തൊണ്ണൂറുകളിൽ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ സ്വന്തം റൊമാന്റിക് ഹീറോയായിരുന്നു അരവിന്ദ് സ്വാമി. മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു അരവിന്ദ് 1991 ലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായ ദളപതി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ ചുവടു വെച്ചത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയിൽ സൂപ്പർ സ്റ്റാർ രജനികാന്തും, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ചപ്പോൾ തുടക്കക്കാരന്റെ കുറവുകൾ ഒന്നും തോന്നാത്ത വിധം, സ്വന്തം ഭാഗം അരവിന്ദ് മനോഹരമാക്കി.
റോജയിലൂടെ റൊമാന്റിക് താരപരിവേഷം ലഭിച്ചു. മൗനം, ഡാഡി, ദേവരാഗം തുടങ്ങിയ മലയാള ചിത്രങ്ങളിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. എന്നാല്‍ പെട്ടന്നാണ് അദ്ദേഹം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. പിന്നീട് തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ വില്ലനായുള്ള തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കി. പതിവില്‍നിന്നും വ്യത്യസ്തമായി വില്ലത്തരവും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചത് തിരിച്ചുവരവിലായിരുന്നു.
എന്നാൽ സിനിമയെ വെല്ലുന്ന സംഭവബഹുലമാണ് അരവിന്ദ് സ്വാമിയുടെ ജീവിതം. നടൻ ഡൽഹി കുമാറിന്റെ മകനായിട്ടാണ് അരവിന്ദ് സ്വാമി പിറന്നത്. പക്ഷേ പ്രശസ്ത വ്യവസായിയും, മനുഷ്യസ്നേഹിയുമായിരുന്ന വി ഡി സ്വാമി, അരവിന്ദിനെ ദത്തെടുക്കുകയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അരവിന്ദ് സ്വാമി, അന്ന് നടന്‍ ഡല്‍ഹി കുമാറിന്റെ മകനാണ് താന്‍ എന്ന് പറയുകയും ചെയ്തിരുന്നു.
പിന്നീട് റോജ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറിയ അരവിന്ദ് സ്വാമിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച് ഒരിടത്ത് പോലും പരമാര്‍ശിച്ചിരുന്നില്ല. ഒന്നിച്ചൊരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. അച്ഛനും മകനുമാണെന്ന ബന്ധം എവിടെയും പിന്നീട് പറഞ്ഞില്ല എന്നുമാത്രമല്ല, ഇരുവരും ഒന്നിച്ച് സിനിമകള്‍ അഭിനയിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍. ബിഹൈന്റ് വുഡ് തമിഴിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അച്ഛനും മകനും എന്ന ബന്ധം തങ്ങള്‍ക്കിടയില്‍ ഇല്ല എന്നും അദ്ദേഹം പറയുന്നു.
ജനിച്ച ഉടനെ തന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച് ആയി. പിന്നീട് എന്തെങ്കിലും ഫങ്ഷന്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് അരവിന്ദ് വരുന്നത്. വന്ന ഉടനെ അവന്‍ പോകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ആ ബന്ധം നിലനിര്‍ത്താനും കഴിഞ്ഞില്ല എന്നാണ് ഡല്‍ഹി കുമാര്‍ പറഞ്ഞത്.
അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഇനിയൊരു സിനിമ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഒരിക്കലുമില്ല എന്ന് ഡല്‍ഹി കുമാര്‍ മറുപടി നല്‍കി. കഥയും സാഹചര്യവും നല്ലതാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പം അഭിനയിക്കും. ഇതുവരെ അഭിനയിക്കാതിരുന്നത് അത്തരം ഒരു കഥ വരാതിരുന്നത് കൊണ്ടാണെന്നും അല്ലാതെ ശത്രുതയല്ല എന്നും നടന്‍ വ്യക്തമാക്കി. മെട്ടിഒലി എന്ന സീരിയലിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ ഡല്‍ഹി കുമാര്‍, ധും ധും ധും, കണ്ണത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, വീരാപ്പ്, എന്തിരന്‍, സിങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിക്കി പീഡിയയില്‍ ഇപ്പോഴും അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് വിഡി സ്വാമി (വെങ്കടരാമ ദുരൈസ്വാമി) എന്ന പേരാണ്. ഇന്ത്യന്‍ വ്യവസായിയായ വിഡി സ്വാമി ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയയുടെ സ്ഥാപകരില്‍ ഒരാളുമാണ്.