Advertisment

ഇത് ലക്കി ഭാസ്കർ അല്ല, ലക്കി ദുൽഖർ

author-image
സുഭാഷ് ടി ആര്‍
Updated On
New Update
448-252-22800240-thumbnail-16x9-lucky
മലയാള സിനിമയിലെ യുവനടന്മാരിൽ  ഇരുത്തം വന്ന നടനാണ് ദുൽഖർ സൽമാൻ. അത് തനിക്ക് ലഭിയ്ക്കുന്ന ഏത് തരത്തിലുള്ള സ്വഭാവസവിശേഷതകളുള്ള കഥാപാത്രമായാലും ശരി, ആ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് എടുക്കും. ശേഷം, അയത്നലളിതവും,  അനിതരസാധാരണവുമായ പകർന്നാട്ടത്തിലൂടെ പ്രേക്ഷകരെ ആ കഥാപാത്രത്തിലേയ്ക്ക് ആകർഷിപ്പിയ്ക്കും. വളരെ  പക്വതയോടെ, കഥയെയും കഥാസന്ദർഭത്തെയും ഉൾക്കൊള്ളുന്ന സൂക്ഷ്മാഭിനയം ദുൽഖറിന് സ്വതസിദ്ധവുമാണല്ലോ.Lucky_Bhaskar
Advertisment
"ലക്കി ഭാസ്കർ" എന്ന തെലുങ്കിൽ നിർമ്മിച്ച, ബഹുഭാഷാ ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുമ്പോൾ അത്, ദുൽഖറിന്റെ അഭിനയകാലത്തിലെ  മുപ്പത്തിരണ്ടാമത്തെ സിനിമയായി. ആരും കൈ വെച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ പ്രമേയത്തിലൂടെ,  കഥാകാരനും സംവിധായകനുമായ വെങ്കി അട്ടല്ലൂരി ലക്കി ഭാസ്കർ എന്ന സിനിമയിലൂടെ കാണികളെ നെടുവീർപ്പിടുവിയ്ക്കുന്നു. ഓരോ നിമിഷത്തിലും"ഇനി എന്ത്... ഇനി എന്ത്..?" എന്ന് പ്രേക്ഷകരെക്കൊണ്ട് സ്വയം ചോദിപ്പിയ്ക്കുന്നു, അവരെ ഉൽക്കണ്ഠാകുലരാക്കുന്നു.  സംവിധാന കലയെ കൈയടക്കം  ചെയ്ത്, വെങ്കി അട്ടല്ലൂരി എന്ന സംവിധായകൻ ലക്കി ഭാസ്കർ എന്ന സിനിമയെ നൂറ് കോടി ക്ലബ്ബിലേയ്ക്ക് ഓടിച്ച് കയറ്റുകയാണ്.
എൺപതുകളിലെയും ആദ്യ തൊണ്ണൂറുകളിലെയും ബോംബെ നഗരത്തിലെ തെരുവുകളും പഴയ വീടുകളും, കെട്ടിടങ്ങളും  തെരുവിലെ ഭക്ഷണശാലകളും മുതിർന്ന പ്രേക്ഷകരിൽ ഗൃഹാതുരത്വം ഉണർത്തുമ്പോൾ, പുതുതലമുറയ്ക്ക് അമ്പരപ്പും ജിഞ്ജാസയും ഉണ്ടാക്കുന്നു.
മിഡിൽ ക്ലാസ് കുടുംബത്തിന്റെ അന്നത്തെ അഭിമാനതാരമായിരുന്ന ബജാജ് ചേതക് സ്കൂട്ടറും, മാരുതികാറും സാധാരണക്കാരന്റെ അന്നത്തെയും ഇന്നത്തെയും ഇഷ്ടവിഭവമായ റൊട്ടിയും പാവും നമ്മുടെ മുന്നിലേക്ക് സംവിധായകൻ വെച്ച് നീട്ടുന്നു. ഇടുങ്ങിയ തെരുവിലെ തിരക്കും, ജീവിതവും, കച്ചവടവും, പലിശക്കാരനും ബോംബെയുടെ സ്പന്ദനമായി നമ്മൾക്ക് അനുഭവപ്പെടുന്നു. ഇന്ത്യയുടെ സമ്പത്ഘടനയുടെ ഉയർച്ചതാഴ്ചകളുടെ പ്രഭവകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റോക് എക്സ്ചേഞ്ചും, ദലാൽ സ്ട്രീറ്റും പ്രേക്ഷകർ കൗതുകത്തോടെ കാണും. Lucky-Bhaskar-Unlucky-with-Dates-Delayed-to-Diwali-1068x559
ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന പിതാവിന്റെ, ഇടത്തരം കുടുംബത്തിലെ മൂത്ത മകനായ ഭാസ്കർ കുമാറായി ദുൽഖർ സൽമാൻ വേഷപ്പകർച്ച നടത്തുകയാണ്. ജീവിതത്തിൽ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും വലിയ വില കൊടുത്തിരുന്ന ദുൽഖറിന്റെ പിതാവിന്റെ സൃഹൃത്തുക്കൾ ബിസിനസ്സിൽ അദ്ദേഹത്തെ വഞ്ചിച്ചപ്പോൾ, ആ മനുഷ്യൻ മൗനത്തിന്റെ വൽമീകത്തിലേയ്ക്ക് സ്വയം ഒളിച്ചു. ആരോടും സംസാരിക്കാതെ ആ വീട്ടിൽ ഒതുങ്ങി.
