“ഞാനൊരു വിദ്യാര്‍ഥിയാണ്. ജമ്മു-കാഷ്മീരിന്റെ സമാധാനവും തൊഴിലവസരവും ആണു പ്രധാനം. ഇതിനാണു വോട്ടു ചെയ്തത്. രാഷ്ട്രീയത്തില്‍ താത്പര്യമില്ല”- ഹാനിയ ആരിഫ് എന്ന പത്തൊമ്പതുകാരി പറഞ്ഞു. ഭീകരതയോളം വലിയ പ്രശ്നമാണിപ്പോള്‍ ജമ്മു-കാഷ്മീരില്‍ തൊഴിലില്ലായ്മ.
പ്രത്യേക പദവിക്കായുള്ള ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ശേഷം ആദ്യമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ദേശീയ, അന്താരാഷ്ട്ര പ്രാധാന്യമേറെ. 2019 ഓഗസ്റ്റിലായിരുന്നു അനുച്ഛേദം 370 റദ്ദാക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള ജമ്മു-കാഷ്മീരില്‍ ലഫ്. ഗവര്‍ണര്‍ക്കു നല്കിയ അമിതാധികാരങ്ങളും ചര്‍ച്ചയാണ്. ഒരു പതിറ്റാണ്ടിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ പതിവിലേറെ ആവേശത്തിലും പ്രതീക്ഷയിലുമാണു വോട്ടര്‍മാര്‍.
കേന്ദ്രഭരണ പ്രദേശമായ ജമ്മു-കാഷ്മീരിനു പൂര്‍ണ സംസ്ഥാനപദവി അടക്കമുള്ള വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നല്‍കിയിട്ടുണ്ടെങ്കിലും ദേശീയ-കാഷ്മീരി പാര്‍ട്ടികള്‍ക്കിടയിലെ തര്‍ക്കവിഷയങ്ങളും ആശയക്കുഴപ്പങ്ങളും നിരവധിയാണ്. ഭീകരത തുടച്ചുമാറ്റുമെന്ന മോദിയുടെ പ്രഖ്യാപനത്തില്‍ വോട്ടര്‍മാര്‍ക്കു പൂര്ണവിശ്വാസമായിട്ടില്ല.
ശരാശരി 59% പോളിംഗ്
ബിജെപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി അടക്കമുള്ള പ്രധാന ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്കും മോദിയും രാഹുലും അടക്കമുള്ള നേതാക്കള്‍ക്കും നിര്‍ണായകമാകും ജനവിധി.
ഒക്ടോബര്‍ അഞ്ചിനു നടക്കുന്ന ഹരിയാനയിലെ വോട്ടെടുപ്പുകൂടി പൂര്‍ത്തിയായ ശേഷം ഒക്ടോബര്‍ എട്ടിനാണു വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
രണ്ടു സംസ്ഥാനങ്ങളിലും 90 അംഗ നിയമസഭയാണ്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലും ഫലം പ്രതിഫലിക്കും. കഴിഞ്ഞ മാസം 18ന് ആദ്യം 24 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 26 മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ 40 മണ്ഡലങ്ങളിലുമാണു തെരഞ്ഞെടുപ്പ്.
ജമ്മു-കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടത്തണമെന്നും തുടർന്ന് സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ട ശേഷമായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപനം.
ആദ്യ രണ്ടു ഘട്ടം വോട്ടെടുപ്പു പൊതുവെ സമാധാനപരമായി പൂര്‍ത്തിയായി. അവസാന ഘട്ടം ചൊവ്വാഴ്ചയാണ്. ആദ്യഘട്ടത്തില്‍ 61.38 ശതമാനവും രണ്ടാം ഘട്ടത്തില്‍ 57.03 ശതമാനവും പോളിംഗ് ഉണ്ടായത് നേട്ടമായി.
മാതാ വൈഷ്ണോദേവി മണ്ഡലത്തില്‍ 80.74 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കാഷ്മീരിലെ ഹബ്ബകഡല് മണ്ഡലത്തിലെ 19.81 ശതമാനമായിരുന്നു ഏറ്റവും കുറഞ്ഞ പോളിംഗ്.
