Advertisment

ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും പുനഃസംഘടിപ്പിക്കണം- മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

author-image
മൂവി ഡസ്ക്
New Update
cinema shooting-1

ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും എത്രയും പെട്ടെന്ന് പുനഃസംഘടിപ്പിക്കണമെന്ന് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (MIC ). ലൈംഗിക അതിക്രമ പരാതിയിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിൽ വൈസ് ചെയർമാൻ നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽകാലിക ചുമതല നൽകിയ കാര്യം സാംസ്കാരിക വകുപ്പ് പുനഃപരിശോധിക്കണം. 

Advertisment

ഐ.എഫ്.എഫ്.കെ.യ്ക്ക് അടക്കം നേതൃത്വം നൽകുന്ന അക്കാദമിയുടെ തലപ്പത്തേക്ക് സ്വതന്ത്ര ചലച്ചിത്രമേഖലയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ നിയമിക്കാൻ സർക്കാർ തയ്യാറാകണം. തുടർച്ചയായി കച്ചവട സിനിമാ രം​ഗത്ത് നിന്നുള്ളവരെയാണ് അക്കാദമിയുടെ നേതൃസ്ഥാനത്തേക്ക് സർക്കാർ നിയമിക്കുന്നത്. ഇപ്പോൾ ചുമതല നൽകിയിരിക്കുന്ന പ്രേംകുമാറും കച്ചവട സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നടനാണ്. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് കച്ചവട സിനിമയിൽ പ്രവർത്തിക്കുന്നവരെ പതിവായി നിയമിക്കുന്നത് അക്കാദമിയുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്നുള്ള വഴിമാറലാണ്. 

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ മുഖ്യലക്ഷ്യം. ആ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയാണ് അക്കാദമി. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവും ജൂറികളുടെ തെരഞ്ഞെടുപ്പും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പും നിരന്തരം പരാതിക്ക് വിധേയമാകുന്നു. കച്ചവട സിനിമകളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതും അവർക്ക് മാത്രം പ്രാതിനിധ്യമുള്ളതുമായ സ്ഥലമായി ചലച്ചിത്ര അക്കാദമി മാറിയിരിക്കുകയാണ്.  

കേരള ഫിലിം ഡവലപ്മെന്റ് കോർപ്പറേഷനെതിരെയും നിരന്തരം പരാതികൾ ഉയരുന്നുണ്ട്.  കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനെതിരെ, വനിതാ സംവിധായകരെ പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയിൽ ഉൾപ്പെട്ട സ്ത്രീ സംവിധായകർ തുടർച്ചയായി പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

എസ്.സി/എസ്.ടി വിഭാ​ഗത്തിലുള്ളവർക്കായി ആവിഷ്കരിച്ച സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട സംവിധായകരും ഷാജി എൻ. കരുണിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ കെ.എസ്.എഫ്.ഡി.സി. സിനിമകൾക്ക് നൽകുന്ന സസ്ബഡി വർദ്ധിപ്പിക്കണമെന്നും സബ്സിഡി പാക്കേജിൽ ഉൾപ്പെടുന്ന സിനിമകൾക്ക് ചിത്രാഞജലി സ്റ്റുഡിയോയിലെ സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നതിൽ മുൻ​ഗണന നൽകണമെന്നുമുള്ള ആവശ്യവും പരി​ഗണിക്കപ്പെടുന്നതേയില്ല. 

ഈ പരാതികളുടെ പശ്ചാത്തലത്തിൽ കേരള ചലച്ചിത്ര അക്കാദമിയും കെ.എസ്.എഫ്.ഡി.സി.യും സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് പുനഃസംഘടിപ്പിക്കണമെന്ന് എം.ഐ.സി.ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റിക്ക് മുമ്പ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് പത്ത് വർഷം കഴിഞ്ഞിട്ടും സർക്കാർ പരി​ഗണിച്ചിട്ടില്ല. സിനിമയുടെ സമസ്ത മേഖലകളിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വരുത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ച് പറയുന്ന അടൂർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. സിനിമകളുടെ ടൈറ്റിൽ  രജിസ്‌ട്രേഷനും പബ്ലിസിറ്റി ക്ലിയറൻസും സിനിമാ സംഘടനകൾ ചെയ്യുന്ന രീതി നിർത്തലാക്കുകയും ഇതിനായി ഒരു സംവിധാനം സർക്കാർ ഏർപ്പെടുത്തുകയും വേണം. 

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നയരൂപീകരണത്തിനായി സർക്കാർ നിയമിച്ച ചലച്ചിത്ര നയരൂപീകരണ സമിതിയിൽ സ്വതന്ത്ര സിനിമ പ്രവർത്തകരെയും അടിയന്തിരമായി ഉൾപ്പെടുത്തണം. അതല്ലെങ്കിൽ സ്വതന്ത്ര സിനിമ പ്രവർത്തകരുടെ ആവശ്യങ്ങൾ പരി​ഗണിക്കുന്നതിന്, വ്യക്തികളുമായും MIC അടക്കമുള്ള സ്വതന്ത്ര സിനിമാ സംഘങ്ങളുമായും ചലച്ചിത്ര നയരൂപീകരണ സമിതി കൂടിക്കാഴ്ച നടത്തണം. 

ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യവും തൊഴിൽ അവകാശങ്ങളും സിനിമ മേഖലയിൽ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്ന് MIC ആവശ്യപ്പെടുന്നു.

 

Advertisment