലരും ഇരുപതും, അമ്പതും, നൂറും ദിർഹം തന്ന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്‌തു. അവസാനം ഞാൻ മാനേജരുടെ അടുത്തും എത്തി.
മരുഭൂമിയിൽ ഉച്ചസൂര്യൻ ജ്വലിച്ചു നിൽക്കുന്നു. ഉണ്ണിയുടെ വിധിയുടെ താപത്തെ ചെറുതായെങ്കിലുമൊന്ന് തണുപ്പിക്കാൻ എന്നവണ്ണം എൻറെ കയ്യിൽ സംഭാവനയുടെ ലിസ്റ്റ്. മാനേജർകൂടി തന്നുകഴിഞ്ഞാൽ കളക്ഷൻ പൂർത്തിയായി.
"എത്രയായി?" ചോദ്യം ചോദിച്ച് മാനേജർ ലിസ്റ്റ് വാങ്ങി അതിലേക്ക് കണ്ണുകൾ പായിച്ചു. "കരുതിയതിലും കൂടുതൽ പണം പിരിഞ്ഞല്ലോ?!" കണ്ണടയൂരി മാനേജർ തുടർന്നപ്പോൾ ഞാൻ മന്ദഹസിച്ചു.
"ഞാനെത്ര തരണം?" ആ ചോദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു. നിർബന്ധിച്ച് ചെയ്യിക്കേണ്ട ഒന്നല്ലല്ലോ പരസഹായം. എന്നിലെ നിശബ്ദതയുടെ അർത്ഥം അദ്ദേഹത്തിന് ഗ്രഹിക്കാനായി എന്ന് തോന്നുന്നു.
പിന്നെ തൻറെ പേഴ്‌സ് എടുത്ത് തുറന്നു. അതിൽ ഒരു അഞ്ഞൂറിൻറെ ദിർഹം മാത്രമുണ്ട്. എന്നെയൊന്ന് തറപ്പിച്ച് നോക്കിയിട്ട് മാനേജർ പറഞ്ഞു.
"ആകെയുള്ളത് അഞ്ഞൂറിൻറെ നോട്ടാണ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് തിരികെവരുമ്പോൾ എ.ടി.എമ്മിൽ നിന്നും എടുത്തുകൊണ്ടുവരാം. ഇതുംപറഞ്ഞ് ആ നോട്ട് തിരികെ വച്ച് പേഴ്‌സ് പോക്കറ്റിൽ തിരുകി ഊണുകഴിക്കാൻ പോകാനായി എണീറ്റു. ഞാൻ തിരികെ സീറ്റിലേക്കും.
ഞാൻ സംഭാവനയുടെ ലിസ്റ്റിലേക്ക് കണ്ണുകൾ വീണ്ടും പായിച്ചു. ചെറുതുമുതൽ വലുതുവരെയുള്ള ഈ ലിസ്റ്റിൽ മാനേജർ എന്താണ് അന്വേഷിച്ചത്? ഏറ്റവും വലിയ സംഭാവന തന്നത് ആരൊക്കെയാണെന്നാണോ? ഒരു നിമിഷം മാനേജരെപ്പറ്റിയൊന്ന് ചിന്തിച്ചു.
സാമ്പത്തിക കാര്യത്തിൽ തികഞ്ഞ അച്ചടക്കമുള്ള ആളാണ് അദ്ധേഹം. ലോണുകൾ ഇല്ല. ക്രെഡിറ്റ് കാർഡ് പലിശ വരുംമുമ്പ് സമയത്ത് അടയ്ക്കും. അനാവശ്യ പണച്ചെലവുകൾ എല്ലാം ഒഴിവാക്കുകയാണ് പതിവ്.
സംഭവനക്കാരെ പരിസരത്ത് അടുപ്പിക്കില്ല. പലവട്ടം ആലോചിച്ച് മാത്രമേ ഒരുദിർഹം പോലും ആർക്കെങ്കിലും കൊടുക്കൂ. എല്ലാത്തിനും കൃത്യമായ കണക്കുകൾ സൂക്ഷിക്കും. ഭക്ഷണം പോലും മിതമായി മാത്രം. കാപ്പി, ചായ ഒന്നുമില്ല.