തെരഞ്ഞെടുപ്പു ബഹിഷ്കരണം പതിവായിരുന്ന സംസ്ഥാനത്തു ഭൂരിപക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയതു ജനാധിപത്യത്തിന്റെ വിജയമാണ്. ആകെ 88,66,704 വോട്ടര്‍മാരുള്ള ജമ്മു-കാഷ്മീരില്‍ 19 വയസില്‍ താഴെയുള്ള 4,27,813 വോട്ടര്‍മാരുണ്ട്.
താരം എന്‍ജിനിയര്‍ റഷീദ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാഷ്മീരിലെ മൂന്നില്‍ രണ്ടിലും നാഷണല്‍ കോണ്‍ഫറന്‍സും ഒരെണ്ണത്തില്‍ സ്വതന്ത്രനും ജയിച്ചപ്പോള്‍ ജമ്മുവിലെ രണ്ടു സീറ്റിലും ബിജെപിക്കായിരുന്നു വിജയം.
ജമ്മു, ഉധംപുര്‍ സീറ്റുകളില്‍ ബിജെപിയോടു കോണ്‍ഗ്രസ് തോറ്റു. മുന്‍ മുഖ്യമന്ത്രിമാരായ എന്‍സിയുടെ ഒമര്‍ അബ്ദുള്ള ബാരാമുള്ളയിലും പിഡിപിയുടെ മെഹ്ബൂബ മുഫ്തി അനന്ത്നാഗ് രജോരിയിലും തോറ്റു തുന്നം പാടി.
സ്വതന്ത്രനായി മത്സരിച്ച, ജയിലിലായിരുന്ന എന്‍ജിനിയര്‍ റഷീദ് എന്ന ഷെയ്ഖ് അബ്ദുള്‍ റഷീദിനോടായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ദയനീയ തോല്‍വി.
ഭീകരര്‍ക്കു ഫണ്ടു നല്‍കിയെന്ന ആരോപണത്തിലാണു 2019 ഓഗസ്റ്റില്‍ യുഎപിഎ നിയമപ്രകാരം റഷീദിനെ അറസ്റ്റ് ചെയ്തത്.
സ്വന്തം പ്രചാരണത്തിനും പാര്‍ലമെന്റ് സമ്മേളനകാലത്തും അദ്ദേഹം ജയിലിലായിരുന്നു. നിയമസഭാ പ്രചാരണത്തിനായി അടുത്ത ചൊവ്വാഴ്ച വരെ റഷീദിന് ഇടക്കാല ജാമ്യം അനുവദിച്ചത് 11നാണ്.
2008ലും 2014ലും ലംഗേറ്റ് നിയമസഭാ മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ചിരുന്നു എന്‍ജിനിയര്‍ റഷീദ്. ഭീകരരെ സഹായിച്ചതിന് 2005ല്‍ അറസ്റ്റിലായ ഇദ്ദേഹം മൂന്നര മാസം ജയിലിലായ ശേഷമായിരുന്നു എംഎല്‍എ ആയത്.
സഖ്യസര്‍ക്കാര്‍ തള്ളാതെ
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്നു നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഇത്തവണ സഖ്യത്തിലാണു മത്സരിക്കുന്നത്.
എന്‍സി 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും സിപിഎം ഒരു സീറ്റിലുമാണു മത്സരിക്കുന്നത്. എന്നാല്‍, എന്‍സി-കോണ്‍ഗ്രസ് സഖ്യം താഴെത്തട്ടില്‍ പ്രാവര്ത്തികമായിട്ടില്ലെന്നു റിപ്പോര്‍ട്ടുണ്ട്. ജമ്മു മേഖലയിലെ മണ്ഡലങ്ങളില്‍ എന്‍സിയുടെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വോട്ടു നല്‍കുമോയെന്നു തീര്‍ച്ചയില്ല.
അതുണ്ടായില്ലെങ്കില്‍ ബിജെപിക്ക് ഈ മേഖലയില്‍ നേട്ടമാകും. തൂക്കുസഭ ഒഴിവാക്കാനാണു മുന്‍കൂര്‍ സഖ്യമെന്നാണ് ഒമര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, രാഹുല്‍ ഭാവി പ്രധാനമന്ത്രി ആണെന്നു പിതാവ് ഡോ. ഫറൂഖ് അബ്ദുള്ള വിശേഷിപ്പിച്ചു.
