ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം വഷളായതു സാധാരണക്കാർക്ക് പല പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും.
പ്രത്യേകിച്ച് കാനഡയിൽ ഇപ്പോൾ പഠിക്കുന്ന മലയാളികൾ അടക്കമുള്ള നാലു ലക്ഷത്തിലേറെ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും മുതൽ സ്ഥിരതാമസത്തിനു (പെർമനന്റ് റസിഡൻസി-പിആർ) വരെ തടസങ്ങളുണ്ടാകും. പഞ്ചാബികൾ മാത്രമല്ല, കാനഡയിലുള്ള ലക്ഷക്കണക്കിനു മലയാളികളും ആശങ്കയിലാണ്.
കാനഡയിലേക്കു പോകുന്നതും വരുന്നതുമായ ഇന്ത്യൻ യാത്രക്കാർക്കെല്ലാം സുരക്ഷാ പരിശോധനയും ഇമിഗ്രേഷൻ, വീസ നടപടികളും അടക്കമുള്ളവ കർക്കശമാകുമെന്നത് നിസാരമല്ല. രണ്ടു രാജ്യങ്ങളിലെയും അംബാസഡർമാർ അടക്കം മുതിർന്ന ആറു നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയതു മൂലം വീസ അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങൾ നീളും. അത്യാവശ്യ കാര്യങ്ങൾക്കായി കാനഡയിലേക്കു യാത്ര ചെയ്യേണ്ടവരെയും ഇതു ബാധിക്കും.
പാളരുത് നയതന്ത്രം
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക, നേപ്പാൾ അടക്കമുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളായതിനു പിന്നാലെയാണു പ്രബലമായ കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത തലത്തിലേക്കു തകർന്നത്.
ഖലിസ്ഥാൻ വിഘടനവാദിയും ഭീകരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കാനഡയിലെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനും നയതന്ത്ര ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പത്രസമ്മേളനം വിളിച്ച് ആരോപിച്ചതോടെയാണ് രണ്ടു കോമണ്വെൽത്ത് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ തകർച്ചയിലായത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കിയതു സംഘർഷം രൂക്ഷമാക്കി.
ഇന്ത്യാ ഗവണ്മെന്റിന്റെ ഏജന്റുമാർ കാനഡയുടെ പൊതുസുരക്ഷയ്ക്കു കാര്യമായ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണു ട്രൂഡോ ആരോപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെപ്പോലും കുറ്റപ്പെടുത്താൻ കാനഡ മടിച്ചില്ല.
കാനഡയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിലൂടെ ഇന്ത്യ അടിസ്ഥാനപരമായ പിഴവ് വരുത്തിയെന്നാണു ട്രൂഡോ തുറന്നടിച്ചത്. ഒരു വർഷം മുന്പ് നടത്തിയ ആരോപണങ്ങൾ പ്രധാനമന്ത്രി ട്രൂഡോ ആവർത്തിച്ചിരിക്കുകയാണ്.
സ്വാഭാവികമായി ആരോപണങ്ങൾ ഇന്ത്യ തള്ളി. ട്രൂഡോയുടെ രാഷ്ട്രീയ അജൻഡയാണ് ആരോപണമെന്നും തെളിവുകൾ നൽകിയിട്ടില്ലെന്നുമാണു വിദേശകാര്യ മന്ത്രാലയം പറയുന്നത്.
ഇരുഭാഗത്തും തെറ്റുകൾ
നിജ്ജാറിന്റെ കൊലപാതകത്തിനുപുറമേ മറ്റൊരു വിഘടനവാദി നേതാവായ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാനായി ഗുജറാത്തിലെ ജയിലിലുള്ള ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘാംഗങ്ങളെ നിയോഗിച്ചതിൽ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മുൻ ഉദ്യോഗസ്ഥൻ വികാഷ് യാദവിനെ കുറ്റക്കാരനാക്കി അമേരിക്കയും രംഗത്തെത്തി.
അമേരിക്കൻ പൗരനായ പന്നുവിനെ കൊല്ലാനുള്ളതും പരാജയപ്പെട്ടതുമായ ഗൂഢാലോചനയിൽ സിസി-1 എന്നത് റോയിലെ യാദവ് ആണെന്നാണ് ന്യൂയോർക്ക് കോടതിയിൽ അമേരിക്കൻ പ്രോസിക്യൂട്ടർമാർ നൽകിയ കുറ്റപത്രത്തിലുള്ളത്.
ഡൽഹിയിൽ കാബിനറ്റ് സെക്രട്ടേറിയറ്റിലും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണത്തിലും പ്രവർത്തിച്ചിട്ടുള്ള 39കാരനാണു ഹരിയാനക്കാരനായ യാദവ്.
