ചിരിച്ചുകൊണ്ട് കണ്ടുതീർക്കാൻ സാധിക്കുന്ന പക്ക ഫാമിലി കോമഡി എന്റർടൈനർ എന്ന് ഒറ്റവാക്കിൽ 'മന്ദാകിനി'യെ വിശേഷിപ്പിക്കാം. അൽത്താഫ് - അനാർക്കലി കൊമ്പോ പ്രകടനം മികവുറ്റ് നിന്നതോടെ ചിരിയുടെ രസകാഴ്ചയായി മാറുകയായിരുന്നു മന്ദാകിനി. നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്ത് അല്‍ത്താഫും അനാര്‍ക്കലി മരക്കാറും ഒന്നിച്ച ചിത്രം വലിയ ഹിറ്റിലേക്ക് കുതിക്കുമെന്നത് തീർച്ച.
ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വളരെ രസകരമായി പറഞ്ഞുപോകുന്നതാണ് സിനിമ. ഒറ്റ ദിവസം നടക്കുന്ന കഥ എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ആരോമലിന്‍റെ വിവാഹദിനം രാവിലെ തുടങ്ങി രാത്രി വരെയുള്ള സംഭവങ്ങള്‍ നർമ്മത്തിലൂടെ മാലപോലെ കോർത്തുവച്ചിരിക്കുകയാണ് സംവിധായകൻ.
ആരോമലിന്റെ കല്യാണ ദിവസത്തെ ആഘോഷത്തോടെ തുടങ്ങി ആദ്യരാത്രിയിലെ ഇരുവരുടെയും തുറന്നു പറച്ചിലിലൂടെ കഥ മറ്റൊരു തലത്തിലേക്ക് എത്തുന്നു. തുടർന്നുള്ള സംഭവങ്ങളിൽ തമാശയും അല്പം ആക്ഷനും പാട്ടുകളുമൊക്കെയായി പ്രേക്ഷകരെ മടുപ്പിക്കാത്ത വിധമാണ് ഒരുക്കിയിരിക്കുന്നത്.
അൽത്താഫും അനാർക്കലിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഇരുവർക്കും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. അൽത്താഫിന് പുറമെ ജൂഡ് ആന്തണി, ജിയോ ബേബി, അജയ് വാസുദേവ്, ലാൽ ജോസ് എന്നീ അഞ്ചു സംവിധായകരും അഭിനയിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷിജു എം ഭാസ്‌കറും ശാലുവും ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും ഷിജു എം ഭാസ്‌കറാണ്.