ബിജെപിയുമായി മുമ്പു സഖ്യമുണ്ടാക്കിയിട്ടുള്ള പിഡിപിയുമായി സഖ്യത്തിനു കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായിരുന്നു. ബിജെപിയുമായി ഇനി സഖ്യം ചിന്തിക്കില്ലെന്നാണു മെഹബൂബ മുഫ്തി ഇപ്പോള്‍ പറയുന്നത്. ജമ്മു-കാഷ്മീരില്‍ ഇനിയൊരിക്കലും ബിജെപി സര്‍ക്കാര്‍ ഉണ്ടാകില്ല. മതേതര സര്‍ക്കാരുണ്ടാകും.
ഏതു സര്‍ക്കാര്‍ വന്നാലും പിഡിപിക്കു നിര്‍ണായക പങ്കുണ്ടാകും- സര്‍ക്കാരുണ്ടാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിനു സാധ്യതയുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായുള്ള മുഫ്തിയുടെ ഈ പ്രസ്താവനയില്‍ കൃത്യമായ സൂചനയുണ്ട്.
ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍, ബിജെപിക്കെതിരേ എന്‍സി-കോണ്‍ഗ്രസ്- പിഡിപി സഖ്യത്തിനുള്ള സാധ്യത മൂന്നു പാര്‍ട്ടികളും തള്ളുന്നില്ല.
ജമ്മു മേഖലകളിലെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മേധാവിത്വമുള്ള ബിജെപിക്ക് 90 അംഗ സഭയില്‍ 40 മുതല്‍ 50 വരെ സീറ്റുകള്‍ പിടിക്കാമെന്നാണു മോഹം. മുസ്ലിം കേന്ദ്രങ്ങളിലൊഴികെ 59 മണ്ഡലങ്ങളിലാണു ബിജെപി മത്സരിക്കുന്നത്. ഫലത്തില്‍ പിഡിപി, എന്‍സി എന്നീ പാര്‍ട്ടികളുടെ സഹായം കൂടാതെ ഒറ്റയ്ക്കു ഭരിക്കാന്‍ ബിജെപിക്കു പ്രയാസമാകും.
തൂക്കുസഭ വന്നാല്‍ കോണ്‍ഗ്രസ്, എന്‍സി, പിഡിപി എംഎല്‍എമാരെ കൂറുമാറ്റിക്കാമെന്നതാണു ബിജെപി തന്ത്രം. പക്ഷേ, വിമതപ്രശ്നമാണു ബിജെപിക്കു തലവേദന. പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം 44 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബിജെപിക്കു പിന്‍വലിക്കേണ്ടിവന്നു. പിന്നീട്, പ്രഖ്യാപിച്ച പട്ടികയില്‍ 16 സ്ഥാനാര്ഥികളേ ഉണ്ടായിരുന്നുള്ളൂ.
ആദ്യമായി ജമ്മു മേഖലയില്നിന്നൊരു ഹിന്ദു മുഖ്യമന്ത്രി എന്നതാണു ബിജെപിയുടെ തുറപ്പുചീട്ട്. കാഷ്മീരി പണ്ഡിറ്റുകള്‍ക്കു തിരികെ കാഷ്മീരില്‍ അവസരമുണ്ടാക്കുമെന്ന വാഗ്ദാനത്തിന്റെയും ലക്ഷ്യം വ്യക്തം.
എന്നാല്‍, ഇവയും അനുച്ഛേദം 370 റദ്ദാക്കലുമെല്ലാം ബിജെപിക്കെതിരേ മുസ്ലിം വോട്ടര്‍മാരുടെ ധ്രുവീകരണത്തിനും വഴിതെളിക്കുന്നുണ്ട്. ജമ്മു-കാഷ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നുപറക്കാന്‍ എക്കാലവും തങ്ങളാണു കാരണമെന്നു പ്രധാന പാര്‍ട്ടികളെല്ലാം പറയുന്നു.
പിഒകെ വോട്ടുരാഷ്ട്രീയം
ജമ്മു-കാഷ്മീരില്‍ ബിജെപി അധികാരത്തിലെത്തിയാലുടന്‍ പാക് അധിനിവേശ കാഷ്മീര്‍ (പിഒകെ) ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും അവകാശപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാന്‍ പാക്കിസ്ഥാന് പാടുപെടുകയാണ്.
