ഡല്‍ഹി: 2024 ലെ കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1.4 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യ പരിശീലനം നല്‍കിയിട്ടുണ്ട്. ഇത് യുവാക്കളുടെ കരിയര്‍ കൂടുതല്‍ മെച്ചപ്പെടുത്തും.
ഏഴ് പുതിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടികള്‍), 16 ഐഐഐടികള്‍ (ട്രിപ്പിള്‍ ഐടി), 390 സര്‍വകലാശാലകള്‍ എന്നിവ രാജ്യത്തുടനീളം സൃഷ്ടിക്കപ്പെട്ടു. ഇതുകൂടാതെ 15 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) തുറന്നു.
രാജ്യത്ത് നിരവധി പേര്‍ ഡോക്ടര്‍മാരാകാനും രാജ്യത്തിന് ആരോഗ്യ സേവനം നല്‍കാനും ആഗ്രഹിക്കുന്നു. ഇതിനായി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കും. ആദ്യം ഇത് തീരുമാനിക്കുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മോദി 'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധന്‍' എന്ന മുദ്രാവാക്യം നല്‍കിയത്. ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തിയായിരുന്നു തന്റെ ആദ്യ ഇടക്കാല ബജറ്റ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. സമ്പദ് വ്യവസ്ഥയില്‍ വലിയ പോസിറ്റീവ് മാറ്റം കണ്ടു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മന്ത്രവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി.
അതിന്റെ സ്വാധീനം എല്ലാ മേഖലയിലും ദൃശ്യമായിരുന്നു. പുതിയ പദ്ധതികള്‍ ആരംഭിച്ചു, തൊഴില്‍ മേഖലകളില്‍ വലിയ നടപടികള്‍ സ്വീകരിച്ചു. വീട്, വെള്ളം, പാചക വാതകം തുടങ്ങി എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് വരെ ഗ്രാമവികസനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.
80 കോടി ജനങ്ങള്‍ക്ക് ഞങ്ങള്‍ സൗജന്യ ഭക്ഷണം നല്‍കി. കഴിഞ്ഞ ദശകത്തില്‍ ഗ്രാമീണ തലത്തില്‍ വരുമാനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.