പക്ഷേ, ഗുജറാത്തിലെ ജയിലിലുള്ള ബിഷ്ണോയ് ഇപ്പോഴും ക്രിമിനൽ ഗുണ്ടാസംഘത്തെ നയിക്കുന്നുവെന്നതിൽ കേന്ദ്രസർക്കാരിന് കൈകഴുകാനാകില്ല.
എന്നാൽ, ബിഷ്ണോയ് സംഘത്തിലെ അംഗങ്ങളെയും സിക്ക് തീവ്രവാദികളെയും അറസ്റ്റ് ചെയ്യാനും ഇന്ത്യക്കു കൈമാറാനുമുള്ള അഭ്യർഥനകളിൽ നാളിതുവരെ കാനഡ നടപടികളൊന്നും എടുത്തില്ലെന്നു കേന്ദ്ര വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞതു പ്രധാനമാണ്.
ഇന്ത്യക്കെതിരേയുള്ള തീവ്രവാദ, ഭീകര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കാനഡ തയാറായില്ല. ഇന്ത്യക്കെതിരേ തീവ്രവാദം വളർത്തുന്ന 26 പേരെ കൈമാറണമെന്ന് പത്തു വർഷത്തിനിടെ ഇന്ത്യ അഭ്യർഥിച്ചിട്ടും കാനഡ അനങ്ങിയില്ല.
ട്രൂഡോയുടെ ട്രപ്പീസ് പാളി
ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്ന ഭീകര ഗ്രൂപ്പുകൾക്ക് പാക്കിസ്ഥാൻ താവളം നൽകുന്നതിനു സമാനമായിരുന്നു കാനഡയുടെ സമീപനം. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദികൾക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ പൂർണ സ്വാതന്ത്ര്യം നൽകിയ ട്രൂഡോയുടെ നടപടി പ്രശ്നം സങ്കീർണമാക്കി.
എന്നാൽ, കാനഡപോലൊരു രാജ്യത്തു ചെന്ന് ഒരാളെ കൊലപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന കാനഡയുടെ ആരോപണത്തിന് അമേരിക്ക, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ പിന്തുണ നൽകിയത് ഇന്ത്യക്കു തിരിച്ചടിയാണ്. കാനഡകൂടി ഉൾപ്പെട്ട രഹസ്യാന്വേഷണ സഖ്യമായ അഞ്ചു കണ്ണുകളിലെ (ഫൈവ് ഐസ്) അംഗങ്ങളാണ് ഈ രാജ്യങ്ങൾ.
റോ ഉദ്യോഗസ്ഥനായിരുന്ന വികാഷ് യാദവിനെതിരേ അമേരിക്ക നൽകിയ തെളിവുകളെ വേണ്ടതുപോലെ പ്രതിരോധിക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ല. യാദവിനെ സർവീസിൽനിന്നു പുറത്താക്കേണ്ടിവന്നതു നാണക്കേടുമായി.
കാനഡയുടെ ആരോപണത്തിൽ കഴന്പുണ്ടെന്ന് അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങൾക്കു തോന്നിയതിലേക്കു നയിച്ച ഇന്ത്യയുടെ നടപടിയെ ന്യായീകരിക്കാനാകില്ല. ഇന്ത്യയുടെ പ്രധാനികളുടെ അറിവോടെ കൊലപാതകം പോലുള്ള ക്രിമിനൽ കുറ്റം നടന്നുവെന്ന സംശയം ജനിപ്പിക്കുന്നതുപോലും തെറ്റാണ്.
അത്തരം നടപടി ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. എന്നാൽ കൃത്യമായ തെളിവുകളില്ലാതെ ഇന്ത്യ പോലൊരു രാജ്യത്തിനെതിരേ പരസ്യമായി തിരിഞ്ഞ ട്രൂഡോയുടെ നടപടിയും തികച്ചും അപക്വമായി. കാനഡയുടെയും താത്പര്യങ്ങൾക്കു വിരുദ്ധമാണിത്.
കരിയുന്ന ജീവിതസ്വപ്നങ്ങൾ
ഇന്ത്യ-കാനഡ ബന്ധം തകരുന്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതസ്വപ്നങ്ങൾകൂടിയാണു തകരുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയിലെ ചെറുപ്പക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽസാധ്യതകൾക്കും വലിയ ഭീഷണിയാണിത്.
സിക്കുകാരെ മാത്രമല്ല, കാനഡയിലുള്ളവരും പോകാൻ ശ്രമിക്കുന്നവരുമായ അനേകായിരം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയ പ്രശ്നം വേഗം പരിഹരിക്കപ്പെടാനുള്ള സാധ്യത കുറവാണ്.
