കൊച്ചി: നടന് നിവിന്‍ പോളിയെ കേസില്‍ നിന്ന് രക്ഷിച്ചത് പോലീസിന്റെ ഇടപെടലാണെന്ന് പരാതിക്കാരി.
''നിവിന്‍ പോളിയെ കേസില്‍ നിന്ന് രക്ഷിച്ചത് പോലീസിന്റെ ഇടപെടലാണ്. പോലീസുമായി നടന് അടുത്ത ബന്ധമുണ്ട്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റേത്.
സംഭവത്തെക്കുറിച്ച് കൃത്യമായ മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണ സംഘം നടത്തിയില്ല. നടനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. നിയമപരമായി തന്നെ മുന്നോട്ട് പോകും..'' -പരാതിക്കാരി പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ നടന് നിവിന്‍ പോളിയെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ പോളി വിദേശത്ത് പോയില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോതമംഗലം സ്വദേശിനിയാണ് നടന് അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.
2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു.