ചെന്നൈ: പത്ത് രൂപയ്ക്ക് ബിരിയാണി നല്‍കുമെന്ന് പരസ്യം നല്‍കിയ കട ഉടമ ഒടുവില്‍ കുരുക്കിലായി. പുതിയതായി തുടങ്ങിയ കട ഉത്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് 10 രൂപ നിരക്കില്‍ ബിരിയാണി വില്‍ക്കാന്‍ തീരുമാനിച്ചത്. പരസ്യം കണ്ട് കടയുടെ മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. 29കാരനായ സഹീര്‍ ഹുസൈന്‍ എന്നയാളാണ് അറസ്റ്റിലായത്.
ഞായറാഴ്ച തന്റെ കടയില്‍ നിന്ന് ബിരിയാണി വാങ്ങുന്നവര്‍ക്കാണ് സഹീര്‍ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നത്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓഫറിന് സമയം അനുവദിച്ചിരുന്നത്. രണ്ട് മണിക്കൂറിനിടയില്‍ ബിരിയാണി വാങ്ങാന്‍ എത്തിയാല്‍ ഒരു പ്ലേറ്റിന് പത്ത് രൂപ നല്‍കിയാല്‍ മതിയെന്നായിരുന്നു ഇയാള്‍ നല്‍കിയ പരസ്യം.
പരസ്യം കണ്ട് ആളുകള്‍ രാവിലെ 11 മണി മുതല്‍ കടയ്ക്ക് മുന്നില്‍ സ്ഥാനം പിടിച്ചു. കുറച്ച് സമയത്തിനുള്ളില്‍ കടയ്ക്ക് മുന്നില്‍ വലിയ ആള്‍ക്കൂട്ടം നിറയുകയായിരുന്നു. സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കും കൂട്ടിയ ആളുകള്‍ വഴിയില്‍ വലിയ ട്രാഫിക് ബ്ലോക്കും സൃഷ്ടിച്ചു.
2500 ബിരിയാണി പാക്കറ്റുകളാണ് വില്‍പനയ്ക്കായി ഒരുക്കിയിരുന്നത്. ഇതില്‍ പകുതിയോളം വിറ്റതിന് പിന്നാലെയാണ് കോവിഡ് നിയമങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് കടയിലെത്തിയത്.
കൂടുതല്‍ ആളുകള്‍ കടയിലേക്കെത്തുന്നത് തടയാന്‍ പൊലീസും നിലയുറപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് കടയുടമയെ അറസ്റ്റ് ചെയ്തത്.