മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയില്‍ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. നടിയുടെ കാര്‍ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും ആരോപണം ഉണ്ട്.
ഇന്നലെ അര്‍ധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം നടക്കുന്നത്. നടിയെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിസ്വി കോളേജിന് സമീപമുള്ള കാര്‍ട്ടര്‍ റോഡില്‍ നടിയുടെ കാര്‍ നടന്നു പോകുന്ന മൂന്ന് സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഒരു പ്രായമായസ്ത്രീയ്ക്കും മകള്‍ക്കും കൊച്ചുമകള്‍ക്കുമാണ് അപകടം ഉണ്ടായത്.
കാറില്‍ നിന്നിറങ്ങിയ ഡ്രൈവര്‍ ഇവരെ മര്‍ദിച്ചെന്നും പിന്നാലെ ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ കാറിനുള്ളില്‍ നിന്ന് നടി ഇറങ്ങി വന്ന് അപകടത്തില്‍ പെട്ടവരെ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടന്ന് നാട്ടുകാര്‍ ഇടപെടുകയും നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതുമായ വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ അപകടത്തില്‍ തനിക് യാതൊരു പങ്കും ഇല്ലെന്നും കാര്യങ്ങള്‍ അന്വേഷിക്കാന്‍ കാറില്‍ നിന്നിറങ്ങിയ തന്നെ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്.