കൊച്ചി: താല്‍ക്കാാലിക മറവിരോഗം വീണ്ടും പിടിപ്പെട്ടതിനാല്‍ പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി സച്ചിദാനന്ദന്‍.
''ഏഴ് വര്‍ഷം മുമ്പ് താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍, ഈ മാസം ആദ്യംമുതല്‍ പുതിയ രൂപത്തില്‍ അത് തിരികെയെത്തി.
കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മക്കുറവ് ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍ രോഗംമൂലം സംഭവിക്കുന്നു. അഞ്ചുദിവസമായി ആശുപത്രിയിലാണ്. രോഗം വീണ്ടും വരാന്‍ കാരണം സമ്മര്‍ദമാണ്. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളുമായിരുന്നു. അതുകൊണ്ട് തന്നെ പതിയെ പൊതുരംഗത്തു നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു.
യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രമെന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും.
പൊതുയോഗങ്ങളിലേക്ക് എന്നെ വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എന്നാല്‍, അത് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകും..'' - അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.