അതിനാൽത്തന്നെ മാനേജരെ കഞ്ചൂസ് (പിശുക്കൻ) എന്നുപോലും ആൾക്കാർ വിളിക്കാറുണ്ട്. എന്തായാലും ഈ സംഭവനപിരിയ്ക്കൽ മാനേജർ എതിർക്കാത്തതു ഭാഗ്യം.
അഞ്ചോ പത്തോ നക്കാപ്പിച്ച തരുവാനായിരിക്കും ലിസ്റ്റ് നീട്ടിപിടിച്ച് നോക്കിയത്. കയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് കാരണമാണ് തിരികെ വരുമ്പോൾ തരാം എന്ന് പറഞ്ഞത് ഒഴിഞ്ഞത്. ചിന്തകൾ കാര്മേഘംപോലെ ഉരുണ്ടുകൂടി.
വൈകുന്നേരത്തേക്കെങ്കിലും ഉണ്ണിയുടെ ലീവ് അപ്രൂവ് ആയി ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം. ഊണുകഴിഞ്ഞ് തിരികെ ജോലിയിൽ വ്യാപൃതനായപ്പോൾ മാനേജർ തിരികെ വന്നു. വന്നപാടെ അകത്തേക്ക് വിളിച്ചു. ഞാൻ ധൃതിയിൽ ക്യാബിനകത്തേക്ക് കയറി. "സാർ"
എന്നെ കണ്ടതും മാനേജർ ലിസ്റ്റ് വാങ്ങി ഒന്നുകൂടി നോക്കി. "ലിസ്റ്റിൽ ഒന്നും എഴുതേണ്ട. ആരോടും പറയുകയും വേണ്ട" ഇതും പറഞ്ഞ് പേഴ്‌സിൽനിന്നും ഒരു നോട്ട് എടുത്തുനീട്ടി. ഞാൻ സൂക്ഷിച്ച് നോക്കി.
ആയിരം ദിർഹത്തിന്റെ ഒരു കറൻസി!! ഇന്ത്യൻ രൂപയിൽ കൺവേർട്ട് ചെയ്‌താൽ ഏകദേശം ഇരുപതിനായിരത്തിനടുത്ത്! വിശ്വാസം വരാത്തതുപോലെ ഒരുനിമിഷം കണ്ണ് അതിൽത്തന്നെ തറഞ്ഞുനിന്നു.
ക്യാബിനിൽനിന്നും തിരികെ ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നില്ലെങ്കിലും മനസ്സ് ആർദ്രമായിരുന്നു. ഉണ്ണിയുടെ ദയനീയ മുഖവും മാനേജരുടെ പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽനിന്നും ഒരിക്കലും മായാത്ത ഒരടയാളമായി അപ്പോൾ മനസ്സിൽ പതിഞ്ഞുപോയി.
കമ്പ്യൂട്ടറിൽ പുതിയ മെയിൽ പോപ്അപ് ഉയർന്നു. എച്ച്.ആറിൽ നിന്നും മെസേജ്. ഉണ്ണിയുടെ ലീവ് അപ്പ്രൂവൽ ഒപ്പം ടിക്കറ്റിന്റെ കോപ്പിയും. ദാഹർത്താനായി നിൽക്കുന്ന ഒരു പാവത്തിന് മരുഭൂമിയിൽ നീരുറവ തെളിയുന്നു. ഹാഗാറിന്റെയും ഇസ്മായേലിന്റെയും മുഖം ഞാനോർത്തു.
പിരിച്ചെടുത്ത പണം ഇടതുകൈയിൽ പിടിച്ച് ഞാൻ ഫോണെടുത്ത് ഉണ്ണിക്ക് ഡയൽ ചെയ്‌തു. അപ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു.