ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം, ഇത്തവണ പാലായിലെ ചേട്ടൻമാരുടെ കഥയുമായാണ് റെജിസ് ആന്റണി മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നത്.
പാലായിലെ കഠിനാദ്ധ്വാനികളായ ക്രൈസ്തവരുടെ ഇടയിലെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും ദൈവവിശ്വാസവും അയൽക്കാരോടുള്ള സ്നേഹവും ഒക്കെ ചേർത്ത് പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന രീതിയിൽ റെജിസ് ആൻ്റണി അവതരിപ്പിയ്ക്കുന്നു. പഴയകാല സിനിമയിൽ ഉണ്ടായിരുന്നതും ഇടക്കാലത്ത് കൈമോശം വന്നതുമായ 'നന്മയുടെ സന്ദേശം' ഈ ചിത്രത്തിൽ അനുഭവിച്ചറിയാം.
അയൽക്കാരായ രണ്ട് ക്രേസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. പലചരക്ക് കടക്കാരനായ പടിഞ്ഞാറേപ്പറമ്പിൽ ജോസൂട്ടിയും, ഭാര്യ സിസിലിയും മക്കളായ ക്രിസ്റ്റോ, ക്രിസ്റ്റഫർ, ക്രിസ്റ്റീന, ജോസൂട്ടിയുടെ അമ്മ സാറാമ്മയും അടങ്ങുന്ന ഇടത്തരം കുടുംബമായ പടിഞ്ഞാറേപ്പറമ്പിൽ വീട്. അവരുടെ അയൽക്കാരായ മാളിയേക്കൽ വക്കച്ചൻ എന്ന അമേരിക്കക്കാരനും അമേരിക്കയിൽ നഴ്സായ ആനിയമ്മയും അടങ്ങുന്ന സമ്പന്ന കുടുംബവും ഉൾപ്പെടുന്നതാണ് അയൽക്കാർ.
പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ച ജോസൂട്ടിയെ, അപ്പൻ തന്റെ പലചരക്ക് കടയിൽ സഹായത്തിന് നിർത്തുകയായിരുന്നു. അപ്പന്റെ മരണ ശേഷം ജോസൂട്ടിയ്ക്ക് കടയുടെ ഉത്തരവാദിത്വം ഏൽക്കേണ്ടി വന്നു.
ഇടവകപ്പള്ളിയിലെ കൊയർ ടീമിലെ ഗായകരായിരുന്ന ജോസൂട്ടിയും ഭാര്യ സിസിലിയും, പ്രാരാബ്ധക്കാരായിരുന്നുവെങ്കിലും അവരുടെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. നഴ്സിംഗ് പഠനത്തിനിടയിൽ വീട്ടുകാർ കല്യാണം കഴിപ്പിച്ചത് കാരണം സിസിലിയ്ക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വലിയ മതിലുകൾ കെട്ടി, ഗേറ്റ് പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കി ഒരീച്ചപോലും അകത്ത് വരാതെ ആരുമായും ബന്ധമില്ലാതെ ജീവിയ്ക്കുന്നവരാണ് വക്കച്ചനും ഭാര്യ ആനിയമ്മയും.
ഈ അയൽക്കാരുടെ വീട്ടു വിശേഷങ്ങൾ "പാലാത്തനിമ" തെല്ലും ചോരാതെയാണ് പ്രേക്ഷകരെ രസിപ്പിയ്ക്കുന്ന രീതിയിൽ റെജിസ് ആൻ്റണി അവതരിപ്പിയ്ക്കുന്നത്.
പാലായുടെ ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കഥയിലെ, അയൽക്കാരെല്ലാം ഒത്ത് കൂടി കപ്പവാട്ടുന്നത് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. "കപ്പവാട്ട്" നാട്ടുമ്പുറത്തെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ, അയൽക്കാരുടെ ഒരു 'ചെറിയ വലിയ' ഉത്സവമാണ്. റെജിസ് ആൻ്റണി അത് മിഴിവോടെ അപ്പടി പകർത്തിയത് പ്രേക്ഷകരിൽ ഗൃഹാതുരത്വം ഉണർത്തും.
ഓർമ്മയിൽ തങ്ങിനിൽക്കുന്ന മൂന്ന് പാട്ടുകൾ സ്വർഗം സിനിമയിൽ ഒരുക്കിയിട്ടുണ്ട്. കപ്പവാട്ടുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും "കപ്പപ്പാട്ട്" എന്ന ഗാനത്തിൽ റെജിസ് ചിത്രീകരിച്ചത്, ഇപ്പോൾതന്നെ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. അതോടൊപ്പം തന്നെ 'കല്യാണ പാട്ടും കൊയർ സോങ്ങും' പ്രേക്ഷകരുടെ ചുണ്ടിൽ മൂളിപ്പാട്ടായിട്ടുണ്ട്.
ഈ ചിത്രം കാണാൻ കുടുംബസമേതം പ്രേക്ഷകർ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.
സ്വർഗം , 'Where the family nests ' എന്ന് ടാഗ് ലൈൻ തന്നെ സിനിമയുടെ സന്ദേശം വ്യക്തമാക്കുന്നു. സമൂഹത്തിന് നന്മയുടെ സന്ദേശം നൽകുന്ന നല്ല സിനിമകൾ നിർമ്മിയ്ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് നിർമ്മാതാക്കൾ പറയുന്നു.
സീ ന്യൂസ് എന്ന യു ട്യൂബ് ചാനലിന്റെ സിഇഒ, ഡോ.ലിസി കെ. ഫെർണാണ്ടസും ചാനലുമായി ബന്ധപ്പെട്ട പതിനഞ്ചോളം പേരുമാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഡോ. ലിസിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റെജിസ് ആന്റണിയും ഭാര്യ റോസ് റെജിസും ചേർന്നാണ്.
ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിംഗ് ഡോൺ മാക്സ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം റോസ് റെജിസ്, മേയ്ക്കപ്പ് പാണ്ഡ്യൻ, രചന ബി .കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, സംഗീതം ബിജി ബാൽ, ജിന്റോ ജോൺ, ഡോ.ലിസി കെ.ഫെർണാണ്ടസ്, ബിജിഎം (ആർആർ) ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ തോബ്യാസ് പി.കെ.
സിജോയ് വർഗ്ഗീസ്, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ,അഭിറാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയി, തുഷാര പിള്ള, കുടശനാട് കനകം, ഉണ്ണിരാജ, പുത്തില്ലം ഭാസി തുടങ്ങിയവർ സഹതാരങ്ങളായി എത്തുന്നു.
സൂര്യ, ശ്രീറാം, മഞ്ചാടി ജോബി, റിതിക റോസ് റെജിസ്, സുജേഷ് ഉണ്ണിത്താൻ, ദേവാഞ്ജന, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് തുടങ്ങിയ പുതുമുഖ താരങ്ങളും സ്വർഗം സിനിമയിൽ അഭിനയിക്കുന്നു.