കുടുംബം മുന്നോട്ട് കൊണ്ടു പോകുവാൻ ഭാസ്കർ നന്നേ ക്ലേശിച്ചു. അമ്മ, ഭാസ്കറിന്റെ ബാല്യകാലത്ത് തന്നെ മരിച്ചു പോയിരുന്നു. വിദ്യാർത്ഥികളായ അനിയനും അനിയത്തിയും. ഒരു സ്വകാര്യ ബാങ്കിൽ ക്ലർക്ക് ആയി ജോലിചെയ്യുന്ന ഭാസ്കർ ഇതിനിടയിൽ സഹപാഠിയെ സഹധർമ്മിണി ആക്കി. അവർക്ക്  ഏഴുവയസ്സുള്ള ആൺകുട്ടിയും ഉണ്ട്.
കുടുംബം പുലർത്താൻ പാടുപെടുന്ന ഭാസ്കറിന് പണം സമ്പാദിയ്ക്കണമെന്ന് ഉൽക്കടമായ ആഗ്രഹം ഉണ്ടാക്കിക്കൊടുത്തത് അയാളുടെ ജീവിത സാഹചര്യങ്ങൾ ആയിരുന്നു. ഭാഗ്യം അയാളെ തുണച്ച് കൂടെ നിന്നതിനാൽ ഒരു പോറൽ പോലും തനിയ്ക്കോ തന്റെ കുടുംബത്തിനോ ഏൽപ്പിയ്ക്കാൻ ഭാസ്കർ ആരെയും അനുവദിച്ചില്ല.
കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുടുംബത്തെയും സുഹൃത്തുക്കളെയും നെഞ്ചോടേറ്റുന്ന ഭാസ്കർ എന്ന ശക്തനായ കഥാപാത്രമായി ദുൽഖർ എക്കാലവും കാണികളുടെ മനസ്സിൽ ഉണ്ടാകും.
വളരെ ബുദ്ധിമാനായ ഭാസ്കർ, ഓഹരി വിപണിയിലെ ബുദ്ധിരാക്ഷസൻമാരെയും ചതിയൻമാരെയും കടത്തിവെട്ടി അതിജീവനത്തിന്റെ വ്യോമപാതയിലൂടെ പോകുന്ന സുന്ദരമായ കാഴ്ച കണ്ടിറങ്ങുന്ന പ്രേക്ഷകർ തികച്ചും സംതൃപ്തരാകും. സിനിമ സംവിധായകന്റേതാണ് എന്ന് പറയുമ്പോൾ തന്നെ പറയേണ്ടിവരും സിനിമ നായകന്റേതു കൂടിയാണ്. 
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കുന്നതാണ് ലക്കി ഭാസ്കർ. ദുൽഖറിന്റെ ഭാര്യ, സുമതി ആയി മീനാക്ഷി ചൗധരി എന്ന കഥാപാത്രം, സ്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഉയർത്തിപ്പിടിയ്ക്കുന്നത് ഓരോ സ്ത്രീയും ഇമവെട്ടാതെ നോക്കിയിരുന്ന് കാണും. ഭാസ്കറിന്റെ ബലവും ഭാഗ്യവും വഴികാട്ടിയും സുമതി ആണ്, പിന്നെ ഭാസ്കറിന്റെ അച്ഛനും.
ഭാസ്കറിനെ, ദുൽഖറിന്റെ കൈകളിൽ ഭദ്രമായി ഏൽപിച്ച വെങ്കി അട്ടല്ലൂരി അഭിനന്ദനാർഹനാകുന്നു. പതിവ് തെലുങ്ക് സിനിമകളിൽ നിന്നും വ്യത്യസ്തമായി, സിനിമയുടെ കഥ പറയുന്ന രീതി പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് കൂട്ടത്തോടെ എത്തിയ്ക്കും. സകല മസാലകളും  ചേർത്ത് ഒരുക്കാമായിരുന്ന പ്രമേയം  ആയിരുന്നു എങ്കിലും, അത്തരം ക്ലീഷേയിൽ ചവിട്ടാതെ, കഥാകാരനും സംവിധായകനുമായ വെങ്കി അട്ടല്ലൂരി മാറി നടന്നതിനാൽ സകുടുംബം, ഒന്നും നോക്കാതെ ജനങ്ങൾക്ക് ലക്കി ഭാസ്കർ കാണാൻ പോകാം. 
വളരെ ബുദ്ധിമാനായ, ഭാസ്കർ എന്ന കഥാപാത്രമായി ദുൽഖർ പുതിയ ഗെറ്റപ്പിൽ സിനിമ നിറഞ്ഞ്  നില്ക്കുകയാണ്, ലക്കി ദുൽഖർ ആയി.
സിതാര എന്റർടെയ്ൻമെന്റിനും ഫോർച്യൂൺ ഫോർ സിനിമയ്ക്കും വേണ്ടി, എസ്. നാഗവംശിയും സായ് സൗജന്യയും ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ.നിമിഷ് രവിയുടെ ഛായാഗ്രഹണം ചിത്രത്തെ മിഴിവുറ്റതാക്കി. നവീൻ നൂലിയുടേതാണ് എഡിറ്റിംഗ്. സംഗീതം ജി.വി. പ്രകാശ് കുമാർ.
ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയ്ക്കും പുറമേ, രാംകിയും ഐഷാ ഖാനും, ഹൈപ്പർ ആഡിയും, പി. സായ്കുമാറും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 
Advertisment