പിഒകെയില്‍ വേര്‍പിരിയലിന്റെ ശബ്ദങ്ങള്‍ ഉയരുകയാണ്. ബലൂചിസ്ഥാന്റെ രസതന്ത്രം പാക്കിസ്ഥാനുമായി യോജിക്കുന്നില്ലെന്ന് അവര്‍തന്നെ പറയുന്നു. മനുഷ്യരാശിക്ക് അര്‍ബുദമാണു പാക്കിസ്ഥാന് എന്നും അത് ഉന്മൂലനം ചെയ്യാന്‍ ലോകം ലക്ഷ്യമിടുന്നുവെന്നും ജമ്മു മേഖലയിലെ രാംഗഡില്‍ വ്യാഴാഴ്ച നടത്തിയ റാലിയില്‍ ആദിത്യനാഥ് തട്ടിവിട്ടു.
ഹിന്ദു വോട്ടര്‍മാര്‍ ഏറെയുള്ള ആര്‍എസ് പുര, സാംബ, രാംഗഡ്, വിജയ്പുര്‍, സുചേത്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലാണു യുപി മുഖ്യമന്ത്രിയുടെ യോഗങ്ങള്‍.
1990കളിലെ കാഷ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചാണ് ആദിത്യനാഥ് വാചാലനാകുന്നത്. കോണ്‍ഗ്രസും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും നടത്തിയ തെറ്റുകളുടെ ഫലമാണിത്.
ജമ്മു-കാഷ്മീരിനെ ഭീകരതയുടെ കലവറയാക്കി ഇവര്‍ മാറ്റി. മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയതോടെ ഭീകരതയുടെ നഴ്സറി അവസാനിച്ചിരിക്കുന്നു. കല്ലേറു നടത്തിയവര്‍ ഇല്ലാതായി. അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നം പൂര്‍ത്തീകരിച്ചുവെന്നും ആദിത്യനാഥ് പറഞ്ഞു.
ഉറപ്പും ഉറപ്പില്ലായ്മയും
ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്നു പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും ബിജെപി മാത്രമേ ഈ പ്രതിബദ്ധത നിറവേറ്റൂ എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ പറഞ്ഞത്. എന്നാല്‍, സംസ്ഥാന പദവി എപ്പോള്‍ തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.
ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ തങ്ങളുടെ ശക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണു വോട്ടര്‍മാര്‍ നടത്തുന്നത്. ജമ്മു-കാഷ്മീരിലെ ജനങ്ങളെ ഇതിന് അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
ജമ്മു-കാഷ്മീരിനു സംസ്ഥാന പദവിയും വികസനവും ക്ഷേമവും സാമാധാനവുമാണു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. അനുച്ഛേദം 370 ഇനി തിരിച്ചുവരുമെന്നു പക്ഷേ തറപ്പിച്ചു പറയുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ അടക്കമുള്ള തിരിച്ചടികളിലൂടെ പ്രധാനമന്ത്രി മോദിയുടെ ആത്മവിശ്വാസം ചോര്‍ന്നുവെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം അവസാനിപ്പിക്കാന്‍ വോട്ട് ചെയ്യുക എന്നാണു കോണ്‍ഗ്രസ് നേതാവിന്റെ അഭ്യര്‍ഥന.
ജനവിധി നിര്‍ണായകം
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ജമ്മു കാഷ്മീരിലാകെയും ശ്രീനഗറിലും രാഹുലിനു ലഭിച്ച വന്‍ സ്വീകരണം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. ജമ്മു മേഖലയില്‍ സര്‍വാധിപത്യമാണു ബിജെപിയുടെ ആഗ്രഹം.
ഇവര്‍ക്കു പുറമെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും നേടുന്ന സീറ്റുകളുടെ എണ്ണമാകും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകം. സമവാക്യങ്ങളും മുദ്രാവാക്യങ്ങളും പ്രചാരണവിഷയങ്ങളും മാറിമറിഞ്ഞ ജമ്മു-കാഷ്മീരിന്റെ ജനവിധി ഭാവിയുടെ ചൂണ്ടുപലകകൂടിയാകും.