ഈ വർഷം മാത്രം 1,37,445 ഇന്ത്യൻ വിദ്യാർഥികൾക്കാണു കാനഡ വീസ നൽകിയത്. മൊത്തം 3,74,060 വിദേശ വിദ്യാർഥികളിലാണിത്. അന്താരാഷ്ട്ര വിദ്യാർഥികളുടെ 40.7 ശതമാനം ഇന്ത്യക്കാരാണ്. മൊത്തം 3.60 ലക്ഷം വിദേശ വിദ്യാർഥികളെയേ ഈ വർഷം അനുവദിക്കൂ എന്നായിരുന്നു പ്രഖ്യാപനം.
2023ലേതിൽനിന്ന് 35 ശതമാനമാണു വെട്ടിക്കുറിച്ചത്. 2025ലെ വിദേശ സ്റ്റഡി പെർമിറ്റുകൾ വീണ്ടും കുറയ്ക്കുമെന്ന് കാനഡ അറിയിച്ചുകഴിഞ്ഞു. വീസ പ്രോസസിംഗ് സമയം കൂടുന്നതിനു പുറമേ, വീസ ഫീസുകൾ കൂട്ടിയത് അടക്കം കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെയാണിത്.
2015ൽ കാനഡയിലെ 2.19 ലക്ഷം വിദേശ വിദ്യാർഥികളിൽ 31,920 പേരായിരുന്നു ഇന്ത്യക്കാർ. വിദേശ വിദ്യാർഥികളുടെ 14.5 ശതമാനം ഇന്ത്യക്കാരായിരുന്നു അന്നുണ്ടായിരുന്നത്. 2023 ആയപ്പോഴേക്കും പഠനാനുമതി ലഭിക്കുന്ന 2,78,250 വിദേശ വിദ്യാർഥികളിൽ 6,82,060 പേർ ഇന്ത്യക്കാരായി. ഇവരിൽ പകുതിക്കടുത്ത് മലയാളികളും.
മലയാളിക്കും ജീവൽപ്രശ്നം
കഴിഞ്ഞ ഒന്പതു വർഷത്തിനിടെ മാത്രം 13 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനെത്തിയെന്നാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസണ്ഷിപ് കാനഡയുടെ (ഐആർസിസി) കണക്ക്.
ഇവരിൽ പലർക്കും കാനഡയിൽ ജോലിയും പിന്നീട് സ്ഥിരതാമസവും ലഭ്യമായിരുന്നു. എന്നാലിപ്പോൾ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞു. വിദ്യാർഥികളിൽ മാത്രമല്ല, കാനഡയിൽ പൗരത്വമെടുത്തവരും സ്ഥിരതാമസമാക്കിയവരും സഞ്ചാരികളും അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ആശങ്കയിലും അങ്കലാപ്പിലുമായത്.
വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളിലെയും സാന്പത്തികസ്ഥിതിയിലെയും മാന്ദ്യം സൃഷ്ടിക്കുന്ന പ്രതിസന്ധി വേറെയുണ്ട്.
ബിരുദാനന്തര ബിരുദ, ഡിപ്ലോമ പഠനങ്ങൾക്കും ഐഇഎൽടിഎസ് പരീക്ഷയ്ക്കുമടക്കം ഇതിനകം വൻതുക ഫീസ് അടച്ചവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയിലാണ്. വിസിറ്റിംഗ് വീസയ്ക്കായി ശ്രമിക്കുന്നവരെയും പ്രശ്നം ബാധിക്കും. കാനഡ വീസ കിട്ടാൻ ഇനി കാലതാമസമെടുക്കും.
അനിവാര്യമാണ് സമാധാനം
കാനഡയുമായുണ്ടായ നയതന്ത്ര സംഘർഷം ഇന്ത്യയുടെ പ്രതിച്ഛായയെ മാത്രമല്ല, ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വം അടക്കമുള്ള ഇന്ത്യയുടെ ആഗോള അവകാശങ്ങളെപ്പോലും ബാധിച്ചു.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ അടക്കമുള്ള സുഹൃത് രാഷ്ട്രങ്ങളുടെ സഹായത്തോടെ എത്രയും വേഗം പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. അതത്ര എളുപ്പമല്ലെങ്കിലും ഇന്ത്യയുടെയും വരുംതലമുറകളുടെയും താത്പര്യത്തിന് അനിവാര്യമാണത്.
ഇന്ത്യ-കാനഡ പിരിമുറുക്കം അവസാനിപ്പിക്കാനുള്ള വിശാലത ഇരുരാജ്യങ്ങളിലെയും നേതൃത്വത്തിന് ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
ലോകം ചെറുതാകുന്പോൾ രാജ്യങ്ങളും നേതാക്കളും ചെറുതാകരുത്. ആഗോള സമാധാനവും സഹകരണവും വിശാലമായ അവസരങ്ങളുമാണ് ഭാവിയുടെ അനിവാര്യത.