ഇംഗ്ലീഷ് ബാറ്റ്സ്മാനും മുൻ സെലക്ടറുമായിരുന്ന ബ്രയാൻ ബോളസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കളിച്ച എല്ലാ ടെസ്റ്റിലും രണ്ടക്കം കടന്ന ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. ഇന്നും അതൊരു ലോക റെക്കോർഡാണ്. 1963- 64 കാലത്തായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളിൽ കളിച്ചു. പിന്നീട് വിരമിച്ചതിനു ശേഷം റേ ഇല്ലിങ്വർത് നയിച്ച സെലക്ഷൻ പാനലിൽ അംഗമായിരുന്നു.
വെറും 8 മാസം മാത്രമേ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിൻഡീസിന്റെ ഇതിഹാസ തുല്യനായ ഫാസ്റ്റ് ബോളർ വെസ് ഹാളിനെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടിയാണ് അദ്ദേഹം അന്താരാഷ്ട്ര മത്സരം തുടങ്ങിയത്. എല്ലാ ടെസ്റ്റിലും രണ്ടക്കം കടന്ന അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 88 ആണ്. അതും ഇന്ത്യയ്ക്കെതിരെ മദ്രാസിൽ.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം നോട്ടിംങാപ്ഷെയർ കൗണ്ടിയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യോർക് ഷെയർ, ഡെർബിഷെയർ എന്നിങ്ങനെയുള്ള കൗണ്ടി ടീമുകൾക്കായി പാഡണിഞ്ഞ അദ്ദേഹം ഇംഗ്ലീഷ് ആഭ്യന്തരക്രിക്കറ്റിലെ അതികായനായാണ് അറിയപ്പെടുന്നത്. 25000ത്തിലധികം ഫസ്റ്റ് ക്ലാസ് റൺസുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.