തുടർച്ചയായ ആറാം വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ജനപ്രിയ പ്രഖ്യാപനങ്ങളുടെ നീണ്ട നിര തന്നെയാണ് രാജ്യത്തെ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. എന്ന് മാത്രമല്ല കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ആളുകൾ സ്വപ്‌നം കാണുന്നുണ്ട്.
അഞ്ച് സുപ്രധാന വിഭാഗങ്ങളെ പരിഗണിച്ചു കൊണ്ടായിരിക്കും ബജറ്റ് ഒരുങ്ങുക എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതിൽ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള നടപടികൾ ഉൾപ്പെടുമെന്ന് ഉറപ്പാണ്. വനിതകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ, ആദിവാസി വിഭാഗങ്ങൾ എന്നിങ്ങനെ വോട്ടായി മാറാൻ കെൽപുള്ള പ്രബല വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബജറ്റ് ഒരുക്കാനായിരിക്കും ശ്രമം.
ഇത്തവണത്തെ ബജറ്റിനെ കുറിച്ച് എന്തായാലും നമ്മൾ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. നേരത്തെ സൂചിപ്പിച്ചത് പോലെ, ഇതൊരു ഇടക്കാല ബജറ്റാണ്. 2024 ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ഈ ബജറ്റിലെ വ്യവസ്ഥകൾക്ക്, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മാത്രമേ സാധുതയുള്ളൂ. ജൂലൈ മാസത്തോടെ അടുത്ത പൂർണ ബജറ്റ് പുതിയ സർക്കാർ അവതരിപ്പിക്കും.
2. 2024 ഏപ്രിൽ 1ന് ആരംഭിച്ച് 2025 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റാണ് പ്രഖ്യാപിക്കുക.
3. ഇതൊരു ഇടക്കാല ബജറ്റ് ആയതിനാലും, വൈകാതെ പുതിയ സർക്കാർ ഭരണത്തിലേറി അവരുടെ സാമ്പത്തിക നയങ്ങൾക്ക് അനുസരിച്ച് പൂർണ ബജറ്റ് പ്രഖ്യാപിക്കും എന്നതിനാലും, ഇതിൽ വമ്പൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.
4. ഇടക്കാല ബജറ്റിൽ റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുത്തും- 2017 മുതലുള്ള യൂണിയൻ ബജറ്റുകളുടെ സവിശേഷതയാണ് ഇത്. ഇക്കുറിയും അതിൽ മാറ്റമുണ്ടാവില്ല.
5. ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിച്ച ശേഷം, അവതരണവും പ്രസക്തമായ എല്ലാ രേഖകളും പൊതുജനങ്ങൾക്കായി http://www.indiabudget.gov.in/ എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
6. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ്, ഗ്രാമീണ, നഗര വ്യവസായം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക പദ്ധതികൾ ബജറ്റിന്റെ ഭാഗം എയിൽ ഉൾപ്പെടുത്തും.
7. പ്രത്യക്ഷവും പരോക്ഷവുമായ നികുതികളെ കുറിച്ചുള്ള വിവരങ്ങളും ആദായനികുതി സ്ലാബുകൾ, കസ്‌റ്റംസ്, എക്സൈസ് ഡ്യൂട്ടി എന്നിവയും അതിലേറെയും സംബന്ധിച്ച വിവരങ്ങളും ബജറ്റിന്റെ ബി ഭാഗത്തിൽ ഉൾപ്പെടുത്തും.
8. നികുതി-നികുതി ഇതര വരുമാനത്തിൽ ഉൾപ്പെടാത്ത ബജറ്റിന് പുറത്തുള്ള ഉറവിടങ്ങളിൽ നിന്നുള്ള ഫണ്ടുകളുടെ ഉറവിടങ്ങൾ കൂടി ഇതിൽ വെളിപ്പെടുത്തും.
9. ആദായനികുതി, കോർപ്പറേറ്റ് നികുതി, എസ്‌ടി, എക്സൈസ് തീരുവ, കസ്‌റ്റം ഡ്യൂട്ടി, മറ്റ് വരുമാന തലങ്ങൾ എന്നിവയിലൂടെ എത്ര വരുമാനം പ്രതീക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ബജറ്റിന്റെ വരവ് ചെലവ് രേഖ നൽകും. പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് മേഖലകളിലെ ചെലവുകളുടെ മന്ത്രാലയങ്ങൾ തിരിച്ചുള്ള കണക്കുകളും ചെലവിൽ ഉൾപ്പെടും.
10. നികുതി ചുമത്തൽ, നിർത്തലാക്കൽ, ഇളവ്, മാറ്റം അല്ലെങ്കിൽ നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ധനകാര്യ ബിൽ എല്ലാ വർഷവും ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കാറുണ്ട്. ബജറ്റ് ആദ്യം ലോക്‌സഭ പാസാക്കും, തുടർന്ന് വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഇത് രാജ്യസഭയിലേക്ക് പോകും. ഇവിടെ നിന്ന് ഈ ബില്ല് പാസായാൽ നിയമപരമായ പിന്തുണ ലഭിക്കും.