തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജ്. നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം സംവിധായകൻ വിനയൻ പുറത്തുവിട്ടു. ഇക്കാര്യത്തിൽ രഞ്ജിത് മറുപടി പറയണമെന്നും വിനയൻ ആവശ്യപ്പെട്ടു.
ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും വിനയൻ ആവശ്യപ്പെട്ടു. അവാർഡ് നിർണയത്തിൽ തന്റെ സിനിമയെ ബോധപൂർവ്വം തഴഞ്ഞെന്ന് നേരത്തെ വിനയൻ പരാതിപ്പെട്ടിരുന്നു. ഒരു മാധ്യമ പ്രവർത്തകനോട് നേമം പുഷ്പരാജ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് വിനയൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ചെയർമാൻ പദവി ദുരുപയോഗം ചെയ്ത് രഞ്ജിത് അവാർഡ് നിർണയത്തിൽ ഇടപെട്ടുവെന്ന് താൻ നേരത്തേ പറഞ്ഞിരുന്നു.
തന്റെ വാക്കുകൾ അടിവരയിട്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു. ഇപ്പോൾ പുറത്തുവിട്ട ശബ്ദരേഖയിൽ പറഞ്ഞത് കൂടാതെ അവാർഡ് നിർണ്ണയത്തിൽ നടന്ന വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താമെന്നും വിനയൻ.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയുടെ തീരുമാത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന് നേരത്തേ വിനയൻ ആരോപിച്ചിരുന്നു. തെളിവുകൾ തന്റെ പക്കലുണ്ടെന്നും, വേണ്ടിവന്നാൽ അത് മാധ്യമങ്ങൾക്ക് കൈമാറുമെന്നും മുമ്പ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.