തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് സംഗീത മാധവൻ നായർ. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നത്. അന്ന് മികച്ച നടിയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്‌ക്ക് ലഭിച്ചിരുന്നു.
ഒരുകാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന സംഗീത തന്റെ 47ാം വയസ്സിൽ ‘ചാവേർ’ എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ്. 2000–വർഷത്തിൽ അഭിനയം നിർത്തിയ താരം 14 വർഷത്തിനു ശേഷം മടങ്ങി വന്ന ചിത്രമായിരുന്നു ശ്രീനിവാസൻ നായകനായ ‘നഗര വാരിധി നടുവിൽ ഞാൻ’. ആ ചിത്രമിറങ്ങി ഒൻപത് വർഷങ്ങൾക്കു േശഷമാണ് നടി വീണ്ടും മലയാളത്തിലെത്തുന്നത്.
ചാവേറിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ സംഗീതയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പഴയതിലും ചെറുപ്പമായി എത്തിയ സംഗീതയുടെ ചിത്രങ്ങൾ ആരാധകരെയും അമ്പരപ്പിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
‘‘ചാവേർ സിനിമയിൽ അഭിനയിക്കാൻ പ്രധാന കാരണം ടിനു പാപ്പച്ചൻ ആണ്. ടിനുവിന്റെ മേക്കിങ് വളരെ ഇഷ്ടമാണ്. അതിൽ ആകർഷിക്കപ്പെട്ടാണ് ചാവേറിലെത്തിയത്. ഇവിടെ അത് നേരിട്ട് കാണാൻ സാധിച്ചു. ’’ എന്നും സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സംഗീത പറഞ്ഞു.
അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ. ക്രൈം ഫയൽ, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്.
ഛായാഗ്രാഹകനായ എസ്. ശരവണനാണ് സംഗീതയുടെ ഭർത്താവ്. മലപ്പുറം കോട്ടക്കൽ സ്വദേശിയായ മാധവൻ നായരുടെയും പത്മയുടെയും മകളായ സംഗീത ജനിച്ചുവളർന്നത് ചെന്നൈയിലാണ്. ചെന്നൈയിൽ ബിസിനസ്സായിരുന്നു മാധവൻ നായർക്ക്. ബാലതാരമായാണ് സിനിമയിലേക്ക് എത്തിയത്. 'എല്ലാമേ എന്‍ രാസാതാന്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീതയുടെ നായികയായുള്ള അരങ്ങേറ്റം.
പുള്ളക്കുട്ടിക്കാരന്‍, കാലം മാറി പോച്ച്, പൂവേ ഉനക്കാകെ എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ ചിത്രങ്ങളൊക്കെ ഹിറ്റായതോടെയാണ് സംഗീത ശ്രദ്ധ നേടുന്നത്. നാടോടി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം.